തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ പി ജി വിദ്യാര്‍ത്ഥിനി ഡോ. ഷഹ്നയുടെ ആത്മഹത്യയെ തുടര്‍ന്ന് അറസ്റ്റിലായ പ്രതിശ്രുത വരന് ഡോ.റുവൈസിന്റെ ജാമ്യാപേക്ഷ തളളി. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തളളിയത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ് റുവൈസ്.
റുവൈസിനെതിരെയുളള കുറ്റങ്ങള്‍ ഗൗരവതരമാണെന്നും സെഷന്‍സ് കോടതിയാണു വിചാരണ നടത്തേണ്ടതെന്നും കോടതി നിരീക്ഷിച്ചു. പ്രാഥമിക ഘട്ടത്തിലാണ് അന്വേഷണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് റുവൈസിന്റെ കസ്റ്റഡി തേടുന്നതിനാലും ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
14 ദിവസത്തേക്കാണ് റുവൈസിനെ റിമാന്‍ഡ് ചെയ്തിട്ടുളളത്. 150 പവന് സ്വര്‍ണവും ബിഎംഡബ്ല്യു കാറും വസ്തുവും പണവും ഷഹ്നയുമായി പ്രണയത്തിലായിരുന്ന റുവൈസിന്റെ കുടുംബം ആവശ്യപ്പെട്ടെന്നാണ് വിവരം. എന്നാല്‍ ഇത്രയും നല്‍കാനാകില്ലെന്നും അന്‍പതു ലക്ഷം രൂപയും അന്‍പത് പവന് സ്വര്‍ണവും കാറും നല്‍കാമെന്ന് ഷഹ്നയുടെ കുടുംബം അറിയിച്ചു.
റുവൈസിന്റെ വീട്ടുകാര്‍ വഴങ്ങാതിരുന്നതിന് പുറമെ കുടുംബത്തിന്റെ തീരുമാനത്തെ എതിര്‍ക്കാന്‍ സാധിക്കില്ലെന്ന് റുവൈസ് വ്യക്തമാക്കിയതോടെ ഹഷ്ന ജീവനൊടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: