മംഗളൂരു: കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ ബജ്റംഗ്ദള്‍ പ്രവര്ത്തകന് മുസ്ലീം യുവതിയെ വിവാഹം ചെയ്തു.
ദക്ഷിണ കന്നഡയിലെ സൂറത്ത്കല്‍ പട്ടണത്തില്‍ നിന്നുള്ള ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ”ആയിഷ അക്ഷതയായി” എന്ന കുറിപ്പോടെ സാമൂഹ്യ മാധ്യമങ്ങളില്‍ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചു. പരമ്പരാഗത ഹൈന്ദവ വിവാഹവേഷത്തിലുളള ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.
സാമുദായിക സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ഈ വിവാഹം കൂടുതല്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ പ്രശാന്ത് ഭണ്ഡാരിയാണ് മുസ്ലീം പെണ്‍കുട്ടിയായ ആയിഷയെ വിവാഹം കഴിച്ചത്. ഒരേ പ്രദേശത്ത് താമസിക്കുന്ന ഇരുവരും കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു.
നവംബര്‍ 30 ന്, മകളെ വിവാഹം കഴിക്കാന്‍ ആയിഷയുടെ അമ്മയോട് പ്രശാന്ത് അനുവാദം തേടിയിരുന്നു. വീട്ടുകാരുമായി ആലോചിച്ച ശേഷം തീരുമാനിക്കാമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ആയിഷയുടെ വീട്ടുകാര്‍ അന്ന് തന്നെ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രശാന്ത് ഭണ്ഡാരിയെയും ആയിഷയെയും കാണാതായി. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇരുവരും വിവാഹിതരായെന്ന വാര്‍ത്ത പുറത്തുവന്നത്.
ലൗജിഹാദ് വിഷയം ഉന്നയിച്ച് ബജ്റംഗ്ദള്‍ നടത്തിയ പരിപാടികളുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നയാളാണ് പ്രശാന്ത് ഭണ്ഡാരി. അതേസമയം വിവാഹ വേഷത്തില്‍ നില്ക്കുന്ന ദമ്പതികളുടെ ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: