തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് നിയന്ത്രണം പാളിയതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തീര്‍ഥാടകരോട് സര്‍ക്കാര്‍ ചെയ്തത് പരമദ്രോഹമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നരകയാതനയാണ് ഭക്തർ അനുഭവിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
വെർച്ച്വൽ ക്യൂവിന്റെ പേരിൽ ദേവസ്വം ബോർഡും പോലീസും തമ്മിൽ പോരടിക്കുകയാണ്. മണിക്കൂറുകളോളം ഭക്തർ ക്യൂ നിൽക്കുന്നു. നടപന്തലിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം ക്യൂ ഉണ്ടാക്കുമെന്ന് പറഞ്ഞത് എവിടെയെന്നും സുരേന്ദ്രൻ ചോദിച്ചു. ശബരിമലയിൽ പോലീസ് സംവിധാനം പൂർണമായും പരാജയപ്പെട്ടിരിക്കുന്നു. ദേവസ്വം ബോർഡ് കൈമലർത്തുന്നു.
ഭക്തർക്ക് നേരത്തെ സൗജന്യമായി കുടിവെള്ളവും ഭക്ഷണവും നൽകിയിരുന്നു. ഹോട്ടൽ ലോബിക്ക് വേണ്ടി സർക്കാർ അവരെയൊക്കെ ഒഴിപ്പിച്ചു. ഇതൊന്നും നവകേരളാ സദസിൽ ചർച്ചയാകുന്നില്ല. ഒരു മന്ത്രിയെയോ ഉന്നത ഉദ്യോഗസ്ഥനെയോ ശബരിമലയിലേക്ക് അയച്ച് വിവരങ്ങൾ അന്വേഷിക്കാൻ പിണറായി വിജയൻ തയ്യാറാകുന്നില്ല. കുടിവെള്ളം കിട്ടാതെയാണ് പെൺകുട്ടി കുഴഞ്ഞുവീണ് മരിച്ചത്. അടുത്തകാലത്ത് ഇതാദ്യമായുള്ള സംഭവമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: