വലിയതുറ(തിരുവനന്തപുരം) : രാജ്യത്തെ ഓരോ പൗരന്റേയും ആരോഗ്യം ജന്മാവകാശമാണ്. അതിന് കുറവ് സംഭവിച്ചാല്‍ നേടിയെടുക്കണമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ബാബു മാത്യു പി ജോസെഫ്. തീരദേശ വാസികളുടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് ചെറിയതുറയില്‍ സി.ജി ത്രി സംഘടനയുടെ നേതൃത്വത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
പൊതുജനങ്ങള്‍ക്ക് ആരോഗ്യം ഉറപ്പാക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇന്ന് ജനങ്ങള്‍ക്ക് മുന്നില്‍ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. അത് ശരിയായ വിധത്തില്‍ നേടിയെടുക്കേണ്ടത് ഓരോ പൗരന്റേയും അവകാശമാണ്.ഭരണ സംവിധാനങ്ങള്‍ പലതും ജനങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഇനി മുതല്‍ ആരോഗ്യം ഉറപ്പാക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളെ മാത്രമേ അംഗീകരിക്കാനും അവര്‍ക്ക് പൗരാവകാശം നല്കി ഭരണസിരാ കേന്ദ്രങ്ങളിലെത്തിക്കാനും പാടുള്ളൂവെന്ന് ബാബു മാത്യു പറഞ്ഞു.
ഭരണഘടനയെ സംബന്ധിച്ച് കൊട്ടിഘോഷിക്കുന്നവര്‍ പോലും ഏറ്റവും പ്രാധാനപ്പെട്ട ആര്‍ട്ടിക്കിളായ 21 നെ പ്രാധാന്യം നല്‍കുന്നില്ല. ഓരോ പൗരനും ജീവിക്കാനുള്ള അവകാശമാണ് ആര്‍ട്ടിക്കിള്‍ 21 പ്രതിനിധാനം ചെയ്യുന്നത്. ജീവശവമായി ജീവിക്കുകയെന്നതല്ല. പകരം സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും തുല്യത ഉറപ്പാക്കുന്ന ജീവിത സാഹചര്യങ്ങളാണ് വേണ്ടത്. ഓരോ പൗരനും അത് ഉറപ്പാക്കുന്ന ഭരണനേതൃത്വമാണ് വേണ്ടത്. അതിന് വേണ്ടി പ്രയത്നിക്കണമെന്ന് ബാബു മാത്യു പി ജോസഫ് പറഞ്ഞു.
ചെറിയതുറ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന് കെ പി കൈലാസനാഥപിള്ള,മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ പി.സഹദേവന്, വികാരി ജനറല്‍ റവ.മോണ്‍ യൂജിന്‍ എച്ച് പെരേര, അഡ്വക്കേറ്റ് പാര്‍വ്വതി വി നായര്‍, ബ്രദര്‍ ഡോ.ഫ്രാന്‍സിസ് ആല്‍ബര്‍ട്ട്, അദാനി ഫൗണ്ടേഷന് പ്രതിനിധി ഡോ.അനില്‍ ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
രാജേഷ് പേട്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: