തൃശൂര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനുള്ള ഇടത് സര്‍ക്കാരിന്റെ ശ്രമം അനുവദിക്കില്ലെന്ന് ബിഎംഎസ് അഖിലേന്ത്യ സെക്രട്ടറി വി. രാധാകൃഷ്ണന് പറഞ്ഞു. കേരള എന്‍ജിഒ സംഘ് സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മൂന്നു വര്‍ഷമായി ജീവനക്കാര്‍ക്ക് ലഭിക്കേണ്ട 18% (6 ഗഡു) ക്ഷാമബത്ത കുടിശ്ശികയാണ്, കഴിഞ്ഞ മൂന്നുവര്‍ഷമായി ലീവ് സറണ്ടര്‍ തടഞ്ഞിരിക്കുന്നു. പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാര്‍ ഏഴര വര്‍ഷം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ പറഞ്ഞ വാക്ക് പാലിക്കാതെ ജീവനക്കാരെ വഞ്ചിക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ ഒരു രൂപ പോലും വിഹിതം നല്‍കാതെ പൂര്‍ണമായും ജീവനക്കാരില്‍ നിന്ന് പണം പിരിച്ച് തികച്ചും വികലമായി നടപ്പിലാക്കിയ മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പൂര്‍ണമായും പരാജയപ്പെട്ടു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഫെറ്റോയുടെ നേതൃത്വത്തില്‍ ജനുവരി 24 ന് സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തുന്ന സൂചനാ പണിമുടക്ക് വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് ടി.എന്‍. രമേശ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ രാജ്യ കര്‍മ്മചാരി മഹാസംഘ് ദേശീയ വൈസ് പ്രസിഡന്റ് പി. സുനില്‍കുമാര്‍, ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍, എന്‍ജിഒ സംഘ് ജനറല്‍ സെക്രട്ടറി എ. പ്രകാശ്, ഡെ. ജനറല്‍ സെക്രട്ടറി എസ്. രാജേഷ്, ട്രഷറര്‍ ടി. ദേവാനന്ദന് എന്നിവര്‍ സംസാരിച്ചു.
ബിഎംഎസ് ദക്ഷിണ ക്ഷേത്ര സഹ സംഘടനാ സെക്രട്ടറി എം.പി. രാജീവന് സമാപന പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: