കൊച്ചി: ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെയും പോലീസിന്റെയും അനാസ്ഥയും കഴിവുകേടും കൊണ്ട് ഭക്തജനങ്ങള്‍ മണിക്കൂറുകള്‍ നീളുന്ന നരകയാതനയില്‍ നട്ടംതിരിയുന്നതായി ശബരിമല കര്‍മസമിതി. തിക്കിലും തിരക്കിലും പെട്ട് ഭക്ഷണമോ ദാഹജലമോ ലഭിക്കാതെ ക്ഷീണിതരായി ഭക്തജനങ്ങള്‍ കുഴഞ്ഞ് വീഴുന്നത് നിത്യസംഭവമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം മണിക്കൂറുകളോളം ക്യു നിന്ന ഒരു പിഞ്ചു ബാലിക ദര്‍ശന സൗഭാഗ്യം ലഭിക്കാതെ മരണമടഞ്ഞത് ആരെയും വേദനിപ്പിക്കുന്നതാണ്.
ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കുന്നതിലെ വീഴ്ചയ്ക്ക് പ്രധാന കാരണം പോലീസും ദേവസ്വം ബോര്‍ഡും തമ്മില്‍ നടക്കുന്ന ശീതസമരമാണ്. പതിനെട്ടാം പടിയില്‍ മിനിറ്റിന് 80 പേരെ കടത്തിവിടാമെന്നിരിക്കെ ഇപ്പോള്‍ 60 പേരെ മാത്രമാണ് കടത്തിവിടുന്നത്. ഇതുമൂലം പതിനെട്ടാംപടിക്കു താഴെ അതിഭീകരമായ തിക്കും തിരക്കുമാണ്. സന്നിധാനത്ത് ഒരുക്കുന്ന വിഐപി ദര്‍ശനവും കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കുന്നുണ്ട്.
ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന സംഖ്യയിലും വര്‍ധിച്ച തോതില്‍ ഭക്തജനങ്ങള്‍ എത്തിയിരുന്ന സമയത്തുപോലും ഇതുപോലെ ഒരവസ്ഥ ശബരിമലയില്‍ മുന്‍പ് ഉണ്ടായിട്ടില്ല. നാട് ചുറ്റുന്ന മന്ത്രിസഭയും ഭക്തന്റെ പോക്കറ്റില്‍ കണ്ണുംനട്ടിരിക്കുന്ന ദേവസ്വം ബോര്‍ഡും നിഷ്ക്രിയമായ പോലീസും ഇതൊന്നും ശ്രദ്ധിക്കുന്നതുമില്ല. ദുരിതമനുഭവിക്കുന്ന കോടാനുകോടി വരുന്ന ഭക്തജനങ്ങള്‍ സംഘടിച്ച് ശക്തമായ പ്രക്ഷോഭത്തിലൂടെ അധികാരികളെ ഉണര്‍ത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ട സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.
2018 ല്‍ യുവതീ പ്രവേശന വിഷയത്തില്‍ ശബരിമലയുടെ വിശ്വാസ സംരക്ഷണത്തിനായി രൂപം കൊണ്ട പോലെ ഒരു ഭക്തജനകൂട്ടായ്മ വീണ്ടും രൂപീകൃതമാകേണ്ടത് അനിവാര്യമായിരിക്കുന്നു. ഹൈന്ദവ വിശാസികളോടുള്ള നിരുത്തരവാദപരവും ശത്രുതാപരവുമായ നടപടികള്‍ അവസാനിപ്പിച്ച് ശബരിമലയില്‍ സുഗമവും സുരക്ഷിതവുമായ ദര്‍ശനത്തിന് സൗകര്യം ഒരുക്കാന്‍ കേരള സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തയ്യാറാകുന്നില്ലെങ്കില്‍ 2018-ലേത് പോലെ അതിശക്തമായ പ്രക്ഷോഭത്തിലൂടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ ഹൈന്ദവ വിശ്വാസികള്‍ നിര്‍ബന്ധിതരാകുമെന്ന് ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്ജെആര്‍ കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: