തിരുവനന്തപുരം/വെഞ്ഞാറമൂട്: സമൂഹത്തില്‍ ഉന്നത നിലയില്‍ ജീവിച്ചു കുറ്റം ചെയ്യുന്ന കുറ്റവാളികളെ സംരക്ഷിക്കുന്ന നയമാണ് പോലിസ് സ്വീകരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. രാഷ്ട്രീയ, സാമ്പത്തിക ബാഹ്യസ്വാധീനത്തിന് വഴങ്ങുന്നവരായി ഇവിടത്തെ പോലീസ് മാറിയെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്ത ഡോ. ഷഹനയുടെ വീട് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തില്‍ ഗൗരവമുള്ള അന്വേഷണം നടക്കണം. പോലീസ് ബാഹ്യസമ്മര്ദങ്ങള്ക്ക് വഴങ്ങുന്നുണ്ടോ എന്ന് പരിശോധിക്കണം. ആത്മഹത്യാക്കുറിപ്പിലെ കാര്യങ്ങള്‍ പോലീസ് ആദ്യം മറച്ചുവച്ചത് സംശയാസ്പദമാണ്. സ്ത്രീധന പീഡനം തടയാന്‍ നിലവിലുള്ള നിയമങ്ങള്‍ അപര്യാപതമാണെങ്കില് അത് ചര്‍ച്ച ചെയ്യണം. ‘കൂടിയ സ്ത്രീധനം, കുറഞ്ഞ സ്ത്രീധനം’ എന്നൊന്നില്ല. ഒരുതരത്തിലുള്ള സ്ത്രീധനവും ആരും ചോദിക്കാനും കൊടുക്കാനും പാടില്ല എന്നതാണ് ചട്ടം. ഇത്തരം സമീപനം സ്വീകരിക്കുന്നവരെ പൊതുസമൂഹം ഒറ്റപ്പെടുത്തണമെന്നും മുരളീധരന് പറഞ്ഞു. ഷഹനയുടെ അമ്മ ജമീലയെ ആശ്വസിപ്പിച്ചു. കുറ്റവാളിക്ക് കടുത്തശിക്ഷ ഉറപ്പാക്കാനുള്ള എല്ലാ സഹായവും വാഗ്ദാനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: