സ്ത്രീയുടെ നിലപാടുകളും ചലനങ്ങളും താല്‍പ്പര്യങ്ങളും സമൂഹത്തില്‍ എക്കാലവും ചര്‍ച്ചാവിഷയമാണ്. സ്ത്രീയുടെ പ്രശ്നങ്ങളെക്കുറിച്ചും പ്രശ്നപരിഹാരങ്ങളെക്കുറിച്ചും ഉറക്കെ ചിന്തിക്കുമ്പോള്‍ ആത്യന്തികമായി അത് സ്ത്രീയില്‍ ജനിപ്പിക്കുന്നത് സുരക്ഷിതത്വബോധമോ അതോ ഭീതി വര്‍ദ്ധനവോ? സുഖലോലുപതയും സ്വാര്‍ത്ഥതയും കേവല ശരീരബോധവും ഉണ്ടെന്നു കരുതുമ്പോള്‍ തന്നെ ശിശുപീഡനങ്ങളും ലൈംഗികാതിക്രമങ്ങളും ക്രമാതീതമായി വര്‍ധിക്കുന്നു എന്നത് വസ്തുതയാണ്. മദ്യവും ലഹരിയും സൈബര്‍ ലോകവും കാലത്തിന്റെ കാവ്യനീതിയോ, അതോ സംസ്കാര തകര്‍ച്ചയുടെ പ്രതിഫലനമോ? പടുകുഴികളില്‍ ചെന്നുവീഴുന്നത് ഏറെയും ഹൈന്ദവ ജനതയാണെന്നിരിക്കെ, കേവലം പ്രതികരണം പ്രയോജനപ്രദമാകുമോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. മാറേണ്ടത് മനോഭാവം തന്നെയാണെന്നിരിക്കെ, വ്യക്തിത്വത്തെ സ്വാധീനിക്കത്തക്ക പരിശീലനക്കളരികള്‍ യുവതയിലെത്തിക്കണം. സ്ത്രീപ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ സ്ത്രീയുടെയും പുരുഷന്റെയും മനസ്സിലും കാഴ്ചപ്പാടിലും മാറ്റം സംഭവിച്ചേ മതിയാകൂ. അതായിരിക്കണം പ്രവര്‍ത്തനങ്ങളുടെ ഗതി. അതതുകാലത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഭാരതത്തില്‍ എന്നും സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ ഉണ്ടായിരുന്നു; സ്ത്രീകളിലും പുരുഷന്മാരിലും. സമൂഹത്തിലെ തിന്മയ്ക്കെതിരെ പ്രവര്‍ത്തിച്ച വനിതാ വ്യക്തിത്വങ്ങള്‍ ഓരോകാലത്തും ഉണ്ടായിട്ടുണ്ട്. സമൂഹത്തിന്റെ ശാന്തിയും സമാധാനവും നിലനിര്‍ത്തുന്നതില്‍ ഈ സ്ത്രീകളുടെ പ്രവര്‍ത്തനം പുതുതലമുറ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്.
രാഷ്ട്രീയ സ്വയംസേവക സംഘം 1925 ല്‍ ആരംഭിച്ചതു മുതല്‍ അതിന്റെ പ്രവര്‍ത്തനത്തിലും കാഴ്ചപ്പാടിലും ആകൃഷ്ടരായി അതിലേക്ക് എത്തിച്ചേര്ന്നവര് ഒട്ടനവധിയാണ്. പുരുഷ കേന്ദ്രീകൃത സംഘടന എന്ന ചിന്ത അന്യരിലുണര്ത്തുമെങ്കിലും, സ്ത്രീയെ അമ്മയായിക്കണ്ട്, മാതൃത്വത്തിന്റെ ശക്തിയെ സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി തിരിച്ചുവിടാനാണ് എന്നും സംഘം പരിശ്രമിച്ചിട്ടുള്ളത്. പരിവാര്‍ പ്രസ്ഥാനങ്ങളിലെ സ്ത്രീവ്യക്തിത്വങ്ങളും സേവികാസമിതിയും എന്തിനേറെ, ഇപ്പോള്‍ ജാഗരന്‍ ശ്രേണിയില്‍ നേരിട്ട് നല്കി കൊണ്ടിരിക്കുന്ന സംഘചുമതലകളും രാഷ്ട്ര വികസനത്തിന് സ്ത്രീകളുടെ ഭാഗഭാഗിത്വം ആവശ്യമാണ് എന്ന സംഘത്തിന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്നു.
മുഖ്യധാരയില്‍ ഏറെ സ്ത്രീകള്‍ ഇല്ലാതിരുന്ന കാലത്തുപോലും സംഘപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വ്യത്യസ്ത മേഖലകളില്‍ സാമൂഹിക അസമത്വത്തിനും അനീതിക്കുമെതിരെ പ്രവര്‍ത്തിച്ച സ്ത്രീകള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. ടി.പി. വിനോദിനിയമ്മ, ദേവകിയമ്മ, യശോദാമാധവന്, ഡോ. വിമല, രാധാ ബാലകൃഷ്ണന്, ഡോ. റെയ്ച്ചല്‍ മത്തായി, അഹല്യാശങ്കര്‍ തുടങ്ങിയവര്‍ വിവിധക്ഷേത്ര സംഘടനകളുമായി ബന്ധപ്പെട്ട് സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിച്ച വനിതകളാണ്. ഇന്ന് രാജ്യത്തുടനീളം മാതൃശക്തി സംഗമങ്ങള്‍ നടക്കുമ്പോള്‍ മുന്‍പേ നടന്നവര്‍, വഴികാട്ടിത്തന്നവര് സ്മൃതിപഥങ്ങളില്‍ കൂടെയുണ്ടാകണം. കാരണം ഭാരതീയ സ്ത്രീത്വത്തെക്കുറിച്ച് മനസ്സിലാക്കി അന്നത്തെ സ്ത്രീ സമൂഹം നേരിട്ടിരുന്ന അസ്വാരസ്യങ്ങള്‍ അടുത്തറിയുകയും രാഷ്ട്രപുരോഗതിയിലെ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് ബോധവതികളുമായവരാണവര്.
ടി.പി. വിനോദിനിയമ്മ
വാക്കുകള്‍കൊണ്ടും പ്രവര്‍ത്തനങ്ങള്‍കൊണ്ടും ഒരുപോലെ ശ്രദ്ധേയയായ വ്യക്തിത്വമാണ് വിനോദിനിയമ്മയുടേത്. കോലിയത്ത് കരുണാകരന് നായര്‍ തന്റെ പത്നിയായ വിനോദിനിയമ്മയെ പുന്നയൂര്‍ക്കുളത്തെ സംഘടനാപ്രവര്‍ത്തനങ്ങളിലേക്ക് കൈപിടിച്ചിറക്കുകയായിരുന്നു. സ്ത്രീകളുടെയും പുരുഷന്മാരുടെയും വികസനമുണ്ടായാലേ സമൂഹത്തിന് സമഗ്രമായ വികാസമുണ്ടാവൂ. ഇതു മനസ്സിലാക്കി, സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ സ്വന്തം ഭാര്യക്ക് പ്രചോദനം നല്കിയ കരുണാകരമേനോന്‍ നമുക്ക് മാതൃകയാണ്. പുന്നയൂര്‍ക്കുളത്തെ സംഘ-ജനസംഘ വളര്‍ച്ചക്ക് കൃത്യമായ അടിത്തറ നല്കാന് വിനോദിനിയമ്മയുടെ ദീര്‍ഘവീക്ഷണം കാരണമായിരുന്നു. പിന്നീട് അവിടം ബിജെപിയുടെ ശക്തമായ പ്രദേശമായി നിലനില്ക്കുകയും ചെയ്തു.
അടിയന്തരാവസ്ഥയുടെ കാലത്ത് സമരമുഖത്തെ മുന്‍നിര സാന്നിധ്യമായിരുന്നു വിനോദിനിയമ്മ. അതുകൊണ്ടുതന്നെ ആ അമ്മയ്ക്ക് 30 ദിവസം ആലുവയില്‍ ജയില്‍വാസം അനുഷ്ഠിക്കേണ്ടതായും വന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം സംഘനിരോധനം പിന്‍വലിക്കപ്പെടുകയും, ജനസംഘം പിന്നീട് ജനതാ പാര്‍ട്ടിയായി മാറുകയും ചെയ്തു. അപ്പോള്‍ വിനോദിനിയമ്മ പാര്‍ട്ടിയുടെ സംസ്ഥാന സമിതി അംഗമായിമാറി. ഭാസ്കര്‍ റാവുജിയുടെ നിര്‍ദ്ദേശപ്രകാരം സംഘപ്രവര്ത്തനങ്ങളിലെ സ്ത്രീ സാന്നിധ്യം ശക്തമാക്കുന്നതിനായി കേരളത്തില്‍ രാഷ്ട്രസേവികാസമിതി പടുത്തുയര്‍ത്തുന്നതില്‍ പ്രധാനിയായി അവര്‍ മാറി. സ്ത്രീത്വത്തിനെതിരെയുള്ള നീക്കങ്ങള്‍ എവിടെയുണ്ടെങ്കിലും അവിടെയെല്ലാം എത്തിച്ചേരാനും പ്രതികരിക്കാനും വിനോദിനിയമ്മ ശ്രമിക്കുമായിരുന്നു.
നിലക്കല്‍ പ്രക്ഷോഭം മൂര്ധന്യാവസ്ഥയിലിരിക്കെ, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ ഒരു സംഘം വനിതകള്‍ ഗുരുവായൂരമ്പലത്തില്‍ തടയുകയുണ്ടായി. ഡോ. വിമല, ശ്രീമതി രാധ ബാലകൃഷ്ണന് എന്നിവരുള്‍പ്പെടുന്ന സ്ത്രീ മുന്നേറ്റത്തിന് നേതൃത്വം വഹിച്ചവരില്‍ പ്രധാനിയായിരുന്നു ടി. പി. വിനോദിനിയമ്മ. വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍ പോലത്തന്നെ വാക്കുകള്‍ക്കും തീവ്രമായ ശക്തിയുണ്ട്. ഗുരുവായൂര്‍ പ്രക്ഷോഭ സമയത്ത് വിനോദിനിയമ്മ കരുണാകരന് നേരെ ഉയര്‍ത്തിയ ചോദ്യം അന്ന് കേരളക്കരയാകെ അലയടിക്കുകയുണ്ടായി. ”ശബരിമല പൂങ്കാവനം കയ്യേറിയവരെ സംരക്ഷിക്കുന്ന അങ്ങേക്കെങ്ങനെ മറ്റൊരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനാകും, താങ്കള്‍ക്കതില്‍ മനഃസാക്ഷിക്കുത്തില്ലേ?’ ഇത് കേവലം വിനോദിനിയമ്മയുടെ മാത്രം ചോദ്യമല്ല.” ഹൈന്ദവ ജനതയുടെ മുഴുവന്‍ ശബ്ദമായിരുന്നു അന്ന് ഗുരുവായൂരില്‍ മുഴങ്ങിയത്. ഇത്തരത്തില്‍ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും, പ്രശ്നങ്ങളില്‍ ഇടപെട്ട് പരിഹാരം ഉണ്ടാക്കാനും സാധിച്ചു എന്നതുതന്നെയാണ് വിനോദിനിയമ്മയെ വ്യത്യസ്തയാക്കുന്നത്.
ദേവകിയമ്മ
മതിലകത്ത് ദേവകിയമ്മ മലപ്പുറം ജില്ലയിലെ എടപ്പാളിലാണ് ജനിച്ചത്. 2010ല്‍ തന്റെ നൂറാം വയസ്സില്‍ മരണം സംഭവിക്കുംവരേയ്ക്കും കര്‍മ്മനിരതയായിരുന്നു അവര്‍. തലശ്ശേരി ബ്രണ്ണന്‍ കോളേജ്, മദ്രാസ് ക്വീന്‍ മേരീസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നേടിയതിനു ശേഷം പാലക്കാട് അധ്യാപികയായി. തുടര്‍ന്ന് ഡി ഇ ഓ ആയും സേവനമനുഷ്ഠിച്ചു. 1965 ല്‍ വിരമിച്ചതിനു ശേഷം വിശ്രമജീവിതം കര്മ്മനിരതമാക്കുകയായിരുന്നു അവര്‍. സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ച ദേവകിയമ്മ, പിന്നീട് ജനസംഘത്തിലെ സജീവ പ്രവര്‍ത്തകയായി മാറി. ജനസംഘത്തിന്റെ മലപ്പുറം ജില്ലാ അദ്ധ്യക്ഷയായിരുന്നു ദേവകിയമ്മ. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരളത്തിലുടനീളം യാത്ര ചെയ്തു. ഒപ്പം ഭാരതത്തിലെ ഒട്ടനവധി സംസ്ഥാനങ്ങളിലും അവര്‍ സഞ്ചരിച്ചു. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഭാരതീയ ജനതാ പാര്‍ട്ടി രൂപീകൃതമായപ്പോള്‍ മലപ്പുറം ജില്ലാ അദ്ധ്യക്ഷയായി ദേവകിയമ്മ നിയോഗിക്കപ്പെട്ടു.
വിജ്ഞാനവൈഭവവും നേതൃത്വ പാടവവും, പരിചയസമ്പത്തും കൈമുതലായുണ്ടായിരുന്ന ദേവകിയമ്മ, സ്ത്രീകളുടെ മാത്രമല്ല പുരുഷന്മാരുടെയും നേതാവായിരുന്നു. പ്രശ്നങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് അത് പരിഹരിക്കാന്‍ അവര്‍ കാണിച്ച മനസ്സ് എന്നും ഓര്‍ക്കപ്പെടും. 85-ാം വയസ്സുവരെ തന്റെ പൊതുപ്രവര്‍ത്തനം ദേവകിയമ്മ തുടര്‍ന്നുപോകുന്നു. അവരുടെ ചുറുചുറുക്കും പ്രവര്‍ത്തന വൈദഗ്ധ്യവും എന്നും സമൂഹത്തിന് നല്ല പാഠങ്ങളാണ്.
അഹല്യാശങ്കര്‍
സ്ത്രീകള്‍ രാഷ്ട്രീയത്തിലേക്ക് വരാന്‍ മടിച്ചിരുന്ന അറുപതുകളില്‍, സധൈര്യം സമൂഹത്തിലിറങ്ങി പ്രവര്‍ത്തിച്ച ധീര വനിതയാണ് അഹല്യാശങ്കര്‍. കോഴിക്കോടിന്റെ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ നിറസാന്നിധ്യമായിരുന്നു ‘അഹല്യേടത്തി.’ വെള്ളയില്‍ എന്ന പ്രദേശത്തുനിന്ന് സമൂഹ സേവനത്തിലേക്കും തുടര്‍ന്ന് ജനസംഘത്തിലേക്കും അവര്‍ നടന്നു കയറി. എന്നും ചിരിക്കുന്ന മുഖത്തോടെ സമൂഹത്തിലിറങ്ങിച്ചെന്ന് ഇടപെടലുകള്‍ നടത്തിയിരുന്ന അവര്‍, പിന്നീട് ഭാരതീയ ജനതാ പാര്‍ട്ടിയിലും മഹിളാമോര്‍ച്ചയിലും ശക്തയായ നേതാവായി മാറി. സംഘപ്രവര്‍ത്തകനായിരുന്ന ഭര്‍ത്താവ് ‘ശങ്കരേട്ടനാണ്’ അഹല്യേടത്തിയെ കൈപിടിച്ച് രാഷ്ട്രീയത്തിലേക്ക് ഇറക്കിയത്. 1967ല്‍ ജനസംഘത്തിന്റെ അഖിലേന്ത്യാ സമ്മേളനം നടന്നത് കോഴിക്കോട്ടായിരുന്നു. അന്ന് മഹിളാ വിഭാഗത്തിന്റെ ചുമതല അഹല്യാശങ്കറിന് ആയിരുന്നു. കര്‍മ്മനിരതയായ അവര്‍ തന്റെ പ്രവര്‍ത്തനത്തിലൂടെ സംഘടനയ്ക്കും മഹിളാ വിഭാഗത്തിനും ശക്തമായ മേല്‍വിലാസം ഉണ്ടാക്കി. അടിയന്തരാവസ്ഥക്കാലത്തെ അഹല്യേടത്തിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനേടിയിരുന്നു.
സ്ത്രീകളെ ആക്രമണത്തിന്നിരയാക്കുന്നതിനും, തുടരെത്തുടരെ വരുന്ന വിലക്കയറ്റത്തിനുമെതിരെ മഹിളാമോര്‍ച്ച, മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെ വാഹനപ്രചാരണ ജാഥ നടത്തുകയുണ്ടായി. അന്ന് ആ യാത്ര നയിച്ചത് പ്രസിഡന്റായിരുന്ന ഡോ. റെയ്ച്ചല്‍ മത്തായിയും, ജനറല്‍ സെക്രട്ടറി അഹല്യാശങ്കറുമായിരുന്നു.
സമൂഹത്തിലെ സ്ത്രീകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ഈ യാത്രയ്ക്കായി.കോര്പ്പറേഷന്, നിയമസഭ, ലോകസഭ തിരഞ്ഞെടുപ്പുകളില്‍ മൂന്ന് വട്ടം വീതം അവര്‍ മത്സരിച്ചു. 1982 ല്‍ അഹല്യശങ്കറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അദ്വാനിയും, സ്വര്‍ഗീയ വാജ്പേയിയും വരെ എത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ്. സ്ത്രീകള്‍ക്ക് ധൈര്യവും ആവേശവും പകര്‍ന്നു നല്കാന് എന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി. അഹല്യാശങ്കര്‍ നല്കിയ വഴിവെളിച്ചത്തില്‍ ഒട്ടേറെ വനിതാപ്രവര്‍ത്തകര്‍ പില്ക്കാലത്ത് കോഴിക്കോട്ടുണ്ടായി. പ്രവര്‍ത്തിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം പുതുതലമുറയെക്കൂടി വാര്‍ത്തെടുക്കുക എന്നതാണല്ലോ യഥാര്‍ത്ഥ നേതൃഗുണം.
റെയ്ച്ചല്‍ മത്തായി
1992 ജനുവരി 26ന് സ്വാഭിമാനത്തോടെ ഡോ. മുരളി മനോഹര്‍ ജോഷി കാശ്മീരില്‍ ഭാരതത്തിന്റെ ത്രിവര്‍ണ പതാക ഉയര്‍ത്തിയത് ചരിത്ര സംഭവമായിരുന്നു. വന്ദേമാതരത്തിന്റെ ഊര്ജ്ജസ്വലധ്വനികള് കാശ്മീരിന്റെ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു. ഹിമവല്പാര്ശ്വങ്ങളില് അലയടിച്ച ആ ശബ്ദങ്ങളില്‍ ഒന്ന് ഒരു കേരള വനിതയുടേതായിരുന്നു. അവരാണ് ഡോ. റെയ്ച്ചല്‍ മത്തായി, അവിടെ കേരളത്തെ പ്രതിനിധീകരിച്ച ഏക വ്യക്തിത്വം. അന്നവര്‍ ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്നു. എണ്‍പതുകളുടെ പകുതിതൊട്ട് 90കളുടെ അവസാനം വരെ ഭാരതീയ ജനതാ പാര്‍ട്ടിയിലെ കരുത്തുറ്റ നേതൃത്വം ആയിരുന്നു ഡോ. റെയ്ച്ചല്‍. ന്യൂനപക്ഷമോര്‍ച്ചയില്‍ ഒതുങ്ങിക്കൂടാതെ മഹിളാമോര്‍ച്ചയുടെ പ്രസിഡന്റായും ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടായും അവര്‍ തിളങ്ങി. അറിയപ്പെടുന്ന ഒരു ഡോക്ടറായിരുന്ന അവര്‍ സിലോണിലെയും ഇംഗ്ലണ്ടിലെയും വിദ്യാഭ്യാസത്തിനുശേഷം കേരളത്തില്‍ ഗവണ്മെന്റ് സര്‍വീസില്‍ ജോലി ചെയ്തു. വിരമിച്ചതിനുശേഷം സമൂഹത്തിലിറങ്ങി പ്രവര്‍ത്തിക്കാനാരംഭിച്ച അവര്‍ക്ക്, ലക്ഷ്മി എന്‍. മേനോനുമായുള്ള സൗഹൃദമാണ് സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെടാന്‍ പ്രചോദനം നല്‍കിയത്. ഭാരതീയ ജനതാ പാര്‍ട്ടിയെ ഹിന്ദു പാര്‍ട്ടി എന്ന് മുദ്രകുത്തിയ കാലഘട്ടത്തിലായിരുന്നു ഡോ. റെയ്ച്ചല്‍ മത്തായി പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ മനസ്സിലാക്കി അതില്‍ പ്രവര്‍ത്തിക്കാനാരംഭിച്ചത്. ബിജെപിയുടെ ആദ്യ സംസ്ഥാന സംഗമം നടന്നത് തലസ്ഥാനനഗരിയായ തിരുവനന്തപുരത്തായിരുന്നു. അന്ന് സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ ആയിരുന്നു ഡോ. റെയ്ച്ചല്‍ മത്തായി. 1986 റബ്ബറിന്റെ ഇറക്കുമതിക്കെതിരെ സംസാരിച്ചുകൊണ്ട് ഡോ. റെയ്ച്ചല്‍ മത്തായി ദേശീയശ്രദ്ധ പിടിച്ചുപറ്റി. മഹിളാമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷയായിരുന്നപ്പോഴാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ അവരുടെ നേതൃത്വത്തില്‍ വാഹനപ്രചരണയാത്ര നടത്തിയത്. പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എന്ന ചുമതലയും പിന്നീടവര്‍ വഹിച്ചു.
2022ല്‍ മരിക്കുംവരെ ആര്‍ക്കുമുന്നിലും തലകുനിക്കാത്ത വ്യക്തിത്വമായും, ദേശീയതയില്‍ ഉറച്ച് തന്റേടത്തോടെ കര്‍മ്മനിരതയായും നിലകൊണ്ട ഡോ. റെയ്ച്ചല്‍ മത്തായി എന്നും ധീരസ്ത്രീത്വത്തിന്റെ പ്രതീകവും സ്ത്രീകള്‍ക്ക് മാതൃകയുമായിരുന്നു.
യശോദ മാധവന്
ചരിത്രപ്രസിദ്ധമായ തളി ക്ഷേത്ര സമരത്തിലെ ശക്തയായ പോരാളിയായിരുന്നു യശോദ മാധവന്. സ്ത്രീശാക്തീകരണത്തിനും ആധ്യാത്മിക സാംസ്കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കിയ യശോദ മാധവന് എല്ലാവരുടെയും ‘തങ്കേടത്തി’യാണ്. അങ്ങാടിപ്പുറം തള്ളി ക്ഷേത്രാങ്കണത്തെ മീന്‍ മാര്‍ക്കറ്റാക്കി മാറ്റി കേരളത്തിലെ ഹൈന്ദവാദ്ധ്യാത്മികതയ്ക്കുനേരെ വെല്ലുവിളിയുയര്‍ന്നപ്പോള്‍ ശക്തമായ സാന്നിധ്യമായി കേളപ്പജി പ്രവര്‍ത്തിച്ചു. അന്നദ്ദേഹത്തിന്റെ ആഹ്വാനമുള്‍ക്കൊണ്ട് ക്ഷേത്രത്തെ തിരിച്ചുപിടിക്കാന്‍ യശോദ മാധവനും സംഘവും ക്ഷേത്രാങ്കണത്തിലേക്കിറങ്ങി. തങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെങ്കില്‍ സ്ത്രീകള്‍ കൂടി മുന്നിട്ടിറങ്ങണം എന്നൊരാഹ്വാനം അവരുടെ പ്രവര്‍ത്തനത്തില്‍ നിന്ന് കേരളക്കരയ്ക്ക് ലഭിച്ചു. കേരള ക്ഷേത്ര സംരക്ഷണ സമിതി 2014 ല്‍ പ്രഥമ ‘വീരമാതാ പുരസ്കാരം’ നല്കി യശോദ മാധവനെ ആദരിച്ചു.
2023ലെ പ്രവര്‍ത്തനവും 1960-70 കളിലെ പ്രവര്‍ത്തനങ്ങളും തികച്ചും വ്യത്യസ്തമാണ്. പ്രശ്നങ്ങളും സങ്കീര്‍ണതകളും ആകുലതകളും വ്യാകുലതകളും എന്നുമുണ്ട്. എന്നാല്‍ പ്രതികരണത്തിന്റെയും, പ്രാവര്‍ത്തികതലത്തില്‍ കാര്യങ്ങളെ എത്തിക്കുന്നതിന്റെയും പ്രയോഗരീതികള്‍ വ്യത്യസ്തമാണ്. ഇന്ന് സഹായക സാമഗ്രികള്‍ സുലഭമാണെന്നിരിക്കെ, വിശാലമായ മേഖലയില്‍, വിവിധ തലങ്ങളിലൂടെ കാര്യങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നു. പണ്ട് ഒരേസമയം ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികതയില്‍ എത്തിക്കാനുണ്ടായിരുന്നില്ല. അന്നത്തെ പ്രവര്‍ത്തനം വിജയപ്രാപ്തിയിലെത്തണമെങ്കില് കഷ്ടതകളുടെ കടമ്പകളേറെക്കടക്കേണ്ടിയിരുന്നു. അതുകൊണ്ടുതന്നെ അന്ന് പ്രവര്‍ത്തിച്ചവര്‍ പ്രയാസങ്ങള്ക്കുമുകളിലൂടെ തുഴത്തണ്ടെറിഞ്ഞവരായിരുന്നു.
വഴികാട്ടുന്നതിലൂടെയും വഴികാട്ടികളാകുന്നതിലൂടെയും മാതൃകകളായ മഹതികളെ നമുക്ക് ഹൃദയത്തില്‍ ചേര്‍ത്തുവെക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: