ശ്രീമംഗലത്തിന്റെ ചെറിയ ഗേറ്റ് കടന്ന് അയാള്‍ അകത്തേക്കു നടന്നു. മുപ്പതടി നടന്നാല്‍ പടിക്കെട്ടാണ്. അതു കയറിയെത്തുന്നതു വിശാലമായ മുറ്റത്തേക്കും. പടിക്കെട്ടിന്റെ ഇരുപുറവും ദ്വാരപാലകരേപ്പോലെ രണ്ടു ചെന്തെങ്ങുകള്‍ നില്‍പ്പുണ്ട്. കയ്യെത്തും ഉയരത്തില്‍ നിറയെ കുലച്ചുനില്‍ക്കുന്ന അവയിലൊന്നിന്റെ ചാഞ്ഞുകിടന്ന ഓലയില്‍ നിന്നും ഒരീര്‍ക്കില്‍ ഒടിച്ചെടുത്ത് കടിച്ചുകൊണ്ടയാള്‍ മുറ്റത്തേക്കു കയറി.
ആകെയൊരു മൂകത.
ആറ്റുമണല്‍ വിരിച്ച മുറ്റത്തെ പാദപതനത്തിന്റെ കിരുകിരാ ശബ്ദം മാത്രം.
പൂമുഖത്തെ ഭിത്തിയില്‍ പുതുതായി തൂക്കിയ ചന്ദ്രേട്ടന്റെ പുഞ്ചിരിക്കുന്ന മുഖമുള്ള ചിത്രം.
രാവിലെ ഈ നേരത്ത് ഉമ്മറത്തെ ചാരുകസേരയില്‍ ചന്ദ്രേട്ടനുണ്ടാവേണ്ടതാണ്.
ദൂരെനിന്നു കാണുമ്പോള്‍ തന്നെ പറയും; ”കേറിവാ മണിക്കുട്ടാ…”
ഇനിയാ വിളിയില്ല.
ശൂന്യമായ കസേരയുടെ പിന്നില്‍ ഉടമയെ നഷ്ടപ്പെട്ട കാലന്‍കുട തൂങ്ങിക്കിടപ്പുണ്ട്. കസേരയുടെ വലത്തുവശത്തെ പീഠത്തില്‍ പഴയ ഗ്രാമഫോണ്‍ പ്ലെയര്‍ അങ്ങനെ തന്നെയിരിക്കുന്നു. അടുത്ത് വൃത്തിയായി അടുക്കിവച്ച കുറെ റെക്കോഡുകളും.
രാവിലെ കൃഷിപ്പണി കഴിഞ്ഞാല്‍ കുറെനേരം പാട്ടുകേട്ടുകൊണ്ടിരിക്കും. എമ്മെസ്സും സുന്ദരാംബാളും റഫിയും സൈഗാളും യേശുദാസുമൊക്കെ പാടിക്കൊണ്ടിരിക്കുമ്പോള്‍ അടുക്കളയിലേക്കു നോക്കി ഒരു വിളിയുണ്ട്.
”എടിയേ…”
വിളിക്ക് കാതോര്ത്തിരുന്നപോലെ ചെയ്തുകൊണ്ടിരുന്ന ജോലി പാതിയില്‍ നിര്‍ത്തി കള്ളിമുണ്ടിന്റെ കോന്തലയില്‍ കൈതുടച്ച് ഭാനുവേട്ടത്തി ഉമ്മറത്തു പ്രത്യക്ഷപ്പെടും.
”എന്തേ…”
ഇങ്ങനെ ചോദിക്കുമെങ്കിലും അവര്‍ക്കറിയാം അത് ഒന്നുകില്‍ കട്ടന്‍ ചായ അല്ലെങ്കില്‍ മുറുക്കാന്‍ ചെല്ലം ഇതിലേതെങ്കിലും ഒന്നിനായിരിക്കുമെന്ന്.
ഭാനുവേട്ടത്തി സുന്ദരിയായിരുന്നു.
അല്ല. ഇന്നും സുന്ദരി തന്നെ.
കല്യാണം കഴിഞ്ഞ നാളുകളില്‍ തങ്ങളവരെ അംബികേടത്തിയെന്നാണു വിളിക്കുന്നതെന്ന് അയാളോര്‍ത്തു. അക്കാലത്തെ പ്രശസ്തമായൊരു സിനിമാനടിയുടെ ഛായ അവര്‍ക്കുണ്ടായിരുന്നു.
ഏതോ ജൗളി മൊത്ത വ്യാപാരികള്‍ സൗജന്യമായി നല്‍കിയിരുന്ന കലണ്ടറില്‍ ആള് വലിപ്പത്തിലുള്ള നടിയുടെ ചിത്രം ഉണ്ടായിരുന്നു. ആ ചിത്രവും ഏടത്തിയും ചേര്ന്നുനിന്നാല് ഒരുപോലെയിരുന്നു.
അങ്ങനെ ഓരോന്നു ചിന്തിച്ചിരിക്കവെ ഒരു കെട്ടു പുല്ലുമായി ഭാനുവേട്ടത്തി വന്നു. പുല്ലുകെട്ട് തൊഴുത്തിലിട്ട് തിരിഞ്ഞുനോക്കിയപ്പോഴാണ് തന്നെ കണ്ടത്.
”ങാ…മണിക്കുട്ടനോ? എപ്പോ വന്നു”
”ഇന്നലെ രാത്രിയെത്തി”
”ഇന്ദുവുമുണ്ടോ, അതോ മക്കളുടെ കൂടെക്കൂടിയോ…?”
”ഇല്ല വന്നിട്ടുണ്ട്. വീടൊക്കെ വൃത്തിയാക്കുന്നു”
”മോളാകുന്നത് നിര്‍ബന്ധിച്ചതാണ്, കുറെ ദിവസം കൂടി നില്ക്കാന്. ഐപിഎസ് ട്രെയിനിങ് കഴിഞ്ഞ് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായി ചാര്‍ജെടുക്കുമ്പോള്‍ ഞങ്ങളവിടെ ഉണ്ടാവണമെന്ന അവളുടെ ആഗ്രഹം സാധിച്ചു. അപ്പോഴാണ് ഇവിടെ ചന്ദ്രേട്ടന്റെ…”
ഒരു നിമിഷം മൗനമവലംബിച്ച് അവര്‍ പറഞ്ഞു.
”ഇത്ര പെട്ടെന്ന് പോകും എന്നു പ്രതീക്ഷിച്ചില്ല. ഒന്നും നമ്മുടെ കൈയിലല്ലോ…?”
”ശരത് മോനെവിടെ…?” അയാള്‍ ചോദിച്ചു.
മോന് രാവിലെ വെറ്റിലക്കൊടിക്ക് വെള്ളമൊഴിക്കാന്‍ പോയതാണ്. വരാറാകുന്നതേയുള്ളൂ. മണിക്കുട്ടന് കയറിയിരിക്ക്. ഞാനിപ്പോള്‍ വരാം.”
പോകുന്ന വഴിക്കവര്‍ പറഞ്ഞു,
”ശാരിമോളിന്നലെ തിരികെപ്പോയി. അവള്‍ക്കെത്ര നാള് നില്ക്കാന് പറ്റും. ജിത്തുവിനു ജോലിക്ക് പോവണ്ടേ…?”
ശ്രീമംഗലം ചന്ദ്രശേഖരന് നായരെന്ന ചന്ദ്രേട്ടന് രണ്ടു മക്കളാണ്. മൂത്തത് ശാരിയും ഇളയത് ശരത്തും. ശാരിയുടെ കല്യാണം കഴിഞ്ഞു. പന്തളത്തുകാരന്‍ ശ്രീജിത്താണ് അവളെ കല്യാണം കഴിച്ചത്. അവന് തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്നു. ശരത്ത് ഡിഗ്രി കഴിഞ്ഞതേയുള്ളൂ. ജോലി ലഭിച്ചിട്ടില്ല. നാട്ടിലെ ഏതു കാര്യത്തിനും ചന്ദ്രേട്ടനുണ്ടാവും.
അതു രാഷ്ട്രീയമാകട്ടെ, സമുദായസേവനമാകട്ടെ, ക്ഷേത്രഭരണമാവട്ടെ- എവിടെയും ചന്ദ്രേട്ടന് തലയെടുപ്പോടെ മുന്‍പന്തിയിലുണ്ടാവും.
അനര്‍ഹമായതൊന്നും നേടാനാഗ്രഹിക്കാത്ത സത്യസന്ധനും
പരോപകാരിയുമായൊരു പച്ച മനുഷ്യന്. ശ്രമിച്ചിരുന്നെങ്കില്‍ ഒരു പഞ്ചായത്ത് പ്രസിഡന്റെങ്കിലും ആകാമായിരുന്നു. തത്വസംഹിതകള്‍ കാണാപ്പാഠം പഠിച്ച് അവയെ തന്റെ നേട്ടങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി വളച്ചൊടിച്ച് സ്വയം നേതാവാകാന്‍ ഒരിക്കലുമദ്ദേഹം ശ്രമിച്ചിരുന്നില്ല.
അഗതികളോടും നിരാശ്രയരോടും ദീനാനുകമ്പയുള്ള; കള്ളത്തരങ്ങള്‍ക്കു കൂട്ടുനി
ല്ക്കാത്തതുകൊണ്ട് കുംഭരാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി പലപ്പോഴും മാറേണ്ടിവന്നിട്ടുണ്ട്. അതൊന്നും പക്ഷേ ചന്ദ്രേട്ടന് വകവച്ചിരുന്നില്ല.
ഒരിക്കല്‍ സുഹൃത്തായ സുകുമാരന്‍നായര്‍ പറഞ്ഞു: ”ടാ ചന്ദ്രാ നീ വരുന്നോ? തിരുവനന്തപുരം
ആകാശവാണിയില്‍ വഞ്ചിപ്പാട്ടവതരിപ്പിക്കാന് ഞാന്‍ പോകുന്നു. കൂട്ടത്തില്‍ നീയുമുണ്ടാവണം.”
”അതിനെന്താ നീ ഏര്‍പ്പാടുകള്‍ ചെയ്തോ, ഞാന്‍ വരാം.” ചന്ദ്രേട്ടന് തയ്യാറായി.
പരിപാടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഒരു തലകറക്കം. ചന്ദ്രേട്ടനെ അടുത്തുള്ള ആശുപത്രിയില്‍ അഡ്മിറ്റുചെയ്തു. അങ്ങനെ ഒരു നടുക്കുന്ന സത്യം തിരിച്ചറിഞ്ഞു. ഒരു വലിയ രോഗം തന്നെ ഗ്രസിച്ചിരിക്കുന്നു. ലുക്കേമിയ അഥവാ ബ്ലഡ് ക്യാന്‍സര്‍. ആദ്യമൊന്നു പതറിയെങ്കിലും അദ്ദേഹം കൂട്ടുകാരോടു പറഞ്ഞു.
”എനിക്ക് ഈ അസുഖമാണെന്ന് ആരുമറിയരുത്. കുറഞ്ഞത് ശാരിമോളുടെ കല്യാണംവരെയെങ്കിലും.”
പിന്നീടെല്ലാം ധൃതിയിലായിരുന്നു. ശാരിമോളുടെ കല്യാണം നടത്താനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. പണം ഒരു പ്രശ്നമായിരുന്നു. ഭൂപണയബാങ്കില്നിന്നും മറ്റും കുറച്ചു ലോണും മറ്റുമായി പണം സംഘടിപ്പിച്ചു. കല്യാണം ഭംഗിയായി നടത്തി. ഇടയ്ക്കിടെയുള്ള തിരുവനന്തപുരം യാത്രകള്‍ രാഷ്ട്രീയ മറ്റിംഗിനുള്ളതാണെന്നും വീട്ടുകാരെ വിശ്വസിപ്പിച്ചു.
ഒരിക്കല്‍ കള്ളി വെളിച്ചത്തായി. ഒരു ചെറിയ പനിക്ക് നാട്ടിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോള്‍ എല്ലാവരുമറിഞ്ഞു.
നാട്ടുകാരും വീട്ടുകാരുമെല്ലാം ചെലവേറിയ വിദഗ്ധ ചികിത്സയ്ക്കായി നിര്‍ബന്ധിച്ചെങ്കിലും ചന്ദ്രേട്ടന് വഴങ്ങിയില്ല.
”കുറേ നാളുകളോ അല്ലെങ്കില്‍ വര്‍ഷങ്ങള്‍ തന്നെയോ ആയുസ്സു നീട്ടിക്കിട്ടാന്‍ കിടപ്പാടം തീറെഴുതാന്‍ ഞാനൊരുക്കമല്ല. അല്ലെങ്കില്‍തന്നെ ചികത്സിച്ചാല്‍ നൂറു ശതമാനം ഉറപ്പൊന്നുമില്ലല്ലോ? എല്ലാം വരുന്നതു പോലെ വരട്ടെ.”
ഇതായിരുന്നു മറുപടി.
ഇപ്പോഴിതാ പെട്ടെന്നൊരു ദിനം ചന്ദ്രേട്ടന് പോയി. ഒന്നോര്‍ത്താല്‍ താനിവിടെ ഇല്ലാതിരുന്നതു നന്നായി. ഇപ്പോഴും മരണം ഉള്‍ക്കൊള്ളാന്‍ തനിക്കാവില്ല. മരിച്ചവരൊക്കെയും ഏതോ ദൂരയാത്ര പോയതുപോല്‍. എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ കാത്തിരുപ്പ്.
ചിന്തകള്‍ കാടുകയറവെ ഭാനുവേട്ടത്തി ചായയുമായി വന്നു. അതു കൈയില്‍ കൊടുത്തിട്ടവര്‍ അരഭിത്തിയില്‍ ചാരിനിന്നു.
”ചന്ദ്രേട്ടന് മരിച്ചത് ദോഷമുള്ള നാളിലാണ്. ഇന്നലെ കാട്ടൂര്‍ മഠത്തിലെ പോറ്റി വന്നിരുന്നു. കുറേ പൂജകളും ക്രിയകളുമൊക്കെ ചെയ്യണമത്രേ! വലിയ തുക ചെലവാകും. എന്നാലും നമുക്കിനി അതൊക്കെയല്ലേ ചെയ്യാന്‍ പറ്റൂ. പക്ഷേ ശരത്തു മോന് സമ്മതിക്കുന്നില്ല. പണച്ചെലവുള്ള പൂജകളും മന്ത്രവാദവുമൊന്നും വേണ്ട എന്നാണവന് പറയുന്നത്. മണിക്കുട്ടന് അവനോടൊന്നു പറയണം. വേണ്ടതെല്ലാം ചെയ്യാന്‍. പിന്നെ കുറേനേരം ആരുമൊന്നും മിണ്ടിയില്ല.
അപ്പോഴാണ് ശരത് കയറിവന്നത്. തന്നെക്കണ്ടതും അവന് ചോദിച്ചു.
”ങ്ങാ… മണിയങ്കിളോ? എപ്പോള്‍ വന്നു..?”
”ഞാനിപ്പോ വന്നതേയുള്ളൂ.”
”പ്രിയേച്ചി ഭോപ്പാലില്‍ എഎസ്പിയായി ചാര്ജെടുത്തുവല്ലേ.”
”അതേ എല്ലാം ഭംഗിയായികഴിഞ്ഞു.”
”ശരത്തെ, ചേച്ചി എന്നോടൊരു കാര്യം പറഞ്ഞു. മറ്റൊന്നുമല്ല. പൂ
ജാകര്മങ്ങളുടെ കാര്യംതന്നെ. നമുക്കതു ചെയ്യേണ്ടേ? മരണാനന്തരം കര്‍മ്മങ്ങള്‍ക്കു വിഘ്നം വേണ്ട.”
കുറേ നേരത്തേക്കവന് ഒന്നും പറഞ്ഞില്ല.
പിന്നെ പറഞ്ഞു.
”അങ്കിളിന്നറിയാമല്ലോ ഇവിടത്തെ കാര്യങ്ങള്‍. ഭൂപണയബാങ്കില് നല്ലൊരു തുക കടമുണ്ട്. ചേച്ചിയുടെ കല്യാണത്തിന്റെ മറ്റു ചെലവുകളും കൊടുത്തുതീര്‍ത്തിട്ടില്ല. അല്ലറ ചില്ലറ കടങ്ങള്‍ വേറെയും. ഇപ്പോഴുള്ള കടങ്ങള്‍ എന്തു ജോലി ചെയ്തും തീര്‍ക്കാം എന്നെനിക്കുറപ്പുണ്ട്.
പിന്നെ പൂജകളും കര്‍മ്മങ്ങളും.
അതൊന്നും പഴയതുപോലെയല്ലല്ലോ!
എല്ലാമൊരുമാതിരി കോണ്ട്രാക്ടുപണിപോലെ.
പച്ചീര്‍ക്കലി മുതല്‍ ചാണകവറളിവരെ, എല്ലാം അവരു കൊണ്ടുവരും. എല്ലാം കഴിയുമ്പോള്‍ ലക്ഷങ്ങളുടെ ഒരു ബില്ലുതരും. അതു കൊടുത്തുതീര്‍ക്കാന്‍ കിടപ്പാടം തീറെഴുതേണ്ടിവരും. അല്ലെങ്കില്‍തന്നെ ഈ വസ്തുവില്‍ കണ്ണുവച്ചവര്‍ ധാരാളം. കഴിഞ്ഞതവണ ചാക്കോച്ചന്റെ മോന് അമേരിക്കയില്‍നിന്നു വന്നപ്പോഴും അച്ഛനുമായി സംസാരിക്കുന്നതു കേട്ടു.
ഈ അമ്പതു സെന്റുകൂടി കിട്ടിയാല്‍ മൊത്തത്തില്‍ മതില് കെട്ടി ഒറ്റപ്പുരയിടമാക്കാം. ബാക്കി മൂന്നു ഭാഗവും അവരുടെ കൈയിലാണല്ലോ! ചാക്കോച്ചന്റെ അന്ത്യാഭിലാഷമാണത്രേ.
പണ്ട് ശ്രീമംഗലം തറവാട് അഞ്ചേക്കര്‍ ഉണ്ടായിരുന്നു. ദൂരെ വിവാഹം കഴിപ്പിച്ചയച്ച അപ്പച്ചിമാരും വിദൂര സ്ഥലങ്ങളില്‍ സ്ഥിരതാമസമാക്കിയ മറ്റു ബന്ധുക്കളും പലപ്പോഴായി കിട്ടിയ വിലയ്ക്ക് അവരുടെ വീതം ചാക്കോച്ചനു കൊടുത്തു. ശേഷിക്കുന്നത് ഈ അമ്പതു സെന്റ് തുണ്ടുമാത്രം. ഇതുകൂടി കിട്ടിയാല്‍ ശ്രീമംഗലം ചാക്കോച്ചനു സ്വന്തം. ഇതിനിടയില്‍ വേറെയും ചിലര്‍ വന്നിരുന്നു. വടക്കുനിന്നൊരു ബീരാന്‍കുട്ടി പറഞ്ഞത് നാട്ടുനടപ്പിനേക്കാള്‍ സെന്റിന് പതിനായിരം വച്ച് കൂടുതല്‍ തരാമെന്നാണ്. ആക്രി സാധനങ്ങളുടെ ബിസിനസുകാരനായ അയാള്‍ക്ക് ഗോഡൗണ്‍ ഉണ്ടാക്കാനാണത്രേ!
എന്തായാലും ഞാനൊന്നു തീരുമാനിച്ചു. കാണാത്ത നരകത്തില്‍നിന്ന് അച്ഛന്റെ ആത്മാവിനെ ത്രാണനം ചെയ്യിക്കാന്‍ ആകെയുളള കിടപ്പാടം വില്‍ക്കുന്നില്ല. അല്ലാതെയുള്ള പ്രാര്‍ത്ഥനകളും വഴിപാടുകളും മതി. അല്ലെങ്കില്‍ തന്നെ സ്വന്തം ആയുസ്സു നീട്ടിക്കിട്ടാന്‍ ലക്ഷങ്ങള്‍ ചെലവുള്ള ചികിത്സപോലും വേണ്ടെന്നുവച്ച ആളല്ലേ അച്ഛന്. അദ്ദേഹത്തിന്റെ ആത്മാവിനും അതായിരിക്കും തൃപ്തി.”
കുറേനേരം ആരുമൊന്നും പറഞ്ഞില്ല.
അയാള്‍ തെക്കുപ്പുറത്തെ കുഴിമാടത്തിലേക്കു നോക്കി. അവിടെ കര്‍മ്മങ്ങള്‍ക്കൊടുവില്‍ വച്ച ഗൗളിഗാത്രം തെങ്ങിന്റെ കുഞ്ഞിളം കൈയുകള് മെല്ലെ ആടിക്കൊണ്ടിരിക്കുന്നു. മോന് പറഞ്ഞതാണു ശരി എന്നര്‍ത്ഥത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: