പത്തനംതിട്ട: തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചതോടെ ശബരിമലയിൽ ദർശന സമയം നീട്ടാൻ തീരുമാനം. തന്ത്രിയാണ് ഇതുമായി ബന്ധപ്പെട്ട് അനുമതി നൽകിയത്. ദർശന സമയം ഒരു മണിക്കൂർ നീട്ടാനാണ് അനുമതിയുള്ളത്. അതിനാൽ ഇനി മുതൽ ഉച്ചയ്‌ക്ക് മൂന്ന് മണിയ്‌ക്ക് നട തുറക്കും. പുലർച്ചെ മൂന്നിന് തുറക്കുന്ന നട ഉച്ചയ്‌ക്ക് ഒന്നിന് അടയ്‌ക്കും. പിന്നീട് നാലിനാണ് തു റന്നിരുന്നത്. ഇനി ഉച്ച കഴിഞ്ഞ് മൂന്നിന് നട തുറക്കും. അതേസമയം, രാത്രി 11ന് തന്നെ നടയടയ്‌ക്കും.
ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര് രാവിലെ അറിയിച്ചിരുന്നു. ഭക്തര്‍ക്ക് വേണ്ടിയാണ് തന്ത്രിയും ദേവസ്വം ബോര്‍ഡും അയ്യപ്പനും നിലക്കൊള്ളുന്നത്. ദേവസ്വം ബോര്‍ഡുമായി സംയുക്തമായ ചര്‍ച്ചക്ക് ശേഷം താമസിക്കാതെ ഉടനെ തീരുമാനമെടുക്കുമെന്നും ഭക്തജനങ്ങളെ ബൂദ്ധിമുട്ടിക്കാത്ത തീരുമാനമേ ഉണ്ടാകുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അവധി ദിനങ്ങൾ ആയതിനാൽ ഇന്നലെയും ഇന്നുമായി വൻ ഭക്തജന തിരക്കിനാണ് ശബരിമല സാക്ഷ്യം വഹിക്കുന്നത്. പതിനെട്ടാം പടിയില്‍ മിനിറ്റില്‍ 60 പേരെ മാത്രമാണ് കടത്തിവിടുന്നത്. കഴിഞ്ഞ ദിവസം ദർശനത്തിനായി ഭക്തർക്ക് 18 മണിക്കൂറോളം നേരമാണ് ക്യൂവിൽ നിൽക്കേണ്ടിവന്നത്. ഇതേ തുടർന്ന് അനിഷ്ട സംഭവങ്ങളും ഉണ്ടായിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ദർശന സമയം നീട്ടുന്നത്.
കഴിഞ്ഞ ദിവസം ദർശന സമയം നീട്ടാൻ കഴിയുമോ എന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. നീട്ടാൻ കഴിയില്ലെന്നായിരുന്നു ഇതിനോട് തന്ത്രി പറഞ്ഞത്. എന്നാൽ പിന്നീട് ഇതിൽ മാറ്റം വരുത്തുകയായിരുന്നു. തിരക്ക് വർദ്ധിച്ചതിനാൽ പമ്പയിൽ നിന്നുതന്നെ ഭക്തർക്ക് നിയന്ത്രണം ഉണ്ടായിരുന്നു. ഇതേ തുടർന്ന് മണിക്കൂറുകളോളം ഇവിടെ ക്യൂവിൽ നിൽക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നു. ഒരു ലക്ഷത്തോളം പേരാണ് വെർച്വൽ ക്യൂവഴി ബുക്ക് ചെയ്തിരുന്നത്.
നിലവില്‍ ദിവസവും ദര്‍ശനം നടത്തുന്ന ഭക്തരുടെ എണ്ണം 80,000 മുതല്‍ 90,000 വരെയാകുന്ന പശ്ചാത്തലത്തില്‍ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ ഏകോപിപ്പിക്കാന്‍ സ്‌പെഷ്യല്‍ കമ്മിഷന്‍ സന്നിധാനത്ത് തുടരാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. തീര്‍ത്ഥാടന പാതകളില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: