ഗണിത നൈപുണിയില്‍ ആഗോള മാനക സൂചകങ്ങള്‍ക്ക് അനുസരിച്ച് 50 ശതമാനത്തില്‍ കൂടുതല്‍ കുട്ടികള്‍ മികവ് പുലര്‍ത്തുന്ന സംസ്ഥാനങ്ങളാണ് പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ത്രിപുര, ജാര്‍ഖണ്ഡ്, തുടങ്ങിയ സംസ്ഥാനങ്ങളും ലക്ഷദ്വീപ്, ദാമന്‍ ധ്യു തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളും. ബീഹാര്‍, കര്‍ണാടക, ഒഡീസ, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങള്‍ ഗണിത നൈപുണിയില്‍ അന്താരാഷ്ട്ര നിലവാരത്തിലും മികച്ച തലത്തില്‍ 50% കുട്ടികളെ എത്തിക്കുന്നതില്‍ മികവു കാണിക്കുന്നുണ്ട്.
മാതൃഭാഷയിലും ഗണിതത്തിലും മോശം
മൂന്നാം തരത്തില്‍ വിദ്യാര്‍ത്ഥികളുടെ മാതൃഭാഷ പഠന ശേഷിയും ഗണിതത്തില്‍ അടിസ്ഥാനശേഷിയും സംബന്ധിച്ച് നടത്തിയ പഠനം കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് ഉയര്‍ന്ന ക്ലാസുകളില്‍ വരുന്ന നിലവാര തകര്‍ച്ചയുടെ അടിസ്ഥാന കാരണങ്ങളിലക്ക് വിരല്‍ചൂണ്ടുന്നതാണ്. ക്ലാസ്സ് റൂം പഠനരീതി, മൂല്യനിര്‍ണയം, പരിഹാര ബോധനം എന്നിവയിലെ അപാകതയാണ് വ്യക്തമാക്കുന്നത്. ഒരു വിഭാഗം കുട്ടികളെ മാത്രം പരിഗണിച്ച് ഓര്‍മ്മ പരിശോധനയിലും വാര്‍ഷിക പരിക്ഷയിലും മാത്രം ഊന്നിയ ബോധനരീതിയുടെ നിരര്‍ത്ഥകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വാര്‍ഷിക പരിക്ഷകള്‍ ഒഴികേ യാതൊരു മൂല്യനിര്ണായ പദ്ധതികളിലൂടെയും കടന്നു പോകാതെയുള്ള ക്ലാസ് കയറ്റവും പത്താം ക്ലാസിലെ ലിബറല്‍ മൂല്യനിര്‍ണ്ണയവും അതിലൂടെ പത്താം ക്ലാസ് ജയിക്കാം എന്ന കുട്ടികളില്‍ ഉണ്ടാക്കിയിരിക്കുന്ന അബദ്ധധാരണയുമാണ് കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസനിലവാര തകര്‍ച്ചക്ക് മുഖ്യകാരണം. കലയിലും കായിക മത്സരങ്ങളിലും, എസ്പിസി, ജെആര്‍സി തുടങ്ങിയ പദ്ധതികളിലൂടെയും കുട്ടികള്‍ നേടുന്ന വിവിധ നൈപുണികള്‍ ആ രീതിയില്‍ പരിഗണിക്കാതെ മാര്‍ക്ക് കുറഞ്ഞ വിഷയങ്ങള്‍ക്ക് മാര്‍ക്കായി വിതരണം ചെയ്ത് ചേര്‍ക്കുന്നതിന്റെ യുക്തിയും ദര്‍ശനവും എന്താണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടക്ക് സ്വകാര്യ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളില്‍ നിന്നും സര്‍ക്കാര്‍- എയിഡസ് വിദ്യാലയങ്ങളിലെ ഇംഗ്ലീഷ്മീഡിയം ക്ലാസുകളിലേക്ക് ഉണ്ടായ കൂടിയേറ്റം ഒഴിച്ച് അടിസ്ഥാന സമൂഹത്തിന്റെ വിദ്യാഭ്യാസനിലവാരം അപഗ്രഥിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സാമൂഹ്യ ഓഡിറ്റിംഗിന് കേരളം തയ്യാറാവണം. എസ്സി-എസ്റ്റി മറ്റ് പാര്ശ്വവല്കൃത വിഭാഗങ്ങള്‍ സാമ്പത്തികമായി വളരെ പരിതാപകരമായ സ്ഥിതിയില്‍ നിന്നും വരുന്ന കുട്ടികള്‍ തുടങ്ങിയവരുടെ വിദ്യാഭ്യാസഗുണനിലവാരം ഉയര്‍ത്താനാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കേണ്ടത്. വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ സംസ്ഥാന ശരാശരിയിലും വളരെ താഴെയാണ്.
കെട്ടിടം നിര്‍മ്മിക്കുന്നതു മാത്രമല്ല വികസനം
വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ, വിപ്ലവകരമായ മാറ്റം ഉണ്ടാക്കി എന്നാണ് കേരള സര്‍ക്കാരിന്റെ അവകാശവാദം. കിഫ്ബി പദ്ധതി പ്രകാരം 141 വിദ്യാലയങ്ങള്‍ക്ക് അഞ്ച് കോടിയും 365 വിദ്യാലയങ്ങള്‍ക്ക് മൂന്ന് കോടിയും 444 വിദ്യാലയങ്ങള്‍ക്ക് ഒരു കൊടിയും രൂപ അനുവദിച്ചു വിദ്യാലയങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു എന്നുള്ളതാണ് ഈ അവകാശവാദത്തിന്റെ അടിസ്ഥാനം. സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ 600 വിദ്യാലയങ്ങള്‍ക്കാണ് അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടിട്ടുള്ളത്. ഐസിടി, ശുചിത്വം, പാചകപ്പുര, കുടിവെള്ള പദ്ധതി തുടങ്ങിയുള്ള നിരവധി പദ്ധതികളുടെ സാമ്പത്തിക പങ്കാളിത്തം കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ കൂടിയാണ്. കേരളത്തിലെ ആകെ പൊതുവിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ പങ്കും അതില്‍ ഇപ്പോള്‍ അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കി എന്നു പറയുന്ന വിദ്യാലയങ്ങളുടെ എണ്ണവും താരതമ്യം ചെയ്യുന്നത് സര്‍ക്കാറിന്റെ അവകാശവാദത്തിന്റെ പൊള്ളത്തരം മനസ്സിലാക്കാന്‍ ഏറെ സഹായകരമാണ്.
ആവശ്യത്തിന് ക്ലാസ് മുറികളില്ല
അടിസ്ഥാന സൗകര്യ വികസനത്തെ കുറിച്ചും കേരളം വച്ചുപുലര്‍ത്തുന്ന കാഴ്ചപ്പാട് വളരെ പരിമിതമാണ്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഡിവിഷന് ഉണ്ടാക്കാന്‍ ആവശ്യമായ ക്ലാസ് മുറികളുടെ എണ്ണത്തെയാണ് പരിഗണിക്കുന്നത്. അതുതന്നെ വളരെ പരിതാപകരമായ അവസ്ഥയില്‍ ആയിരുന്നു ഇതുവരെ. അവിടെയാണ് മേല്‍പ്പറഞ്ഞ രീതിയില്‍ ചില വിദ്യാലയങ്ങളില്‍ കെട്ടിടങ്ങള്‍ ഉണ്ടാക്കി ക്ലാസ് മുറികളുടെ അപര്യാപ്തത കുറക്കാന്‍ കുറച്ചെങ്കിലും പരിശ്രമം ഉണ്ടായിട്ടുള്ളത്. ഗുണനിലവാരം പരിഗണിക്കുന്ന കാര്യത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ 15 പ്രധാന മേഖലകളില്‍ 24 സൂചകങ്ങളെയാണ് പരിഗണിക്കുന്നത്.
വിദ്യാലയങ്ങളുടെ ഐസിടി ക്ലാസ് മുറികളും സ്മാര്‍ട്ട് ക്ലാസ് മുറികളും പരിഗണിക്കുന്നതോടൊപ്പം, ശാസ്ത്ര ലാബ്, ഗണിതശാസ്ത്ര ലാബ്, സ്പോര്‍ട്സ്, ക്രാഫ്റ്റ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പ്രത്യേക ഇടങ്ങള്‍, ലൈബ്രറി, ബുക്ക് ബാങ്ക്, റീഡിങ് കോര്‍ണര്‍ തുടങ്ങിയ സൗകര്യങ്ങള്‍ എന്നിവയും പരിഗണിക്കുന്നു. വിവിധ തൊഴില്‍ പരിചയപ്പെടുത്തല്‍, ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ എന്‍എസ്ക്യൂഎഫ് ഉം ആയി ചേര്‍ന്ന് തൊഴില്‍ പരിശീലനം, പത്താം ക്ലാസിനു ശേഷം കുട്ടികള്‍ക്ക് തൊഴില്‍ മേഖലയില്‍ പ്ലേസ്മെന്റ്, പന്ത്രണ്ടാം ക്ലാസിനു ശേഷം കിട്ടുന്ന പ്ലേസ്മെന്റ, സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും വിദ്യാര്‍ത്ഥികളെ പ്രാപ്തമായത്, ഉച്ച ഭക്ഷണ വിതരണം, പി എം പോഷന്‍ പദ്ധതിയുടെ കൃത്യമായ നടത്തിപ്പ്, നിര്‍ബന്ധമായി മെഡിക്കല്‍ ചെക്കപ്പ്, പെണ്‍കുട്ടികളുടെ ശുചിത്വമായി ബന്ധപ്പെട്ട കാര്യങ്ങള്‍, കുടിവെള്ള സൗകര്യം, കുട്ടികള്‍ക്ക് ലഭിക്കുന്ന ഫ്രീ ടെസ്റ്റ് ബുക്ക് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ വിദ്യാലയത്തോടൊപ്പം ബാലവാടിക/അങ്കണവാടി, അടുക്കളത്തോട്ടം, മഴവെള്ള സംഭരണി, വിവിധ ആവശ്യങ്ങള്‍ക്കുള്ള ജലസംവിധാനം, വൈദ്യുത സജ്ജീകരണം, സുരക്ഷാ സംവിധാനം, പ്രത്യക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കു വേണ്ടിയുള്ള സംവിധാനങ്ങള്‍, സൗരോര്‍ജ സംവിധാനം തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യമികവ് കണക്കാക്കുന്നത്.
(അവസാനിച്ചു)
(കേന്ദ്രസര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ മോണിറ്ററിംഗ് കമ്മിറ്റിയിലെ അംഗവും മാധവ ഗണിതകേന്ദ്രത്തിന്റെ സെക്രട്ടറിയുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: