കോട്ടയം: എന്‍ഡിഎയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കേരള ജനപക്ഷം (സെക്യുലര്‍) സംസ്ഥാന കമ്മിറ്റി ഏകകണ്ഠേന തീരുമാനിച്ചു. എന്‍ഡിഎ, ബിജെപി എന്നിവയുമായി ചര്‍ച്ച നടത്താന്‍ പി.സി. ജോര്‍ജ്, ഇ.കെ. ഹസന്‍കുട്ടി, ജോര്‍ജ് ജോസഫ് കാക്കനാട്ട്, എം.എസ്. നിഷ, പി.വി. വര്‍ഗീസ് എന്നിവര്‍ അംഗങ്ങളായ സമിതിയെ ചുമതലപ്പെടുത്തി.
കോട്ടയത്ത് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വര്‍ക്കിങ് ചെയര്മാന് ഇ.കെ. ഹസന്‍കുട്ടി അധ്യക്ഷനായി. ചെയര്മാന് പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിച്ചു പോകുന്നതാണ് രാജ്യതാത്പര്യങ്ങള്‍ക്ക് ഉത്തമമെന്ന് യോഗം വിലയിരുത്തി.
കാര്‍ഷിക മേഖലയില്‍ മോദി സര്‍ക്കാര്‍ വിപ്ലവങ്ങള്‍ക്കു നേതൃത്വം കൊടുക്കുമ്പോള്‍ കേന്ദ്ര പദ്ധതികള്‍ക്കു തുരങ്കംവയ്ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കര്‍ഷകര്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ സംസ്ഥാനം വകമാറ്റി ചെലവഴിക്കുകയാണ്. ഇടതുപക്ഷ പ്രകടനപത്രികയിലെ വാഗ്ദാനമായ റബറിന് 250 രൂപ ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനം നടപ്പാക്കിയിട്ടു വേണം കേന്ദ്രത്തിനെതിരേ സമരം ചെയ്യാനെന്ന് യോഗം ഉദ്ഘാടനം ചെയ്ത പി.സി. ജോര്‍ജ് പറഞ്ഞു.
അഡ്വ. ഷൈജോ ഹസന്, സെബി പറമുണ്ട, ജോണ്സണ് കൊച്ചുപറമ്പില്‍, ജോര്‍ജ് വടക്കന്‍, പ്രൊഫ. ജോസഫ് ടി. ജോസ്, പി.എം. വത്സരാജ്, സജി എസ്. തെക്കേല്‍, ബാബു എബ്രഹാം, ബെന്‍സി വര്‍ഗീസ്, ഇ.ഒ. ജോണ്‍, ബീനാമ്മ ഫ്രാന്‍സിസ്, സുരേഷ് പലപ്പൂര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: