വാഷിങ്ടണ്‍: ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയില്‍ അവതരിപ്പിച്ച പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. ഗാസയിലെ അടിയന്തര വെടിനിര്‍ത്തലിന് പിന്തുണ നല്‍കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭയിലെ അമേരിക്കയുടെ ഡെപ്യൂട്ടി അംബാസഡര്‍ റോബര്‍ട്ട് വുഡ് പറഞ്ഞു.
ഹമാസ് ഇസ്രായേലിന് ഇപ്പോഴും ഭീഷണി ആയതിനാല്‍ വെടിനിര്‍ത്തലിന് സമയപരിധി വയ്ക്കാന്‍ ഇസ്രായേലിനെ നിര്‍ബന്ധിക്കാനാവില്ല. വെടിനിര്‍ത്തല്‍ അടുത്ത യുദ്ധത്തിനുള്ള വിത്തിടാന്‍ മാത്രമേ ഉപകരിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎന്‍ ചാര്‍ട്ടറിലെ 99-ാം അനുച്ഛേദ പ്രകാരം സെക്രട്ടറി ജനറലിന്റെ പ്രത്യേകാധികാരം പ്രയോഗിച്ച് വിളിച്ചുചേര്‍ത്ത അടിയന്തര രക്ഷാസമിതിയില്‍ സംസാരിക്കുകയായിരുന്നു റോബര്‍ട്ട് വുഡ്.
പ്രമേയത്തെ അനുകൂലിച്ച് 13 രാജ്യങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ ബ്രിട്ടന് വിട്ടുനിന്നു. യുഎന്‍ മേധാവി അന്റോണിയോ ഗുട്ടറസ് നിലവിലെ സ്ഥിതി രാജ്യാന്തര സമാധാനത്തിനും
സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി. വെടിനിര്‍ത്തല്‍ യുദ്ധം നീട്ടാന്‍ മാത്രമേ സഹായിക്കൂ, സമാധാനത്തിനുള്ള ഏക പോംവഴി ഹമാസിനെ ഇല്ലാതാക്കുക മാത്രമാണെന്നും ഇസ്രായേല്‍ പ്രതിനിധി പറഞ്ഞു.
അതേസമയം, വെടിനിര്‍ത്തല്‍ പ്രമേയം വീറ്റോ ചെയ്തതിന് പിന്നാലെ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന് രംഗത്തെത്തി. മധ്യേഷ്യയില്‍ അനിയന്ത്രിതമായ രീതിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി ഹുസാന് അമീര്‍ അബ്ദുള്ളാഹിയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: