ബ്രസല്‍സ്: നിര്‍മിത ബുദ്ധിയുടെ ഉപയോഗങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുന്നതിനുള്ള സമഗ്ര നിയമങ്ങളുടെ കരാറിന് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്കി. യൂറോപ്യന്‍ പാര്‍ലമെന്റും യൂണിയന്‍ അംഗങ്ങളും തമ്മില്‍ 37 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറിന് ധാരണയായത്. നിയമത്തിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2025 ന് മുമ്പ് നിയമം നിലവില്‍ വന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
‘ചരിത്രപ്രധാനം’ എന്നാണ് നിയമനിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച യൂറോപ്യന്‍ കമ്മിഷണര്‍ തിയറി ബ്രെട്ടണ്‍ ഇതിനെ വിശേഷിപ്പിച്ചത്. ബയോമെട്രിക് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള തത്സമയ നിരീക്ഷണം യൂറോപ്യന്‍ പാര്‍ലമെന്റ് നിരോധിച്ചുവെന്നും ബ്രെട്ടണ്‍ കൂട്ടിച്ചേര്‍ത്തു. ഭീകരാക്രമണം പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ പോലീസിന് എഐ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള തത്സമയ നിരീക്ഷണം നടത്താനാവും. പോലീസിന്റെ എഐ ഉപയോഗം നിരീക്ഷിക്കുന്നതിന് സ്വതന്ത്ര അധികാരികള്‍ ഉണ്ടാവും.
പുതിയ നിയമത്തിലൂടെ എഐയ്‌ക്ക് മാത്രമല്ല നിയന്ത്രണങ്ങളുണ്ടാവുക. എക്സ്, ടിക് ടോക്ക്, ഗൂഗിള്‍ ഉള്‍പ്പെടെയുള്ള പ്രധാന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും സെര്‍ച്ച് എഞ്ചിനുകളും നിയന്ത്രിക്കപ്പെടും. കരാര്‍ അംഗീകരിച്ചെങ്കിലും ചെറുകിട കമ്പനികള്‍ക്ക് പ്രയോജനം ചെയ്യുംവിധം വ്യവസ്ഥകള്‍ ലളിതമാക്കണമെന്ന നിലപാടിലാണ് ഫ്രാന്‍സും ജര്‍മനിയുമെന്ന് സ്പെയ്ന്‍ എഐ സ്റ്റേറ്റ് സെക്രട്ടറി കാര്‍മെ ആര്‍ട്ടിഗാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: