കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ വെല്ലുവിളിച്ച് സ്ഥാനാരോഹണച്ചടങ്ങ് ബഹിഷ്കരിച്ച് യൂത്ത് കോണ്‍ഗ്രസ് നിയുക്ത ജില്ലാ വൈസ് പ്രസിഡന്റ് ഫര്സീന് മജീദ്. തെരഞ്ഞെടുപ്പില്‍ വ്യാപകമായ അട്ടിമറി നടന്ന സാഹചര്യത്തില്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഫര്സീന് മജീദ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഇന്നലെ ഡിസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനനും മറ്റ് ഭാരവാഹികളും സ്ഥാനമേറ്റിരുന്നു. കെ. സുധാകരന്റെ സ്വന്തം ജില്ലയെന്ന നിലയിലാണ് അദ്ദേഹം നേരിട്ട് പരിപാടിയില്‍ പങ്കെടുത്തത്.
ഓണ്‍ലൈനായി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം നടന്നുവെന്ന ആരോപണത്തില്‍ അറസ്റ്റും പോലീസ് അന്വേഷണവും നടക്കുമ്പോഴാണ് നേതൃത്വത്തെ ഞെട്ടിച്ച് ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടയാള്‍ തന്നെ സ്ഥാനാരോഹണം ബഹിഷ്കരിച്ചത്. എന്നാല്‍ ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ചടങ്ങില്‍ നിന്ന് മാറി നിന്നതെന്നാണ് നേതൃത്വം നല്കിയ വിശദീകരണം.
ചടങ്ങില്‍ സ്ഥാനമൊഴിയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സുദീപ് ജെയിംസും താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന വി. രാഹുലും ചേര്‍ന്ന് മിനിട്സ് ബുക്ക് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായി ചുമതലയേറ്റ വിജില്‍ മോഹനന് കൈമാറി. ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കുട്ടത്തില്‍, സണ്ണി ജോസഫ് എംഎല്‍എ, മേയര്‍ ടി.ഒ. മോഹനന്, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ സോണി സെബാസ്റ്റ്യന്‍, യു.ടി. ജയന്ത്, വി.എ. നാരായണന് എന്നിവരും പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: