തിരുവനന്തപുരം: ശ്രീ ഗോകുലം മെഡിക്കല്‍ കോളജിലെ ഹോസ്റ്റലിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. ഇരവിമംഗലം ഉദയംപേരൂര്‍ മണിയറ ഗാര്‍ഡന്‍ കരുവേലി ഹൗസില്‍ ബെന്നിയുടെ മകള്‍ അതിഥി ബെന്നി (22) ആണ് മരിച്ചത്. ഗോകുലം മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഹോട്ടല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണത്. ഏഴ് ദിവസമായി തീവ്രപരിചണവിഭാഗത്തില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
കോളേജ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന അതിഥി രണ്ട് മാസമേ ആയുള്ളു അമ്മയ്‌ക്കൊപ്പം കോളേജിന് പുറത്ത് വാടകയ്‌ക്ക് വീടെടുത്ത് താമസം തുടങ്ങിയിട്ട്. റിക്കോര്‍ഡ് ബുക്ക് എടുക്കാനായി കഴിഞ്ഞ ശനിയാഴ്ച അമ്മയ്‌ക്കൊപ്പം ഹോസ്റ്റലില്‍ എത്തിയതായിരുന്നു. ഹോസ്റ്റല്‍ കെട്ടിടത്തിനകത്തേക്ക് കയറിപ്പോയ അതിഥിയെ പിന്നീട് കാണുന്നത് നിലത്ത് പരിക്കേറ്റ നിലയില്‍ വീണ് കിടക്കുന്നതാണ്. കെട്ടിടത്തില്‍ നിന്ന് നിലത്തുവീണ അതിഥിയെ സഹപാഠികളും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതിഥി കുറച്ചു ദിവസമായി മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നതായി സൂചനയുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് വെഞ്ഞാറമൂട് പോലീസ് അന്വേഷണം തുടങ്ങി. അതേസമയം മകള്‍ ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും അച്ഛൻ ബെന്നി വെഞ്ഞാറമൂട് പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: