വൃശ്ചികത്തിലെ കറുത്തപക്ഷ ഏകാദശിയിലാണ് പ്രസിദ്ധമായ തൃപ്രയാര്‍ ഏകാദശി. തൃശൂര്‍ജില്ലയിലെ തൃപ്രയാറില്‍ തീവ്രാനദിയുടെ തീരത്താണ് ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മീനത്തിലെ പൂരം നാളിലെ ആറാട്ടുപ്പുഴപൂരത്തില്‍ നായകസ്ഥാനമാണ് തൃപ്രയാര്‍ തേവര്‍ക്കുള്ളത്. കര്‍ക്കിടകത്തില്‍ ഭക്തര്‍ നാലമ്പലദര്‍ശനം ആരംഭിക്കുന്നത് ഈ രാമസന്നിധിയില്‍നിന്നാണ്. തുടര്‍ന്ന് ഭരതന്‍ കുടികൊള്ളുന്ന ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, ലക്ഷ്മണപ്രതിഷ്ഠയുള്ള മൂഴിക്കുളം ക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം എന്നിവിടങ്ങളില്‍ പുണ്യപ്രയാണം നടത്തിയാണ് നാലമ്പലദര്‍ശനം പൂര്‍ത്തിയാക്കുന്നത്. ഏകാദശിയും ആറാട്ടുപ്പുഴപൂരവും തൃപ്രയാറിലെ പ്രധാനവിശേഷങ്ങളാണ്.
ഏകാദശിനാളില്‍ ഭഗവാന്‍ ശ്രീരാമനെ കണ്ടുവണങ്ങാനും ഏകാദശിവ്രതങ്ങളില്‍ പങ്കുകൊള്ളാനും പിറ്റേന്ന് ദ്വാദശിപ്പണസമര്‍പ്പണത്തിനും പ്രസാദമായ ദ്വാദശി ഊട്ടില്‍ പങ്കുകൊള്ളാനുമായി പതിനായിരങ്ങളാണ് ഇന്നും നാളെയുമായി പരമപവിത്രമായ ഈ ക്ഷേത്രസന്നിധിയിലെത്തുക.
ഏകാദശി വൈവിധ്യങ്ങള്‍
ഭൂരിപക്ഷേകാദശി എന്നും ആനന്ദപക്ഷ ഏകാദശി എന്നും ഏകാദശി പ്രധാനമായും രണ്ടുവിധമാണുള്ളത്. ഇതില്‍ ഇവരണ്ടും യഥാക്രമം പിതൃപക്ഷ ഏകാദശിയെന്നും ദേവപക്ഷ ഏകാദശിയെന്നും അറിയപ്പെടുന്നു. ദശമി ബന്ധമുള്ള ഏകാദശിയാണ് ഭൂരിപക്ഷ ഏകാദശി. ദ്വാദശീ ബന്ധമുള്ളത് ആനന്ദപക്ഷമാണ്. കേരളത്തില്‍ ആനന്ദപക്ഷഏകാദശിക്കാണ് ഏറെ പ്രാധാന്യം. ദ്വാദശീബന്ധമുള്ള ഏകാദശിക്ക് ഹരിവാസരം എന്നാണ് പേര്‍. ഇതാണ് തൃപ്രയാറില്‍ ഏറെ ആചാരപൂര്‍വം ആഘോഷിക്കുന്നത്. ഇന്നേദിവസം വ്രതം അനുഷ്ഠിക്കുന്നവര്‍ മരിച്ചാല്‍ വിഷ്ണുലോകം പ്രാപിക്കുമെന്നാണ് വിശ്വാസം. ദശമീബന്ധമുള്ള ഏകാദശിവ്രതം അനുഷ്ഠിക്കുന്നവര്‍ നരകത്തില്‍ പോകുമെന്നും വിശ്വാസമുണ്ട്.
സാധാരണയായി വിഷ്ണുക്ഷേത്രത്തില്‍ ശുക്ലപക്ഷ ഏകാദശിയാണ് ആചരിക്കപ്പെട്ടുവരുന്നത്. എന്നാല്‍ തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രത്തില്‍ കൃഷ്ണപക്ഷ ഏകാദശിക്കാണ് പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നത്. ത്രിമൂര്‍ത്തികളില്‍ ബ്രഹ്മാവ് സൃഷ്ടിയുടേയും വിഷ്ണു പരിപാലനത്തിന്റേയും ശിവന്‍ സംഹാരത്തിന്റേയും മൂര്‍ത്തിയാണ്. ശക്തിസമേതനായ ശിവന്‍ തന്നെയാണ് സാക്ഷാല്‍ രാമന്‍. ശിവനില്‍ മാത്രമേ സംഗമ സൃഷ്ടിസ്ഥിതിസംഹാരകലകള്‍ മൂന്നുംകൂടി ഉള്‍ക്കൊള്ളുന്നുള്ളൂ. അതിനാല്‍ ശ്രീരാമനെ തൊഴുതാല്‍ ത്രിമൂര്‍ത്തികളെ ദര്‍ശിച്ച ഫലം ലഭിക്കുമത്രേ. വിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ പൂര്‍ണമായിട്ടുള്ളതാണ് ശ്രീരാമാവതാരം. വില്ലാളിവീരന്‍മാരായി അനേകം ദേവഗണങ്ങളുണ്ടെങ്കിലും രാമബാണത്തിന്റെ ശക്തി ഒന്നുവേറെത്തന്നെയാണ്.
വൃശ്ചികത്തിലെ വെളുത്തപക്ഷത്തിലെ ഗുരുവായൂര്‍ ഏകാദശിയും(ദേവോത്ഥാന ഏകാദശിഗീതാദിനം) ധനുമാസത്തിലെ ശുകഌപക്ഷത്തിലെ നെല്ലുവായ്ഏകാദശിയും(സ്വര്‍ഗവാതില്‍ ഏകാദശി) മകരത്തിലെ ശുകഌപക്ഷത്തിലെ കടവല്ലൂര്‍ ഏകാദശിയും കുംഭത്തില്‍ ശുക്ലപക്ഷത്തിലെ തിരുന്നാവായ ഏകാദശിയും (ഭീമൈകാദശി) കുംഭത്തിലെത്തന്നെ കറുത്തപക്ഷത്തിലെ തിരുവില്വാമല ഏകാദശിയുമെല്ലം ഏകാദശികളില്‍ ഏറെ പ്രസിദ്ധമാണ്.
തൃപ്രയാര്‍ ഒഴികെയുള്ള ശ്രീരാമക്ഷേത്രങ്ങളിലെല്ലാം ശംഖചക്രഗദാ ഭുജധാരിയായ വിഷ്ണുവിന്റെ രൂപത്തിലാണ് ബിംബം. എന്നാല്‍ തൃപ്രയാര്‍ തേവര്‍ അഥവാ തൃപ്രയാറപ്പന്‍ ശംഖ്, ചക്രം, അക്ഷമാല, ചാപം എന്നിങ്ങനെ ധരിച്ചുകൊണ്ടുള്ള രൂപത്തിലാണ് തീവ്രാനദിയുടെ തീരത്ത് കുടികൊള്ളുന്നത്. ശംഖും ചക്രവും വിഷ്ണ്വാത്മകവും അക്ഷമാല ബ്രഹ്മാത്മകവും ചാപം ശൈവാത്മകവുമാണ്. വൈഷ്ണവര്‍ക്കെന്നപോലെ ശക്ത്യുപാസകര്‍ക്കും ഏകാദശിവ്രതാനുഷ്ഠാനം ശ്രേയസ്‌കരമാണെന്ന സങ്കല്‍പ്പത്തെ സ്പഷ്ടീകരിക്കുന്നതാണ് ശ്രീരാമചന്ദ്രന്റെ പീഠത്തിന്‍മേല്‍ തന്നെ വലത്തും ഇടത്തുമായി ശ്രീഭഗവതിയേയും ഭൂമീദേവിയേയും പ്രതിഷ്ഠിച്ചിരിക്കുന്നത്. മറ്റൊരു ക്ഷേത്രത്തില്‍ ഏകാദശിനോല്‍ക്കുന്നതിനേക്കാള്‍ ഫലപ്രദമാണ് തൃപ്രയാര്‍ ഏകാദശി നോല്‍ക്കുന്നത്.
ഭഗവാന്റെ മീനൂട്ട്
ഇഹലോകവാസവും പരലോകമോക്ഷപ്രാപ്തിയുമാണ് ഏകാദശിവ്രതത്തിന്റെ ഫലം. ഏകാദശിയുടെ തലേന്ന് ഒരിക്കലെടുക്കണം. കട്ടിലിന്‍മേലോ മെത്തമേലോ കിടക്കരുത്. ഏകാദശിനാള്‍ വെളുപ്പിന് കുളിച്ച് ശരീരശുദ്ധിവരുത്തി വെളുത്തവസ്ത്രം ധരിക്കണം. എണ്ണതേച്ചുകുളിക്കരുത്. വിഷ്ണുക്ഷേത്രദര്‍ശനം കഴിഞ്ഞ് തുളസീതീര്‍ഥം സേവിച്ച് വ്രതം ആചരിക്കണം. ക്ഷേത്രത്തില്‍ നാമംജപിച്ചുകൊണ്ട് പ്രദക്ഷിണം നടത്തണം. അരിഭക്ഷണം അരുത്. ഭക്ഷണം നിര്‍ബന്ധമുള്ളവര്‍ക്ക് ഗോതമ്പ്, ചാമ മുതലായ ധാന്യങ്ങള്‍ കഞ്ഞിവച്ചു കുടിക്കാം. വേവിച്ച കിഴങ്ങുകള്‍, ചെറുപയര്‍ മുതലായ ഫലങ്ങള്‍ എന്നിവയുമാവാം. അതും വളരെ കുറച്ച്. താംബൂലചര്‍വ്വണം ഉപേക്ഷിക്കണം. ഭഗവല്‍നാമജപം, പുരാണപാരായണം, വിഷ്ണുക്ഷേത്രസന്നിധികളില്‍ വിശ്രമം ഇങ്ങനെയായിരിക്കണം. പകല്‍ ഉറങ്ങാന്‍ പാടില്ല. ദാഹം മാറ്റാന്‍ തുളസീദളമിട്ട വെള്ളം മാത്രമേ കുടിക്കാവൂ. ചുരുക്കത്തില്‍ ശുദ്ധഉപവാസം. ദ്വാദശിനാളില്‍ നേരത്തെ കുളിച്ച് വിഷ്ണുദര്‍ശനം ചെയ്തശേഷം മാത്രമേ പാരണകഴിച്ച് ഉപവാസം അവസാനിപ്പിക്കാവൂ.
തൃപ്രയാറപ്പന്റെ ശിവചൈതന്യം മൂലമാണ് ഇവിടെ കറുത്തപക്ഷഏകാദശി പ്രധാനമായത്. ഏകാദശിനാളിലെ ഭഗവാന്റെ നിര്‍മാല്യദര്‍ശനം ശ്രേഷ്ഠവും പുണ്യദായകവുമാണ്. ഏകാദശിനാളില്‍ രാത്രിയില്‍ ഭഗവാന് ദ്വാദശിസമര്‍പ്പണമുണ്ട്. ഈസമയം ഭഗവാനെ ദര്‍ശിച്ച് പ്രാര്‍ഥിച്ച് കാണിക്കയര്‍പ്പിക്കുന്നത് പ്രധാനമാണ്. ഏകാദശിത്തലേന്ന് നടക്കുന്ന ദശമിവിളക്കിന് പ്രധാനപ്രതിഷ്ഠയായ ശ്രീരാമന് പകരം ശാസ്താവിനെയാണ് എഴുന്നള്ളിക്കുന്നത്. എഴുന്നള്ളിപ്പ് ശാസ്താവിനെയാണെങ്കിലും വിളക്ക് സമര്‍പ്പിക്കുന്നത് തൃപ്രയാര്‍ തേവര്‍ക്കാണ്. കതിനാവെടിയും മീനൂട്ടുമാണ് ക്ഷേത്രത്തിലെ പ്രധാനവഴിപാട്. ഭക്തര്‍സമര്‍പ്പിക്കുന്ന അന്നം സ്വീകരിക്കാന്‍ ഭഗവാന്‍ ഭഗവാന്‍ മത്സ്യരൂപത്തിലെത്തുമെന്ന വിശ്വാസത്തിലാണ് മീനൂട്ട് നടത്തുന്നത്. ഭഗവാന് ആടിയ എണ്ണ വാതപിത്തരോഗങ്ങള്‍ക്ക് ഉത്തമ ഔഷധമാണ്. ക്ഷേത്രത്തില്‍ ഹനുമാന്റെ പ്രതിഷ്ഠയില്ലെങ്കിലും രാമനാമം ജപിക്കുന്നിടത്തെല്ലാം ഹനുമാന്റെ സാന്നിധ്യമുണ്ടാകുമെന്ന വിശ്വാസത്തില്‍ ഹനുമദ്പ്രീതിക്കും സര്‍വാഭീഷ്ഠസിദ്ധിക്കുമായി നിത്യവും സുന്ദരകാണ്ഡപാരായണവും അവില്‍നിവേദ്യവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: