കൊല്‍ക്കത്ത: അമേരിക്കയിലെ സൗത്ത് ഹാഡ്ലി സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ഗണിത ശാസ്ത്രത്തിലും ബിരുദം നേടി, ജെപി മോര്ഗന് ചെയ്സില്‍ ഇന്‍വെസ്റ്റര്‍ ബാങ്കര്‍ ജോലിയും കഴിഞ്ഞ് രാഷ്ട്രീയ മോഹവുമായി ഭാരതത്തില്‍ തിരിച്ചെത്തിയ മഹുവ മൊയ്ത്ര വന്നടിഞ്ഞത് കോണ്‍ഗ്രസില്‍. 2009ല്‍ രാഹുല്‍ ഗാന്ധി ഏറെ പ്രതീക്ഷയോടെ ആവിഷ്കരിച്ച ആം ആദ്മി കാ ശിപാഹി പരിപാടിയില്‍ വലംകൈ. കോണ്‍ഗ്രസ് പ്രണയം ഒറ്റവര്‍ഷത്തില്‍ തീര്‍ന്നു. 2010ല്‍ തൃണമൂലില്‍ ചേര്‍ന്നു. ആദ്യം എംഎല്‍എ, പിന്നെ എംപി.
രാഷ്ട്രീയത്തില്‍ വന്ന കാലം മുതല്‍ വിവാദം സൃഷ്ടിക്കാന്‍ മിടുക്കിയായിരുന്നു മഹുവ. കാളീദേവിയെ വരെ അപമാനിച്ചു. എന്തു പറയാനും ചെയ്യാനും തൃണമൂല്‍ മേധാവിയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ തണല്‍ നന്നായി ഉപയോഗിച്ചു. അമേരിക്കന്‍, വെസ്റ്റേണ്‍ പോഷ് ലൈഫിന്റെ ആരാധികയായ മഹുവ ജീവിതത്തിലങ്ങനെ കൂട്ടുകാരെ അധികം വാഴിച്ചില്ല. ഡാനിഷ് ഫൈനാന്‍സറായ കാര്‍സ് ബ്രോസണെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധത്തിന് ആയുസ്സുണ്ടായില്ല.
വളരെ യാദൃച്ഛികമായി ഒരു ചടങ്ങിലാണ് അഭിഭാഷകനായ ജയ് അനന്ത് ദെഹാദ്രായിയെ മഹുവയെ പരിചയപ്പെട്ടത്. പിന്നെ അടുപ്പം, പ്രണയം, ഹ്രസ്വകാലത്തേക്ക് ഒന്നിച്ചു ജീവിതം. വൈകാതെ അനന്തിനെയും ഒഴിവാക്കി. പുറത്താക്കിയ പങ്കാളി എന്നാണ് അനന്തിനെ ഈ സമയത്ത് മഹുവ വിശേഷിപ്പിച്ചത്. കാമുകനെ ഒഴിവാക്കിയെങ്കിലും അയാള്‍ 75,000 രൂപയ്ക്കു വാങ്ങിയ റോട്ട്വീലര് നായ ഹെന്റിയെ മഹുവ അടിച്ചു മാറ്റി. ഹെന്റിയെ വിട്ടു കിട്ടാന്‍ പോലീസില്‍ പരാതി നല്കിയ അനന്ത്. ഒരു പാര്‍ട്ടിക്കിടെ ചുരുട്ടും വലിച്ചിരിക്കുന്ന മഹുവയുടെ ചിത്രം പുറത്തു വന്നപ്പോള്‍ ഇതിനു പിന്നില്‍ അനന്ത് ആണെന്നു പറഞ്ഞ് അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തു മഹുവ.
ജയ് അനന്ത് ബിജെപി എംപി മിഷികാന്ത് ദുബെയ്ക്കയച്ച കത്താണ് മഹുവ പാര്‍ലമെന്റില്‍ ഉന്നയിക്കുന്ന ചോദ്യങ്ങളുടെ കള്ളക്കളി പുറത്തു കൊണ്ടു വന്നത്. അദാനി ഗ്രൂപ്പിനെ ഉന്നം വച്ച് മഹുവ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഹീരാനന്ദാനി ഗ്രൂപ്പില്‍ നിന്ന് കൈക്കൂലി വാങ്ങുന്നു എന്നാണ് ജയ് അനന്ത് കത്തില്‍ പറഞ്ഞിരുന്നത്. മഹ്വയെ പാര്‍ലമെന്റില്‍ നിന്നു പുറത്താക്കണം എന്നാവശ്യപ്പെട്ട് നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കര്‍ക്ക് കത്ത് നല്കി. പിന്നെ പാര്‍ലമെന്റ് സമിതിയുടെ കണ്ടെത്തലുകളും ഇന്നലെ പുറത്താക്കലും.
നിഷികാന്ത് ദുബെയ്ക്ക് കത്തയച്ചതിനൊപ്പം മഹുവ-ഹിരാനന്ദാനി ബന്ധം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സിബിഐക്ക് പരാതി നല്‍കിയിരുന്നു അനന്ത്. കഴിഞ്ഞ ഒക്ടോബറില്‍ അപകീര്‍ത്തിക്കേസ് ദല്‍ഹി ഹൈക്കോടതിയില്‍ വന്നപ്പോള്‍ നാണംകെട്ട ഒത്തുതീര്‍പ്പിനു ശ്രമിച്ചു മഹുവ. എനിക്കെതിരായ സിബിഐ കേസ് പിന്‍വലിച്ചാല്‍ അപകീര്‍ത്തിക്കേസ് ഞാനും പിന്‍വലിക്കാം, റോട്ട്വീലര് ഹെന്റിയെ തിരിച്ചും നല്‍കാം എന്നായിരുന്നു ആ നിര്‍ദേശം. ഈ ഒത്തുതീര്‍പ്പ് കോടതിയില്‍ അവതരിപ്പിച്ചത് മഹുവയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഗോപാല്‍ ശങ്കരനാരായണനും നാണക്കേടായി. കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഗോപാല്‍ ശങ്കരനാരായണന് മഹുവയ്ക്കു വേണ്ടി ഹാജരാകുന്നതില്‍ നിന്ന് പിന്മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: