സംഗീതസംവിധായകന്‍ എ.ആര്‍.റഹ്മാന്റെ ഔചിത്യബോധമില്ലായ്മയെയും വിവരമില്ലായ്മയെയും പഴിച്ച് സമൂഹമാധ്യമങ്ങള്‍. ചെന്നൈ നഗരം പ്രളയത്തിന്റെ നഖമുനയിലുടക്കി ഇപ്പോഴും നിലവിളിക്കുമ്പോള്‍ എ.ആര്‍. റഹ്മാന്‍ തന്റെ പുതിയ പാട്ട് സമൂഹമാധ്യമത്തില്‍ പങ്കുവെയ്‌ക്കുകയായിരുന്നു. ഈ പാട്ടിനൊപ്പം റഹ്മാന്‍ നല്‍കിയ അടിക്കുറിപ്പാണ് ആളുകളെ ചൊടിപ്പിച്ചത്. അത് ഇപ്രകാരമാണ്: “താളത്തെ സ്വീകരിക്കുക. ഈ ഗാനത്തിലെ ചടുലമായ സ്പന്ദനങ്ങള്‍ നിങ്ങളുടെ നൃത്തത്തെ നയിക്കട്ടെ”.
ഇതോടെ സമൂഹമാധ്യമങ്ങളില്‍ രോഷവും സങ്കടവും അണപൊട്ടി. അനുചിതമായ സമയത്താണ് റഹ്മാന്‍ പാട്ട് പങ്കുവെച്ചതെന്നും ഇത് വിവരക്കേടാണെന്നും ഒരാള്‍ പ്രതികരിച്ചു. പിപ്പ എന്ന ചിത്രത്തിന് വേണ്ടി റഹ്മാന്‍ തയ്യാറാക്കിയ മേന്‍ പര്‍വനാ എന്ന ഗാനമാണ് ഇത്.
ഔചിത്യമില്ലാത്ത റഹ്മാന്റെ പിആര്‍ ഏജന്‍റിനെ എത്രയം വേഗം പുറത്താക്കണമെന്നായിരുന്നു മറ്റൊരു പ്രതികരണം. പ്രളയത്തില്‍ മരണവുമായി മല്ലിടുന്നതിനിടയില്‍ ഇത്തരമൊരു പോസ്റ്റ് ദൗര്‍ഭാഗ്യകരമായിപ്പോയി എന്നും മറ്റൊരാള്‍ പ്രതികരിക്കുന്നു. നൂറുകണക്കിന് പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
പിപ്പ എന്ന സിനിമയിലെ മറ്റൊരു ഗാനവുമായി ബന്ധപ്പെട്ട് റഹ്മാനെതിരെ മറ്റൊരു വിവാദം ഉയരുന്നതിനിടെയാണ് വീണ്ടും കുഴപ്പത്തില്‍ ചാടിയത്. കവി നസ്രുള്‍ ഇസ്ലാമിന്റെ കവിത ഈ സിനിമയ്‌ക്ക് വേണ്ടി സംഗീതം ചെയ്ത് കവിതയുടെ സൗന്ദര്യം നശിപ്പിച്ചു എന്ന് ആരോപിച്ച് കവിയുടെ കുടുംബം തന്നെ റഹ്മാനെതിരെ വന്നിട്ടുണ്ട്. നസ്രുള്‍ ഇസ്ലാമിന്റെ കൊച്ചുമകന്‍ അനിര്‍ബനാണ് കവിത വികൃതമാക്കിയെന്നാരോപിച്ച് രംഗത്തെത്തിയത്. മൃണാള്‍ താക്കൂര്‍, ഇഷാന്‍ ഖട്ടര്‍ എന്നിവര്‍ അഭിനയിക്കുന്ന ചിത്രമാണ് പിപ്പ. ആമസോണ്‍ പ്രൈമില്‍ നേരിട്ടാണ് സിനിമ റിലീസ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: