ചെന്നൈ: ‘ആറ് പേരാണ് മരിച്ചത്. സംസ്കരിക്കാന്‍ സൗകര്യമുണ്ടായിരുന്നില്ല. മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സുമില്ല. സര്‍ക്കാരോ കൗണ്‍സിലറോ പോലും തിരിഞ്ഞുനോക്കിയില്ല. സൈക്കിള്‍റിക്ഷയിലാണ് ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. അവിടെയും വെള്ളം… മൃതദേഹങ്ങള്‍ മരത്തില്‍ കെട്ടിവച്ച് മടങ്ങിപ്പോരേണ്ടിവന്നു… പ്രളയത്തില്‍ വലഞ്ഞ ചെന്നൈ കോര്‍പ്പറേഷനിലെ പ്രതിഷേധ ശബ്ദങ്ങളിലൊന്നാണിത്.
മിഗ്ജോം ചുഴലിക്കാറ്റിനോട് അനുബന്ധിച്ചുണ്ടായ അതിതീവ്ര മഴയിലെ ദുരിതം കണ്ടുനില്ക്കുകയാണ് സ്റ്റാലിന് സര്‍ക്കാരെന്നാണ് ആക്ഷേപം. മാലിന്യം നീക്കാന്‍പോലും ആളുകളില്ല. രാജ്യത്തെ മറ്റെല്ലായിടത്തും ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഉണ്ടാകുമ്പോള്‍ കരുതല്‍ നടപടികള്‍ എടുക്കും. ഇവിടെ ഒന്നുമില്ല.
അഞ്ച് ദിവസമായി വൈദ്യുതി പലയിടത്തും ഇല്ലാതായിട്ട്. ചെന്നൈയിലെ പുലിയന്തോപ്പുകാര്ക്ക് എല്ലാം മഴയും പ്രളയമാണ്. പിന്നെ ദുരിതവും. ഭക്ഷണം കിട്ടാനില്ല. കിണറുകളില്‍ മാലിന്യം നിറഞ്ഞു. കുടിവെള്ളമില്ല. പ്രദേശത്ത് മരിച്ച നാല് പേരുടെ മൃതദേഹങ്ങള്‍ മൂന്ന് ദിവസം വെള്ളത്തില്‍ ഒഴുകി നടന്നു. ചത്ത പട്ടികളും പൂച്ചകളും വേസ്റ്റ്ബിന്നുകളില് നിറഞ്ഞുകവിഞ്ഞു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കുട്ടികളടക്കമുള്ളവര്‍ താമസിക്കുന്നത്. ഡെങ്കുവടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുതുടങ്ങിയിരിക്കുന്നു. പ്രദേശത്തെ എംഎല്‍എയും കൗണ്‍സിലര്‍മാരുമെല്ലാം ഡിഎംകെക്കാരാണ്. ഒരാളും ഇതുവരെയും തിരിഞ്ഞുനോക്കിയിട്ടില്ല.
ഗ്രേറ്റര്‍ ചെന്നൈ കോര്പ്പറേഷന് (ജിസിസി) മുമ്പില്‍ കഴിഞ്ഞ ദിവസം ജനങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ചുഴലിക്കാറ്റ് ഉണ്ടാവുമെന്ന് കണ്ട് എന്തുകൊണ്ട് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നതാണ് ഉയരുന്ന ചോദ്യം. എട്ടടി വരെയാണ് നഗരത്തില്‍ വെള്ളമുയര്‍ന്നത്. അതേസമയം അവസരം നോക്കി മുതലെടുക്കുകയാണ് കച്ചവടക്കാര്‍. അതും നിയന്ത്രിക്കാന്‍ സര്‍ക്കാരിനാകുന്നില്ല. എങ്ങും കരിഞ്ചന്തയാണ്. സാധനങ്ങള്‍ വലിയ ക്ഷാമമാണ്. ഒരു കുപ്പി വെള്ളത്തിന് 60 രൂപയാണ്. പാലിന് 150 രൂപയും, എഗ്മോറിലുള്ളവര് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: