Categories: Kerala

ഹാദിയ പ്രശ്നം വിവാദത്തിലേക്ക്; മകള്‍ ഹാദിയയെ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് പരാതിയുമായി അച്ഛന്‍ അശോകന്‍

മകള്‍ ഹാദിയ എന്ന അഖിലയുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും മകള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയുന്നില്ലെന്നും പരാതിപ്പെട്ട് അച്ഛന്‍ അശോകന്‍ കേരളാ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തു.

Published by

കൊച്ചി: മകള്‍ ഹാദിയ എന്ന അഖിലയുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും മകള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയുന്നില്ലെന്നും പരാതിപ്പെട്ട് അച്ഛന്‍ അശോകന്‍ കേരളാ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തു. ഇതോടെ ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുകയും സുപ്രീംകോടതി വരെ പോവുകയും ചെയ്ത ഹാദിയ-ഷെഫീന്‍ ജഹാന്‍ വിഷയം വീണ്ടും മാധ്യമശ്രദ്ധനേടുകയാണ്. .

കഴിഞ്ഞ ഒരു മാസമായി മകള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അതിനാലാണ് ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്യുന്നതെന്നും അശോകന്‍ പറയുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാര്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവര്‍ അടുത്തയാഴ്ച കേസില്‍ വാദം കേള്‍ക്കും. തന്റെ മകള്‍ നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലര്‍ ഫ്രണ്ടില്‍ അംഗങ്ങളായവരുടെ നിയമവിരുദ്ധ കസ്റ്റഡിയിലാണെന്നും അദ്ദേഹം ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹാദിയ കേസില്‍ ആറാം പ്രതിയായ ഷെഫീന്‍ ജഹാനും നാലാം പ്രതിയും ചേര്‍ന്ന് തന്റെ മകളെ ഉപദ്രവിക്കാന്‍ സാധ്യതയുണ്ടെന്നും നാലാംപ്രതിയും ആറാം പ്രതിയായ മകളുടെ ആദ്യ ഭര്‍ത്താവ് ഷെഫീന്‍ ജഹാന്‍ നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലര്‍ ഫ്രണ്ടില്‍ അംഗമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഹാദിയ ആദ്യ ഭര്‍ത്താവായ ഷെഫീന്‍ ജഹാനുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയെന്നും രണ്ടാമത് മറ്റൊരു മുസ്ലിമിനെ വിവാഹം ചെയ്തെന്നുമുള്ള വാര്‍ത്ത ആദ്യമായി ലവ് ജിഹാദിനെതിരെ പ്രവര്‍ത്തിക്കുന്ന ക്രിസ്തീയ സംഘടന കാസയുടെ നേതാവ് കെവിന്‍ പീറ്റര്‍ വെളിപ്പെടുത്തിയതോടെയാണ് ഹാദിയ പ്രശ്നം ചര്‍ച്ചാവിഷയമായത്. അശോകന്‍ എന്നയാളുടെ മകള്‍ അഖിലയാണ് ഹോമിയോ ഡോക്ടറാകാന്‍ പഠിക്കുന്നതിനിടെ ഇസ്ലാമിലേക്ക് മതം മാറി ഹാദിയായത്. അതിന് പിന്നാലെ ഹാദിയ കൊല്ലം സ്വദേശിയായ ഷെഫീന്‍ ജഹാനെ വിവാഹം കഴിച്ചതോടെ ഇത് ലവ് ജിഹാദാണെന്ന് ആരോപിച്ച് വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടു.

ഹാദിയയായി മാറിയ മകള്‍ അഖില ഭീഷണിക്കുള്ളിലാണ് ജീവിക്കുന്നതെന്നാണ് താന്‍ കരുതുന്നതെന്ന് കഴിഞ്ഞ ദിവസം അച്ഛന്‍ അശോകന്‍ ആരോപിച്ചിരുന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഖാലിദ് ദസ്തഗീര്‍ എന്ന പേരുള്ള ഒരു മുസ്ലിം യുവാവിനെയാണ് ഹാദിയ രണ്ടാമത് വിവാഹം കഴിച്ചതെന്നാണ് വാര്‍ത്ത. അതീവ രഹസ്യമായാണ് വിവാഹം നടന്നതെന്നും ഇത് എന്തിനാണ് ഇത്ര രഹസ്യമാക്കി വെയ്‌ക്കുന്നതും അറിയുന്നില്ലെന്നും ഇനി അവള്‍ പൊട്ടിത്തെറിക്കുമോ (ഐഎസ് ഐഎസ് മോഡലില്‍ ബോംബ് സ്ഫോടനത്തിലൂടെയുള്ള പൊട്ടിത്തെറി) എന്ന് പേടിയുണ്ടെന്നും അച്ഛന്‍ അശോകന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു.

2017ല്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വതന്ത്രമായി വിവാഹം ചെയ്ത് ജീവിക്കാന്‍ അവകാശമുണ്ടെന്ന് പറഞ്ഞ് സുപ്രീംകോടതിയാണ് മകള്‍ അഖിലയെ വിട്ടുകിട്ടാനുള്ള അച്ഛന്‍ അശോകന്റെ അഭ്യര്‍ത്ഥന തള്ളിക്കളഞ്ഞ് ഹാദിയയെ ഷെഫീന്‍ ജഹാനോടൊപ്പം ജീവിക്കാന്‍ അനുവദിച്ചത്. എന്നാല്‍ നേരത്തെ 2016ല്‍ ഈ കേസില്‍ വാദം കേട്ട കേരള ഹൈക്കോടതി ഹാദിയയും ഷെഫീന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കിയിരുന്നു. ഹാദിയയെ അച്ഛന്‍ അശോകന്റെ കൂടെ ആറ് മാസത്തേക്ക് അയയ്‌ക്കാനും ഹൈക്കോടതി തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ഭര്‍ത്താവ് ഷെഫീന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഹാദിയ-ഷെഫീന്‍ ജഹാന്‍ വിവാഹബന്ധത്തെ അനുകൂലിച്ച് വിധി പ്രസ്താവിച്ചത്. ഈ കേസില്‍ സുപ്രീംകോടതിയില്‍ ഷെഫീന്‍ ജഹാന് വേണ്ടി വാദിക്കാന്‍ മുസ്ലിം സംഘടനകള്‍ ഒരു ദിവസം കൊണ്ട് ഒരു കോടി രൂപ വരെ സമാഹരിച്ചതോടെ വലിയ വാര്‍ത്തയായി ഹാദിയ-ഷെഫീന്‍ ജഹാന്‍ കേസ് മാറി.

ഹാദിയയുടെ രണ്ടാം വിവാഹം രഹസ്യമായി നടത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് അശോകന്‍ ഇപ്പോഴും വിശ്വസിക്കുന്നു. തനിക്ക് അയാളോടൊത്ത് ജീവിക്കാന്‍ പറ്റുന്നില്ലെന്ന് ഒരിക്കല്‍ അഖില എന്ന ഹാദിയ പറഞ്ഞതായി അച്ഛന്‍ അശോകനും ഈയിടെ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴും സൈനബയുടെ (ഒരു മുസ്ലിം വനിതാവിഭാഗത്തിന്റെ നേതാവ്) കീഴിലാണ് ഹാദിയയെന്നും അശോകന്‍ ആരോപിക്കുന്നു.

ഹാദിയയെ ആദ്യം വിവാഹം ചെയ്ത ഷെഫീന്‍ ജഹാന്‍ എവിടെ?- ഉത്തരം കിട്ടണമെന്ന് എ.പി. അഹമ്മദ് മാസ്റ്റര്‍
ഇതിനിടെ ഹാദിയയെ ആദ്യം വിവാഹം ചെയ്ത ഷെഫീന്‍ ജഹാന്‍ എവിടെ എന്ന കാര്യം വ്യക്തമാക്കണെന്ന് എ.പി. അഹമ്മദ് മാസ്റ്റര്‍ എന്ന സ്വതന്ത്രചിന്തകന്‍ ഈയിടെ യുട്യൂബ് ചാനലിലെ അഭിമുഖത്തില്‍ ആവശ്യപ്പെട്ടതോടെ ഹാദിയയുടെ രണ്ടാം വിവാഹം കൂടുതല്‍ വിവാദത്തിലായി. .

ഷെഫിന്‍ ജഹാനെക്കൊണ്ട് ഹാദിയയെ കല്യാണം കഴിപ്പിച്ചിരിക്കുന്നു എന്ന് പറഞ്ഞ് കോടതിയില്‍ ഹാജരാക്കിയ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കള്‍ ഹാദിയ എന്ന അഖില അശോകന്റെ കാര്യത്തില്‍ ചില കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പാകെ വിശദീകരിക്കേണ്ടതുണ്ടെന്ന് എ.പി. അഹമ്മദ് മാസ്റ്റര്‍ ഈ അഭിമുഖത്തില്‍ പ്രസ്താവിച്ചിരുന്നു.
ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വിവാഹം നടത്താന്‍ മുന്‍കയ്യെടുത്തവര്‍ ഇപ്പോള്‍ ജനങ്ങളോട് ഉത്തരം പറയേണ്ട രണ്ട് കാര്യങ്ങളുണ്ട്: ഒന്ന്, അഖില എന്ന ഹാദിയയ്‌ക്ക് എന്ത് പറ്റി? അവര്‍ വീണ്ടും വിവാഹം കഴിച്ചോ? അഖില എന്ന ഹാദിയയെ ആദ്യം വിവാഹം ചെയ്ത ഷെഫീന്‍ ജഹാന്‍ എവിടെ? ഈ ചോദ്യങ്ങള്‍ക്കെല്ലാം പോപ്പുലര്‍ ഫ്രണ്ട് ഉത്തരം പറയണം. എ.പി. അഹമ്മദ് മാസ്റ്റര്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

തന്റെ മകളെ വിറ്റ് ചിലര്‍ പണമുണ്ടാക്കുന്നോ എന്ന് സംശയമുണ്ടെന്ന് അഖില എന്ന ഹാദിയയുടെ അമ്മ പൊന്നമ്മ
തന്റെ മകള്‍ അഖില എന്ന ഹാദിയയെ വിറ്റ് ചിലര്‍ പണം വാങ്ങുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും അമ്മ പൊന്നമ്മയും ഈയിടെ ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കുറയാതെ ഒരു 25 ലക്ഷമെങ്കിലും കിട്ടിയിട്ടുണ്ടാകുമെന്നും പൊന്നമ്മ പറഞ്ഞതും ഹാദിയ പ്രശ്നത്തെ കൂടുതല്‍ വിവാദമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക