കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയുടെയും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെയും പൊതുവിദ്യാഭ്യാസ രംഗത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ സമൂഹത്തില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. റോഡരികിലൂടെ പോകുന്നവര്‍ പഞ്ചനക്ഷത്രഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച് വിദ്യാലയത്തില്‍ കയറി ചിലര്‍ റൂം ബുക്ക് ചെയ്യാന്‍ ശ്രമിച്ചു എന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ അവകാശവാദം. കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ കുതിപ്പ് ഉണ്ടായിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിലും വിദ്യാര്‍ത്ഥികളുടെ പഠനനിലവാരത്തിലും വന്‍തോതിലുള്ള വളര്‍ച്ച രേഖപ്പെടുത്തിയെന്നുമാണ് വിദ്യാഭ്യാസമന്ത്രി പൊതുജനങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നത്. അതേസമയം കേരളത്തിലെ പരീക്ഷകളും മൂല്യനിര്‍ണയവും യാഥാര്‍ത്ഥ്യത്തെ മറച്ചുവെച്ച്, വിദ്യാര്‍ത്ഥികളെ ചതിക്കുന്ന സമീപനമാണ് കൈക്കൊണ്ടുവരുന്നതെന്നും അതിനു പരിഹാരം വേണമെന്നുമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിലപാട്.
കേരളത്തിലെ പത്താം ക്ലാസ് പരീക്ഷാഫലത്തില്‍, ഓരോ വര്‍ഷം കഴിയുന്തോറും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടുന്നവരുടെ കണക്ക് അദ്ഭുതാവഹമായാണ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്. ഇത് കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാര വളര്‍ച്ചയുടെ സൂചകമാണെന്ന് ഒരു ഭാഗം അവകാശപ്പെടുമ്പോള്‍ ഇത് യാഥാര്‍ത്ഥ്യത്തെ മറച്ചുവെച്ച് വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്ന, പൊതുസമൂഹത്തെ കൊഞ്ഞനം കുത്തുന്ന സമീപനമാണ് എന്നാണ് മറ്റൊരു പക്ഷത്തിന്റെ വാദം. ഈ വാദത്തിന് ശക്തി പകരുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അഭിപ്രായം.
2013 മുതല്‍ 2023 വരെയുള്ള പത്താം ക്ലാസ് പരീക്ഷയുടെ കണക്കുകള്‍ ഇന്ന് പൊതു ചര്‍ച്ചയ്‌ക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. 2013ല്‍ നാലര ലക്ഷത്തില്‍ അധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ 94% വിജയവും 2.23% വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസുമാണ് നേടിയത്. എന്നാല്‍ അത് 2023 മാര്‍ച്ചില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളില്‍ നാല്‍പതിനായിരം വിദ്യാര്‍ത്ഥികളുടെ ഇടിവുണ്ടായി. പരീക്ഷാഫലം 99.7%. മുഴുവന്‍ എ പ്ലസ് നേടിയവരുടെ ശതമാനം 16.41% ആയി മാറി. 2.23% നിന്നും 10 വര്‍ഷം കൊണ്ട് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടുന്നവരുടെ ശതമാനം 17% അടുത്ത് എത്തുക എന്നുള്ളത് ഒരു അത്ഭുതം തന്നെയാണ്. ഇത്തരത്തില്‍ ഒരു ഗുണനിലവാര വളര്‍ച്ച കേരളത്തിന് അവകാശപ്പെടാന്‍ കഴിയുമോ?
ദല്‍ഹി സര്‍വ്വകലാശാലയില്‍ മലയാളികള്‍ പിന്നാക്കമായി
ഇപ്രകാരം എ പ്ലസ് നല്‍കി പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസ്സിലും വിജയ ശതമാനത്തിന്റെ മൂല്യം പെരുപ്പിച്ചു കാണിച്ചതിന്റെ പരിണതഫലം രണ്ടുവര്‍ഷം മുമ്പ് കേന്ദ്രസര്‍വകലാശാലകളില്‍ നമ്മള്‍ കണ്ടതാണ്. പ്രവേശന പരീക്ഷയില്ലാതെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കിയിരുന്ന ദല്‍ഹി സര്‍വ്വകലാശാലയില്‍ ചില കോളജുകളിലെ ചില ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും കേരളത്തില്‍ നിന്നുമാണ് പ്രവേശനം നേടിയത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ദല്‍ഹി സര്‍വ്വകലാശാലയും പൊതു സര്‍വകലാശാല പ്രവേശന പരീക്ഷയില്‍ നിന്നും വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ നൂറു വിദ്യാര്‍ത്ഥികള്‍ക്ക് പോലും ദല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചില്ല. ഇത് കേരളത്തിലെ മാര്‍ക്ക് ദാനത്തെ കുറിച്ച് ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയ്‌ക്ക് കാരണമായിരുന്നു. ഒരു വേള കേരള വിദ്യാഭ്യാസത്തിന്റെ മേന്മയെക്കുറിച്ച് ഇന്ന് തള്ളി മറിക്കുന്ന വിദ്യാഭ്യാസ മന്ത്രി തന്നെ ഈ മാര്‍ക്ക് ദാനം കേരളത്തിനെ അവഹേളിക്കുന്നതിന് കാരണമായി എന്ന് അഭിപ്രായപ്പെടുകയുണ്ടായി.
ഉന്നതവിദ്യാഭ്യാസം കേരളത്തിനു പുറത്ത്
വിദ്യാഭ്യാസരംഗത്ത് അഭിമാനകരമായ നിലവാരവും മറ്റ് നേട്ടങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുള്ള ഒരു സംസ്ഥാനമാണ് കേരളം. എന്നാല്‍ ഇന്ന് കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് അപകടകരമായ പല സൂചനകളും പ്രകടമായി കൊണ്ടിരിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ നിന്നും അന്യസംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും ചേക്കേറുന്ന സ്ഥിതിയാണ് നിലവിലുള്ളത്. 40% ത്തിന് അടുത്ത് വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടുമ്പോള്‍, അതില്‍ 19% മാത്രമാണ് ഇന്ന് കേരളത്തില്‍ പഠിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ധനകാര്യമന്ത്രി തന്നെ തന്റെ ബജറ്റ് പ്രസംഗത്തില്‍ ഇത് പ്രതിപാദിക്കുന്നുണ്ട്. ബാക്കി വിദ്യാര്‍ത്ഥികള്‍ കേരളത്തിന് പുറത്ത് അന്യസംസ്ഥാനങ്ങളിലോ വിദേശ രാജ്യങ്ങളിലോ ആണ് പഠനത്തിനായി തിരഞ്ഞെടുക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് സൗകര്യങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥികളുടെ പുറത്തേക്കുള്ള ഒഴുക്ക്. മറിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരത്തിന്റെ തകര്‍ച്ചയും വിദ്യാഭ്യാസ രംഗത്തെ രാഷ്‌ട്രീയവല്‍ക്കരിക്കപ്പെട്ട പൊതു അന്തരീക്ഷവുമാണ് ഇതിനുകാരണം. ഇത്തരം വിഷയങ്ങള്‍ ആഴത്തില്‍ ചിന്തിച്ച് പരിഹാരം നേടാന്‍ സര്‍ക്കാരിനോ ബന്ധപ്പെട്ടവര്‍ക്കോ സാധിക്കുന്നില്ലെന്ന് മാത്രമല്ല, താല്‍പര്യവും ഇല്ല എന്നാണ് കാണുന്നത്.
സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ചില സൂചകങ്ങളില്‍ ഇന്നും കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. പ്രത്യേകിച്ചും സാര്‍വത്രികമായ വിദ്യാഭ്യാസത്തിന്റെ ലഭ്യത. അതായത് 100% വിദ്യാര്‍ത്ഥികളും വിദ്യാലയ പ്രവേശനം നേടുന്നു. കൊഴിഞ്ഞു പോക്ക് വളരെ കുറവാണ്. ആണ്‍-പെണ്‍ പ്രവേശനത്തില്‍ തുല്യത നിലനില്‍ക്കുന്നു. എന്നാല്‍ ഗുണനിലവാരം സംബന്ധിച്ചുള്ള പഠനങ്ങളിലും ഭരണ നിര്‍വഹണ കാര്യത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും കേരളം താരതമ്യേന മറ്റു സംസ്ഥാനങ്ങളുടെ പ്രകടനത്തെക്കാള്‍ താഴേക്ക് പോയിക്കൊണ്ടിരിക്കുന്ന വിവരങ്ങളാണ് ഇന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പഠന റിപ്പോര്‍ട്ടുകള്‍ കാണാതിരിക്കരുത്
2015 മുതല്‍ നിരന്തരമായി മൂന്ന് വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ കൃത്യമായ കാലാന്തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നുണ്ട്. നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വ്വേ, പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്‍ഡക്‌സ്, സ്‌കൂള്‍ എജുക്കേഷന്‍ ക്വാളിറ്റി ഇന്‍ഡക്‌സ് എന്നിവയും ഏറ്റവും അവസാനം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാന സാക്ഷാത നിലവാരത്തെ കുറിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടും ഇന്ന് ഏവര്‍ക്കും ലഭ്യമാണ്. മൂന്നാം തരത്തിലെ വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന സാക്ഷരതയും ഗണിത നൈപുണ്യയും വിലയിരുത്തുന്ന ഫൗണ്ടേഷനാല്‍ ലേര്‍ണിംഗ് സ്റ്റഡി എന്ന റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവില്‍ ഇറങ്ങിയത്. കഴിഞ്ഞ നവം 3ന് ദേശവ്യാപകമായി നടത്തിയ സംസ്ഥാനതല വിദ്യാഭ്യാസ ഗുണ നിലവാര സര്‍വ്വേയുടെ ഫലം വരാനിരിക്കുന്നതേയുള്ളു. ഇത് ബ്ലോക്ക് അടിസ്ഥാനത്തിലുള്ള താരതമ്യ പഠനത്തിന് സഹായിക്കും. ഇത്തരം പഠനങ്ങള്‍ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ കൂടി ആയിരിക്കും വിദ്യാഭ്യാസ ഡയറക്ടര്‍ കേരളത്തിന്റെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്, അതില്‍ മൂല്യനിര്‍ണയത്തിനുള്ള പങ്കിനെ കുറിച്ചു ചുമതലപ്പെട്ടവരുടെ യോഗത്തില്‍ ആത്മ പരിശോധനാപരമായിട്ടുള്ള പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടാവുക.
മാതൃഭാഷയില്‍ അടിസ്ഥാന സാക്ഷരത
14.9 ലക്ഷം വിദ്യാലയങ്ങള്‍ 95 ലക്ഷം അധ്യാപകരും 26.5 കോടി വിദ്യാര്‍ഥികളുമുള്ള ഭാരതത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസ സംവിധാനം ലോകത്തിലെ തന്നെ ഏറ്റവും ബ്രഹത്താണ്. വൈവിധ്യമായ സാമൂഹ്യ സാമ്പത്തിക ഭൂമിശാസ്ത്രപരമായ പശ്ചാത്തലങ്ങളില്‍ നിന്നാണ് ഇവിടെ വിദ്യാര്‍ഥികള്‍ വരുന്നത്. ഭാഷാ വൈവിധ്യമാണ് ഭാരതത്തിലെ വിദ്യാഭ്യാസത്തിന്റെ ശക്തിയും അതോടൊപ്പം തന്നെ സങ്കീര്‍ണതയും. അതുകൊണ്ട് ബഹു ഭാഷാ പ്രാവിണ്യം നേടുന്ന ലക്ഷ്യം മുന്നില്‍ കാണുമ്പോഴും അടിസ്ഥാന സാക്ഷരത പ്രാദേശിക മാതൃഭാഷയില്‍ നേടുക എന്നുള്ളത് ഏറ്റവും അടിസ്ഥാനപരമായ ലക്ഷ്യമാണ്. ആ ലക്ഷ്യം കൈവരിക്കുന്ന വിദ്യാഭ്യാസ സംവിധാനം ഏറ്റവും പെട്ടന്ന് കൈവരിക്കണം എന്നുള്ളതാണ് പുതിയ വിദ്യാഭ്യാസ നയം മുന്നോട്ടു വയ്‌ക്കുന്ന ലക്ഷ്യം.
(നാളെ: മാതൃഭാഷ അറിയാത്ത കുട്ടികള്‍)
(കേന്ദ്രസര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ മോണിറ്ററിംഗ് കമ്മിറ്റിയിലെ അംഗവും മാധവ ഗണിതകേന്ദ്രത്തിന്റെ സെക്രട്ടറിയുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക