ആന്റിഗ്വ: വിന്‍ഡീസ് പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ ആദ്യ ജയത്തോടെ ഒപ്പമെത്തി. ഇന്നലെ പുലര്‍ച്ചെയോടെ അവസാനിച്ച രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇംഗ്ലണ്ട് ആതിഥേയരെ തകര്‍ത്തത്. ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ജയിച്ചിരുന്നു.
വെസ്റ്റിന്‍ഡീസ് മുന്നില്‍ വച്ച 203 റണ്‍സിന്റെ വിജയലക്ഷ്യം 32.5 ഓവറില്‍ മറികടന്നു. ഓപ്പണര്‍ വില്‍ ജാക്സും(72 പന്തില്‍ 73) നായകന് ജോസ് ബട്ട്ലറും(പുറത്താകാതെ 58) നേടിയ അര്‍ദ്ധ സെഞ്ചുറിയുടെയും ഹാരി ബ്രൂക്കി(പുറത്താകാതെ 48)ന്റെയും പ്രകടനമികവിലാണ് ഇംഗ്ലണ്ട് വേഗത്തിലുള്ള വിജയം സ്വന്തമാക്കിയത്. 13-ാം ഓവറില്‍ 85 റണ്‍സെടുത്ത ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും വില്‍ ജാക്സിനൊപ്പം ചേര്‍ന്ന ഹാരി ബ്രൂക്ക് വിക്കറ്റ് കളയാതെ ഇന്നിങ്സ് ഭദ്രമാക്കി. പിന്നീട് നാലാമനായി ജാക്സ് പുറത്തായതിന് പിന്നാലെയാണ് നായകന് ജോസ് ബട്ട്ലര്‍ ക്രീസിലെത്തിയത്.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് നായകന് ജോസ് ബട്ട്ലര്‍ വിന്‍ഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മികച്ച ബൗളിങ് ലൈനപ്പിന്റെ പിന്തുണയോടെ വിന്‍ഡീസ് നിരയെ 39.4 ഓവറില്‍ 202 റണ്‍സിന് ഓള്‍ഔട്ടാക്കി. ഏഴ് ഓവറാകുമ്പോഴേക്കും 23 റണ്‍സില്‍ നാല് വിക്കറ്റുകള്‍ വീണ് തകര്‍ച്ച നേരിട്ട ആതിഥേയര്‍ നായകന് ഷായ് ഹോപ്പിന്റെയും(68) ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡിന്റെയും(63) അര്‍ദ്ധസെഞ്ചുറി പ്രകടനമികവിലാണ് 200ന് അപ്പുറമുള്ള ടോട്ടല്‍ സ്വന്തമാക്കിയത്. കരീബിയന്‍ നിരയില്‍ മറ്റാരും തന്നെ മികവ് കാട്ടിയില്ല.
ഇംഗ്ലണ്ടിന്റെ സാം കറനും ലിയാം ലിവിങ്സ്റണും മൂന്ന് വീതം വിക്കറ്റുകള്‍ നേടി. ഗസ് അറ്റ്കിന്‍സണും റെഹാന് അഹമ്മദും രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി. വിന്‍ഡീസ് ഇന്നിങ്സിന് തുടക്കത്തിലേ പ്രഹരമേല്‍പ്പിച്ച സാം കറന് ആണ് കളിയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: