കൊച്ചി: പ്രതിപക്ഷത്തെ 26 പാര്‍ട്ടികള്‍ ചേര്‍ന്നുണ്ടാക്കിയ രാഷ്‌ട്രീയ സഖ്യത്തിന് ഇന്ത്യ മുന്നണിയെന്ന് പേരിട്ടത് ചോദ്യം ചെയ്ത് കാസ അധ്യക്ഷനായ കെവിന്‍ പീറ്റര്‍ തോമസ് ഹൈക്കോടതിയില്‍ പൊതുതാല്പ്പര്യ ഹര്‍ജി നല്കി.
എന്‍ഡിഎയുമായി മത്സരിക്കുന്ന പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യയെന്ന പേരു കിട്ടാനാണ് ഐഎന്‍ഡിഐ എന്ന് പേരിട്ടിരിക്കുന്നതെന്നും ഇത് അനുവദിക്കരുതെന്നുമാണ് അഡ്വ. സി. രാജേന്ദ്രന്‍ മുഖേന നല്കിയ ഹര്‍ജിയിലെ ആവശ്യം. ഇന്ത്യയെന്ന പേരുപയോഗിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. ഹര്‍ജിയില്‍ പറയുന്നു. ദല്‍ഹി, കൊല്‍ക്കത്ത ഹൈക്കോടതികളില്‍ സമാനമായ കേസുകളുള്ള സാഹചര്യത്തില്‍ അവയെപ്പറ്റിയുള്ള വിവരം തേടാനായി ഹര്‍ജി മാറ്റിവച്ചു.
ഇന്ത്യ, ഭാരത് തുടങ്ങിയ പേരുകള്‍ നമ്മുടെ രാജ്യത്തിന്റേതാണ്, അതിന്റെ സാംസ്‌ക്കാരിക വൈവിധ്യവും മഹത്വവും വിളിച്ചോതുന്നതാണ്. ഇന്ത്യയെന്ന പേരു തന്നെ ദേശീയ പ്രതീകമാണ്. 1950ലെ എംബ്ലംസ് ആന്‍ഡ് നെയിംസ് നിയമ പ്രകാരം ഇന്ത്യയെന്ന പേര് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല, അത്തരം ഉപയോഗങ്ങള്‍ വിലക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയെന്ന പേര്, പ്രതിപക്ഷ സഖ്യത്തിന് ഇടുന്നത് നിയമവിരുദ്ധവും അനീതിയും അധാര്‍മ്മികവും കുറ്റകൃത്യവുമാണ്. ഇതുവഴി രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി രാജ്യത്തിന്റെ പേര് ദുരുപയോഗം ചെയ്യുകയാണ്.
2024ലെ തെരഞ്ഞെടുപ്പ് എന്‍ഡിഎയും രാജ്യവും തമ്മിലാണെന്ന തെറ്റിദ്ധാരണയും ഇതുണ്ടാക്കും. പാര്‍ട്ടിക്ക് ഇന്ത്യയെന്ന പേരിടുന്നത് ഭരണഘടനാപരമായ സദാചരത്തിന് ചേര്‍ന്നതുമല്ല. അതിനാല്‍ പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യയെന്ന പേരിടുന്നത് തടയണം, ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: