ബെംഗളൂരു: കോടതി നടപടികളുടെ തത്സമയ സംപ്രേഷണത്തിനിടെ അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്ത സംഭവത്തെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച് കര്‍ണാടക ഹൈക്കോടതി. ബെംഗളൂരു പ്രിന്‍സിപ്പല്‍ ബെഞ്ചിലെയും ധാര്‍വാഡിലെയും കലബുര്ഗിയിലെയും സര്‍ക്യൂട്ട് ബെഞ്ചുകളിലെയും വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യങ്ങളും യൂട്യൂബ് തത്സമയ സ്ട്രീമിംഗ് സേവനവുമാണ് കര്‍ണാടക ഹൈക്കോടതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.
ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരാലെയാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ചിലര്‍ കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിംഗ് നെറ്റ്വര്‍ക്ക് ഹാക്ക് ചെയ്ത ശേഷം അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ വീണ്ടും തത്സമയ സംപ്രേഷണം ഹാക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതുമായി ബന്ധപ്പെട്ട് കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം തിങ്കളാഴ്ച ബെംഗളൂരുവിലെ സിഇഎന്‍ (സൈബര്‍, ഇക്കണോമിക്സ് ആന്‍ഡ് നാര്‍ക്കോട്ടിക്സ്) പോലീസില്‍ പരാതി നല്കി ഹാക്ക് ചെയ്യാന്‍ ശ്രമിച്ച ഐപി അഡ്രെസ് വിദേശത്ത് നിന്നുള്ളതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ള അഭിഭാഷകരോടും വ്യവഹാരക്കാരോടും കോടതിയുടെ നടപടിയോട് സഹകരിക്കണമെന്നും വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം ലഭ്യമല്ലെന്ന പരാതികള്‍ ഉന്നയിക്കരുതെന്നും ചീഫ് ജസ്റ്റിസ് പ്രസന്ന ആവശ്യപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം പുനസ്ഥാപിക്കുന്നതുവരെ ഫിസിക്കല്‍ മോഡിലൂടെ നടപടിക്രമങ്ങള്‍ ആക്സസ് ചെയ്യാനും അദ്ദേഹം നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: