ലഖ്‌നൗ: വിഘടനവാദചിന്തകള്‍ക്കെതിരെ രാഷ്‌ട്ര ഏകതയുടെ സേതുബന്ധനം സാധ്യമാക്കണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍.
വടക്കെന്നും തെക്കെന്നും ഭേദമില്ലാതെ, ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിക്കാതെ രാഷ്‌ട്രം ഏകതയുടെ വിജയം ആഘോഷിക്കുന്ന അമൃതകാലത്തും അസഹിഷ്ണുതയുടെ ശക്തികള്‍ വിഭജനത്തിന്റെ വിഷചിന്തകള്‍ കടത്താന്‍ ശ്രമിക്കുന്നതിനെ കരുതിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ലഖ്‌നൗവില്‍ ദൈനിക് ജാഗരണ്‍ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നന്ദകുമാര്‍. ചില മാധ്യമങ്ങളെ മുന്നില്‍ നിര്‍ത്തി ഒരു കൂട്ടര്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന കട്ടിങ് സൗത്ത് എന്ന ആശയം ഈ വിഘടനവാദത്തിന്റെ തുടര്‍ച്ചയാണ്. ഇവര്‍ തന്നെയാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് ഡിസ്മാന്റലിങ് ഹിന്ദുത്വ എന്ന കാമ്പയിനുമായി രംഗത്തുവന്നത്.
ഇവര്‍ തന്നെയാണ് അവാര്‍ഡ് വാപസി പ്രഖ്യാപിക്കുന്നത്, രാജ്യത്ത് അസഹിഷ്ണുതയെന്ന് പ്രചരിപ്പിക്കുന്നത്, സനാതനധര്‍മ്മത്തെ നശിപ്പിക്കണം എന്ന് പ്രസംഗിക്കുന്നത്. ഒരൊറ്റ രാഷ്‌ട്രമായി ഭാരതം മുന്നേറുന്നത് സഹിക്കാനാവാത്ത ഭിന്നിപ്പിന്റെ ഈ ശക്തികള്‍ക്ക് പിന്നില്‍ ഇടതുപക്ഷ ആശയങ്ങളാണെന്ന് നന്ദകുമാര്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ സൗത്തിനെ മുറിച്ചുമാറ്റാനുള്ള ആശയത്തിന് ചുക്കാന്‍ പിടിക്കുന്നു. അവര്‍ രാഷ്‌ട്രമെന്ന സങ്കല്പത്തില്‍ വിശ്വാസമില്ലാത്തവരാണ്. ഭാഷയുടെയും മതത്തിന്റെയും ജാതിയുടെയും പേരില്‍ സമൂഹം എല്ലായ്‌പോഴും ഭിന്നിച്ച് കഴിയണമെന്ന് കരുതുന്നവരാണ്.
ആശയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് അതിന്റേതായ സ്ഥാനമുണ്ട്. എന്നാല്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പുരോഗതിയും ദുര്‍ബലപ്പെടുത്തണമെന്ന ആസൂത്രിത ചിന്തകള്‍ ചെറുക്കുക തന്നെവേണം. രാഷ്‌ട്രത്തിന്റെ പരമാധികാരവും ഐക്യവും ചോദ്യം ചെയ്യുന്ന പ്രവണത, അതില്‍ രാഷ്‌ട്രീയം കലര്‍ത്തുന്ന രീതി അംഗീകരിക്കാനാകില്ല, ജെ. നന്ദകുമാര്‍ പറഞ്ഞു.
എല്ലാ ഉപനിഷത്തുക്കളും ഗ്രന്ഥങ്ങളും പൊടുന്നനെയങ്ങ് ഇല്ലാതായിപ്പോയാലും ഈശാവാസ്യോപനിഷത്തിലെ ഒറ്റ മന്ത്രം കൊണ്ട് ഹിന്ദുധര്‍മ്മം പ്രതിസന്ധികളെ അതിജീവിക്കുമെന്ന് പറഞ്ഞത് മഹാത്മാഗാന്ധിയാണ്. ഈശാവാസ്യമിദം സര്‍വം എന്ന മന്ത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഗാന്ധിജി ഇത് ലോകത്തോട് പറഞ്ഞത്. പ്രപഞ്ചത്തിലെ എല്ലാറ്റിലും ഈശ്വരനെ ദര്‍ശിക്കുന്ന, ത്യാഗം ചെയ്തുകൊണ്ട് ഭുജിക്കാന്‍ ആഹ്വാനം ചെയ്യുന്ന ആ മന്ത്രം ലോകത്തെ നിലനിര്‍ത്തും.
ഈ ദര്‍ശനം മനസിലാക്കിയാല്‍ ഭഗവദ് ഗീതയും ഇത് തന്നെയാണ് മുന്നോട്ടുവയ്‌ക്കുന്നതെന്ന് മനസിലാകും. സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് ചിന്തകരുടെയും സാമ്പത്തിക വിദഗ്ധരുടെയും എല്ലാ പ്രശ്‌നങ്ങള്‍ക്കും ഈ മന്ത്രം പരിഹാരം നല്കുമെന്നും ഗാന്ധിജി ചൂണ്ടിക്കാണിച്ചു. ഈ ധര്‍മ്മത്തെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ല.
വടക്കായാലും തെക്കായാലും ഭാരതത്തിന്റെ ഭൂമി ആര്‍ക്കും അടര്‍ത്തിമാറ്റാനാവില്ല. അതൊരു ഭൂപ്രദേശം മാത്രമല്ല, അഖണ്ഡമായ സംസ്‌കൃതി പ്രവഹിക്കുന്ന രാഷ്‌ട്രചേതനയാണ്. ഏകാത്മകതയുടെ ഈ പ്രവാഹം എല്ലാവരിലേക്കുമെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രജ്ഞാപ്രവാഹ് ദല്‍ഹിയിലും രാജ്യത്തിന്റെ തെക്കുഭാഗത്തെ പ്രധാനനഗരങ്ങളിലും ബ്രിഡ്ജിങ് സൗത്ത് എന്ന പേരില്‍ സംവാദസഭകള്‍ സംഘടിപ്പിക്കുമെന്നും നന്ദകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: