ന്യൂദല്‍ഹി: രാജ്യത്തിന് ഒരു പതാകയും ഒരു ഭരണഘടനയും മാത്രമേ ഉള്ളൂവെന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ ഉറപ്പാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു പതാക, ഒരു പ്രധാനമന്ത്രി, ഒരു ഭരണഘടന എന്നതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ജമ്മു കശ്മീരില്‍ അത് നടപ്പാക്കിയെന്നും അമിത് ഷാ പറഞ്ഞു.
എങ്ങനെയാണ് ഒരു രാജ്യത്തിന് രണ്ട് പ്രധാനമന്ത്രിമാരും രണ്ട് ഭരണഘടനയും രണ്ട് പതാകകളുമുണ്ടാവുക. അത്തരം പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. ഒരു രാജ്യത്തിന് എങ്ങനെ രണ്ട് പ്രധാനമന്ത്രിമാരും രണ്ട് ഭരണഘടനയും രണ്ട് പതാകകളും ഉണ്ടാകും. അന്നു ചിലര്‍ തെറ്റു ചെയ്തു.
പ്രധാനമന്ത്രി മോദി അത് തിരുത്തി. നിങ്ങളുടെ അംഗീകാരമോ വിയോജിപ്പോ പ്രശ്നമല്ല. രാജ്യം മുഴുവന്‍ അത് ആഗ്രഹിച്ചതായും ആര്‍ട്ടിക്കിള്‍ 370 ലെ റദ്ദാക്കിയതിനെക്കുറിച്ച് അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു.
ജമ്മുകശ്മീര്‍ സംവരണ (ഭേദഗതി)ബില്‍, 2023, ജമ്മുകശ്മീര്‍ പുനഃസംഘടന (ഭേദഗതി)ബില്‍, 2023 എന്നിവ ചര്‍ച്ച ചെയ്യുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയി നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അമിത്ഷാ.
ഭാരതത്തിന് ഒരു പ്രധാനമന്ത്രിയും ഒരു പതാകയും ഒരു ഭരണഘടനയും മതിയെന്ന് 1950 മുതല്‍ ഞങ്ങള്‍ പറയുന്നുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ജമ്മുകശ്മീരില്‍ നേരത്തെ ദിനംപ്രതി അക്രമങ്ങളും കല്ലേറുകളും ഉണ്ടാകുമായിരുന്നെന്നും ഇപ്പോള്‍ അത്തരം സംഭവങ്ങളില്ലെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. ഇന്ന് ലാല്‍ ചൗക്കില്‍ മാത്രമല്ല, കശ്മീരിലെ എല്ലാ പാതകളിലും ഭാരത ദേശീയ പതാക ഉയര്‍ത്തുന്നു, താക്കൂര്‍ പറഞ്ഞു.
ജമ്മുകശ്മീര്‍ സംവരണ (ഭേദഗതി) ബില്‍, 2023, ജൂലൈ 26നാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. ഇത് 2004 ലെ ജമ്മു കശ്മീര്‍ സംവരണനിയമം ഭേദഗതി ചെയ്യുന്നു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍, മറ്റ് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങളിലെ അംഗങ്ങള്‍ക്ക് തൊഴില്‍ സംവരണവും പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ പ്രവേശനവും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.
ജമ്മുകശ്മീര്‍ പുനഃസംഘടനാ(ഭേദഗതി)ബില്‍ സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങളായി പുനഃസംഘടിപ്പിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നു. ബില്‍ ജമ്മു കശ്മീര്‍ നിയമസഭയിലെ മൊത്തം സീറ്റുകളുടെ എണ്ണം 83ല്‍ നിന്ന് 90 ആയി ഉയര്‍ത്തുന്നു. കൂടാതെ ഏഴ് സീറ്റുകള്‍ പട്ടിക ജാതി വിഭാഗത്തിനും ഒമ്പത് സീറ്റുകള്‍ പട്ടികവര്ഗവിഭാഗത്തിനുവേണ്ടി സംവരണം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: