കോഴിക്കോട്: കേരളത്തിൽ സിപിഎമ്മും ഡിവൈഎഫ്ഐയും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സമസ്ത യുവജന നേതാവ് നാസർ ഫൈസി കൂടത്തായി. മിശ്ര വിവാഹം നടന്നാൽ മതേതരത്വമായെന്നാണ് സിപിഎം കരുതുന്നത്. ഇതിനെതിരെ മഹല്ല് കമ്മറ്റികൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. എസ്എംഎഫ് കോഴിക്കോട് ജില്ലാ സാരഥി സംഗമത്തിലാണ് പരാമർശം ഉണ്ടായത്. കോഴിക്കോട് കൊയിലാണ്ടിയിലാണ് പരിപാടി നടന്നത്.
പാർട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും പാർട്ടി നേതാക്കൻമാരുടെ പിൻബലത്തിൽ സിപി എമ്മും ഡിവൈഎഫ്ഐയും മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്ര വിവാഹം നടത്തുന്നു. ഹിന്ദു – മുസ്ലിമിനെ വിവാഹം കഴിച്ചാൽ മതേതരത്വമായെന്നാണ് ചിലർ കരുതുന്നത്. സങ്കര സംസ്‌കാരമായി മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചില രാഷ്‌ട്രീയ കുടില തന്ത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ കണ്ടു വരുന്നുണ്ട്.
മുസ്ലീം മുസ്ലീമിനെയും ഹൈന്ദവർ ഹൈന്ദവരെയും വിവാഹം കഴിക്കണമെന്നത് ഭരണഘടന അനുവദിക്കുന്ന കാര്യമാണ്. ഹിന്ദു മുസ്ലീമിനെ വിവാഹം കഴിച്ചാലേ ഭാരതീയ സംസ്‌കാരമാകൂവെന്നും മതനിരപേക്ഷതയാകൂവെന്നും മതേതരത്വമാകൂവെന്നുമാണ് ചിലരുടെ കുടില തന്ത്രമെന്ന് നാസർ ഫൈസി കൂടത്തായി പറയുന്നു. മിശ്ര വിവാഹം പ്രോത്സാഹിപ്പിക്കുന്ന സിപിമ്മിന്റെയും എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും മതനിരാസത്തെ ശക്തമായി എതിർക്കാൻ മഹല്ല് ജമാഅത്തുകൾ സംഘടിക്കണമെന്നും നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: