വൈക്കം: ഓരോ വര്‍ഷവും അഷ്ടമിദര്ശനത്തിനായുള്ള കാത്തിരിപ്പിലാണ് വൈക്കത്തപ്പന്റെ ആശ്രിതര്‍. മനസില്‍ പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് സകലതും അന്നദാനപ്രഭുവിന്റെ തിരുമുമ്പില്‍ അര്‍പ്പിച്ച് വൈക്കത്തപ്പാ…ശരണം എന്ന് ഊണിലും ഉറക്കത്തിലും ചിന്തിക്കുന്ന ഭക്തര്‍ സായൂജ്യമടയുന്നത് അഷ്ടമിദര്ശനത്തിലൂടെയാണ്. ആ സുദിനമായിരുന്നു ഇന്നലെ.
പഞ്ചാക്ഷരീ മന്ത്രം നിറഞ്ഞുനിന്ന പുലര്‍വേളയില്‍ വൈക്കത്തപ്പന്റെ തിരുരൂപം ദര്‍ശിക്കാന്‍ ക്ഷേത്രസന്നിധിയിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 ന് അഷ്ടമിദര്‍ശനം ആരംഭിച്ചു. ഉച്ചയ്ക്ക് 12 മണി വരെ ദര്‍ശനം തുടര്‍ന്നു. 11 ാം ഉത്സവനാളിലെ വിളക്കിനെഴുന്നെള്ളിപ്പ് ശ്രീകോവിലിലേക്ക് കയറുമ്പോള്‍ തന്നെ അഷ്ടമി തൊഴാനെത്തിയവരുടെ നീണ്ടനിര കാണാമായിരുന്നു. വെളുപ്പിന് 3.30 ന് തന്ത്രി കിഴക്കിനേടത്ത് മേക്കാട് മാധവന് നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണന് നമ്പൂതിരി, മേല്‍ശാന്തി ടി.ഡി. നാരായണന് നമ്പൂതിരി, ടി.എസ്. നാരായണന് നമ്പൂതിരി, അനൂപ് നമ്പൂതിരി, ശ്രീധരന് നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു നട തുറക്കല്‍.
വൈക്കം മഹാദേവക്ഷേത്രത്തിലെ കിഴക്കുഭാഗത്തുള്ള ആല്‍ത്തറയില്‍ തപസനുഷ്ഠിച്ച വ്യാഘ്രപാദ മഹര്‍ഷിക്ക് ശ്രീപരമേശ്വരന് പാര്‍വതീസമേതനായി ദര്‍ശനം നല്കി അനുഗ്രഹിച്ച പുണ്യമുഹൂര്‍ത്തത്തിലാണ് അഷ്ടമിദര്‍ശനം കൊണ്ടാടുന്നത്. വ്യാഘ്രപാദ മഹര്‍ഷിക്ക് ഭഗവാന് മംഗളദര്‍ശനം നല്കിയ സുദിനമാണ് വൈക്കത്തഷ്ടമി എന്നാണ് വിശ്വാസം. ഉഷഃപൂജ, എതൃത്തപൂജ എന്നിവയ്ക്ക് ശേഷമായിരുന്നു അഷ്ടമിദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: