തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ എത്തിയതോടെ മുഖ്യമന്ത്രിയുടെ നവകേരളാസദസ്സ് മെലിയുന്നതായി പത്രപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. കാസര്‍കോഡ് മുതല്‍ നവകേരളാസദസ്സിനെ പിന്തുടരുന്ന സാനിയോ എന്ന ജേണലിസ്റ്റ് തന്നെയാണ് തൃശൂരില്‍ മുഖ്യമന്ത്രിയുടെ സദസ്സില്‍ ജനപങ്കാളിത്തം കുറവാണെന്ന് അഭിപ്രായപ്പെട്ടത്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍മാസ്റ്ററുടെ മകന് ജൂലിയസ് നികിതാസിന്റെ ഭാര്യ കൂടിയാണ് സാനിയോ. ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലേഖികയാണ് സാനിയോ.
നാട്ടികയിലെ നവകേരളാസദസ്സില്‍ ആളുകള്‍ കുറവായിരുന്നുവെന്നും അതുകൊണ്ട് തന്നെ ഇവിടെ അല്പനേരം മാത്രമാണ് മുഖ്യമന്ത്രി പ്രസംഗിച്ചതെന്നും സാനിയോ പറഞ്ഞു. മലപ്പുറത്തോ, കോഴിക്കോടോ, കാസര്‍കോഡോ, കണ്ണൂരോ കണ്ട വലിയ ആള്‍ക്കൂട്ടമല്ല തൃശൂരില്‍. തൃശൂരിലെ ആദ്യ സദസ്സായ മണലൂരിലെ യോഗത്തില്‍ വളരെ കുറച്ചാളുകളേ ഉണ്ടായിരുന്നുള്ളൂ എന്നും സദസ്സ് മെലിയുകയാണെന്നും റിപ്പോര്‍ട്ടര്‍ ടിവിയുടെ മറ്റൊരു റിപ്പോര്‍ട്ടര്‍ പറഞ്ഞു.
തൃശൂരില്‍ നാറുന്നുണ്ടെന്നും ഇവിടുത്തെ മാലിന്യപ്രശ്നം പരിഹരിക്കാന്‍ കഴിയാത്ത സര്‍ക്കാരാണോ നവകേരള സദസ്സുമായി തൃശൂരില്‍ എത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടര്‍ ചാനലിന്റെ അരുണ്‍കുമാര്‍ വിമര്‍ശിച്ചത്. മാത്രമല്ല മുഖ്യമന്ത്രി തൃശൂരിലേക്കെത്തിയപ്പോള് പ്രസംഗത്തിന്റെ സമയം വല്ലാതെ ചുരുക്കിയെന്നും പറയുന്നു. അതായത് ആദ്യത്തെ ആവേശം ഇപ്പോഴില്ലെന്നതിന്റെ സൂചന കൂടിയാണിതെന്നും മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നു. മാത്രമല്ല അതാത് പ്രദേശങ്ങളിലെ ജീവല്‍പ്രശ്നങ്ങള്‍ മുഖ്യമന്ത്രി അഭിസംബോധന ചെയ്യുന്നില്ല. അതിന് ഉദാഹരണമായിരുന്നു കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ വിഷയത്തെക്കുറിച്ച് മുഖ്യമന്ത്രി പാലിച്ച മൗനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: