ബെംഗളൂരു: പെൺ ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട് അനധികൃത ഗർഭഛിദ്രത്തിന് സഹായിച്ച നഴ്സ് അറസ്റ്റിൽ. ഗർഭഛിദ്രത്തിന് സഹായിക്കുന്ന റാക്കറ്റുമായി ബന്ധപ്പെട്ട് മൈസൂരുവിൽ നിന്നുമാണ് ഒരു നഴ്സിനെ കൂടി അറസ്റ്റ് ചെയ്തത്. സ്വകാര്യ ആശുപത്രിയിലെ നഴ്സായ ഉഷാറാണിയെയാണ് പോലീസിന്റെ സിഐഡി വിഭാഗം പിടികൂടിയത്. മൈസൂരുവിലെ ആശുപത്രിയും മണ്ഡ്യയിലെ ശർക്കര ഫാക്ടറിയും കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന റാക്കറ്റിലെ അംഗമാണ് ഇവരും.
ഡോക്ടർമാരുൾപ്പെടെ 11-ഓളം പേരെയാണ് ഇതോടെ പിടികൂടിയത്. മുമ്പ് അറസ്റ്റിലായ ഇടനിലക്കാരനായ പുട്ടരാജുവിന്റെ ബന്ധു കൂടിയാണ് ഉഷാറാണി. റാക്കറ്റിന് കൂട്ടുനിന്നതിന് മൈസൂരു ജില്ലയിലെ രണ്ട് ഹെൽത്ത് ഓഫീസർമാരെ ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടറാവു സസ്പെൻഡ് ചെയ്തിരുന്നു. ഗർഭഛിദ്രം നടത്തുന്നതിന് വേണ്ടി 30,000 രൂപ വീതമാണ് സംഘം ഈടാക്കിയിരുന്നത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 900-ൽ അധികം ഗർഭഛിദ്രങ്ങളാണ് സംഘം നടത്തിയതെന്നാണ് കണ്ടെത്തൽ. മാണ്ഡ്യയിലെ ശർക്കര ഫാക്ടറിയിലുള്ള സ്‌കാനിംഗ് മെഷീൻ ഉപയോഗിച്ചാണ് ലിംഗ നിർണയം നടത്തിയതെന്നും മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ഗർഭഛിദ്രം നടത്തിയതെന്നും പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: