വര്‍ക്കല: 91 ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി മലബാര്‍ മേഖലയില്‍ നിന്നുള്ള ജ്യോതി പ്രയാണയാത്ര കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രത്തില്‍ നിന്ന് 26 ന് ശിവഗിരിയിലേക്ക് തിരിക്കും. തലശ്ശേരി ജഗന്നാഥ ക്ഷേത്രം, കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രം, കണ്ണൂര്‍ ശ്രീസുന്ദരേശ്വര ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ഓരോ വര്‍ഷവും മാറിമാറിയാണ് ജ്യോതിപ്രയാണം. 26ന് രാവിലെ 6.30ന് വാഹനപൂജയെ തുടര്‍ന്ന് 7 ന് പ്രയാണം ആരംഭിക്കും. യാത്രാമധ്യേ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകള്‍ പിന്നിട്ട് 29ന് വൈകിട്ട് 5ന് ശിവഗിരിയില്‍ സമാപിക്കും.
ശിവഗിരി തീര്‍ത്ഥാടകര്‍ക്കായി ശിവഗിരിയില്‍ തയ്യാറാക്കുന്ന ഗുരുപൂജാ പ്രസാദം അന്നദാനത്തിനും പ്രഭാത, സായാഹ്ന ഭക്ഷണത്തിനുമായുള്ള കാര്‍ഷികവിളകളും പലവ്യഞ്ജനങ്ങളും വിവിധ ഗുരുദേവപ്രസ്ഥാനങ്ങളും ഭക്തരും ഇത്തവണയും എത്തിക്കും. തീര്‍ത്ഥാടന കാലം 15 മുതലാണെങ്കിലും വര്‍ധിച്ച തോതിലുള്ള ഭക്തജനസാന്നിധ്യം അനുഭവപ്പെട്ടു തുടങ്ങി. തീര്‍ത്ഥാടന ദിനങ്ങളായ 30, 31, 1 തീയതികളോട് ചേര്‍ന്ന ദിവസങ്ങളില്‍ വര്‍ധിച്ച തോതില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിന് പകരം 10 മുതല്‍ ഇവ എത്തിക്കാം.
ശ്രീനാരായണ ഗുരുദേവന് ജീവിച്ചിരിക്കെ തന്നെ വിശ്വാസികള്‍ കാര്‍ഷികവിളകളുടെ ഒരുഭാഗം ഗുരുസന്നിധിയില്‍ സമര്‍പ്പിക്കുമായിരുന്നു. മഠത്തിന്റെ പോഷക സംഘടനയായ ഗുരുധര്‍മ്മപ്രചരണസഭയുടെ കോട്ടയം, ആലപ്പുഴ ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിലും കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ നിന്നും വിവിധ സംഘടനകളും വ്യക്തികളും ഉത്പന്നങ്ങള്‍ എത്തിച്ചുവരുന്നു.
ഗുരുധര്‍മ്മപ്രചരണ സഭ കൊല്ലം ജില്ലാ കമ്മറ്റി ശ്രീനാരായണ ധര്‍മ്മമീമാംസാ പരിഷത്ത് കാലത്താണ് ഉത്പന്നങ്ങള്‍ എത്തിക്കുക. ശിവഗിരിയില്‍ ഗുരുപൂജാ മന്ദിരത്തിന് സമീപം ഉല്‍പ്പന്ന സമര്‍പ്പണ സൗകര്യമുണ്ടാകും. വിവരങ്ങള്‍ക്ക്: 9447551499.
പ്രതികരിക്കാൻ ഇവിടെ എഴുതുക: