അമ്പലപ്പുഴ: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന്റെ യാത്ര തടസപ്പെടുത്തി സിപിഎം പ്രാദേശിക നേതാവിന്റെ കാര്‍ യാത്ര. ചോദ്യം ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവറെയും കണ്ടക്ടറെയും പോലീസുകാരനെയും മര്‍ദിച്ചു. നിസാര കേസെടുത്ത് ഇയാളെ വിട്ടയച്ച അമ്പലപ്പുഴ പോലീസിനെതിരെ വിമര്‍ശനം. സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ നോതാവുമായ പ്രശാന്ത് എസ്. കുട്ടിയാണ് ദേശീയപാതയില്‍ അഴിഞ്ഞാടിയത്.
അമ്പലപ്പുഴ ജങ്ഷന് തെക്ക് പായല്‍ക്കുളങ്ങരയിലാണ് കഴിഞ്ഞ രാത്രിയില്‍ പാലക്കാട് നിന്നു തിരുവനന്തപുരത്തേക്കുള്ള കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന്റെ യാത്ര തടസപ്പെടുത്തി സിപിഎം നേതാവ് അക്രമം കാട്ടിയത്. ഇത് ചോദ്യം ചെയ്ത ബസ് ഡ്രൈവറെയും കണ്ടക്ടറെയുമാണ് നേതാവ് മര്‍ദിച്ചത്. പറവൂര്‍ മുതല്‍ ബസിന്റെ യാത്ര തടസപ്പെടുത്തി കാര്‍ ഓടിച്ച നേതാവ് പായല്‍ക്കുളങ്ങരയില്‍ വെച്ച് മറ്റ് പ്രാദേശിക നേതാക്കളെക്കൂടി വിളിച്ചുവരുത്തി ബസ് തടഞ്ഞു നിര്‍ത്തി അക്രമം നടത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അമ്പലപ്പുഴ സ്റ്റേഷനിലെ പോലീസുകാരനെയും മര്‍ദിച്ചു.
പിടികൂടിയ പ്രശാന്തിനെ നിസാര വകുപ്പുകള്‍ ചുമത്തി പോലീസ് വിട്ടയക്കുകയായിരുന്നു. ഇതിനെതിരെ പോലീസിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. പോലീസുദ്യോഗസ്ഥനെ മര്‍ദിച്ചിട്ടും സിപിഎം നേതാവിനെ വിട്ടയച്ച ഉന്നത പോലീസുദ്യോഗസ്ഥന്‍ സിപിഎമ്മിന്റെ വക്താവായി പ്രവര്‍ത്തിക്കുകയാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അക്രമം കാട്ടിയ നേതാവ് മുന്‍പ് സമാനമായ പല കേസുകളിലും ഉള്‍പ്പെട്ടിട്ടും പാര്‍ട്ടി നേതൃത്വം സംരക്ഷിക്കുകയാണ്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഓഫീസില്‍ മദ്യപിച്ചെത്തി ജീവനക്കാരനെ മര്‍ദിച്ച കേസിലും, വാഹനത്തില്‍ സഞ്ചരിക്കവേ പുന്നപ്രയില്‍ വെച്ച് ദമ്പതികളെ ആക്രമിച്ച കേസിലും പ്രതിയാണ് ഇയാള്‍. നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടും നേതൃത്വം ഇയാളെ സംരക്ഷിക്കുന്നത് പാര്‍ട്ടിയിലും പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്.
അമ്പലപ്പുഴ എംഎല്‍എയുടെ അടുത്തയാളെന്ന് അറിയപ്പെടുന്നതിനാലാണ് പാര്‍ട്ടിയും ഒരു വിഭാഗം പോലീസുകാരും ഇയാള്‍ക്ക് സംരക്ഷണം ഒരുക്കുന്നതെന്നും വിമര്‍ശനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: