ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ ഭാരത് ജോഡോ യാത്ര കടന്നുപോയ മണ്ഡലങ്ങളിലൊന്നും സ്വാധീനം സൃഷ്ടിക്കാനായില്ലെന്ന് വ്യക്തമാക്കി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും യാത്ര കടന്നുപോയ മണ്ഡലങ്ങളില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ് തോറ്റു. മധ്യപ്രദേശില്‍ യാത്ര കടന്നുപോയ 21 നിയമസഭാ മണ്ഡലങ്ങളില്‍ 17 ഇടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ദയനീയമായി പരാജയപ്പെട്ടു. 2018ല്‍ ഈ മണ്ഡലങ്ങളില്‍ 14 ഇടത്തു മാത്രമായിരുന്നു ബിജെപിയുടെ വിജയം.
മധ്യപ്രദേശില്‍ പന്ത്രണ്ട് ദിവസമാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്ര സഞ്ചരിച്ചത്. രാജസ്ഥാനിലാവട്ടെ പതിനാറു ദിവസവും യാത്ര സഞ്ചരിച്ചു. രണ്ടിടത്തുമായി നൂറുകണക്കിന് യോഗങ്ങളിലും രാഹുല്‍ പ്രസംഗിച്ചു. മധ്യപ്രദേശില്‍ നാനൂറിനടുത്ത് കിലോമീറ്ററാണ് രാഹുല്‍ നടന്നത്. മാള്‍വ-നിമാര്‍ മേഖലയിലും ഇന്‍ഡോര്‍, ഉജ്ജയിന്‍, മാള്‍വ പ്രദേശങ്ങളിലും രാഹുല്‍ എത്തിയിരുന്നു.
എന്നാല്‍ ഇതൊന്നും തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചില്ല. രാജ്യം മുഴുവനും കാല്‍നടയായി സഞ്ചരിച്ചിട്ടും നാടിനെ മനസ്സിലാക്കാന്‍ രാഹുലിന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്ന പ്രതികരണങ്ങളും പ്രചാരണ തന്ത്രങ്ങളുമാണ് രാഹുല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചത്. ജനങ്ങളെ ജാതിയുടെ പേരില്‍ ഭിന്നിപ്പിക്കാന്‍ ലക്ഷ്യമിട്ട് ജാതി സെന്‍സസുമായി ഇറങ്ങിയ രാഹുലിന് കനത്ത പ്രഹരമാണ് മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും ഫലങ്ങള്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: