ഐസ്വാള്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാച്ചുമതലയുള്ള ഐപിഎസ് ഓഫീസറില്‍ നിന്ന് മിസോറാമിന്റെ അമരക്കാരനിലേക്കുള്ള മാറ്റമാണ് എഴുപത്തിമൂന്നുകാരനായ ലാല്‍ദുഹോമയുടെ മുന്നേറ്റ ചരിത്രം. ആദ്യം കോണ്‍ഗ്രസില്‍, പിന്നെ മിസോ നാഷണല്‍ ഫ്രണ്ടില്‍… ഇപ്പോള്‍ സോറം പീപ്പിള്‍സ് മൂവ്മെന്റിന്റെ മുഖ്യമന്ത്രി മുഖമായി… കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട ആദ്യ എംഎല്‍എ എന്ന അപഖ്യാതിയില്‍ നിന്ന് മിസോറാമിന്റെ മുഖ്യമന്ത്രി പദത്തിലേക്ക്… ലാല്‍ദുഹോമയുടെ രാഷ്ട്രീയ യാത്രയിങ്ങനെ…
നാല് വര്‍ഷം പ്രായമേയുള്ളു പാര്‍ട്ടിക്ക്. 2019ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തതാണ് ലാല്‍ദുഹോമയുടെ ഇസഡ്പിഎം എന്ന പാര്‍ട്ടി. എംഎന്‍എഫ് അല്ലെങ്കില്‍ കോണ്‍ഗ്രസ് എന്നതായിരുന്നു ഇത്രകാലം മിസോറാമിന്റെ രാഷ്ട്രീയം. കോണ്‍ഗ്രസ് ഇത്തവണ ഏറെക്കുറെ തുടച്ചുനീക്കപ്പെട്ടു. ബിജെപി രണ്ട് സീറ്റുമായി മുന്നോട്ടു കയറി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടില്ലെന്ന് വെല്ലുവിളിക്കുകയും മണിപ്പൂര്‍ സര്‍ക്കാരിനെതിരെ ഐസ്വാളില് റാലി നടത്തുകയും ചെയ്ത മുഖ്യമന്ത്രി സോറംതംഗയുടെ എംഎന്‍എഫിനെ ജനം പാഠം പഠിപ്പിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന മിസോ രാഷ്ട്രീയചിത്രത്തിലേക്ക് ലാല്‍ദുഹോമയും കൂട്ടരും കടന്നുവരുന്നു. 2982 വോട്ടിന് എംഎന്‍എഫിന്റെ ജെ. മല്സാവ്സുവാലയെ തോല്പിച്ചാണ് സെര്‍ച്ചിപ്പ് മണ്ഡലത്തില്‍ നിന്ന് ലാല്‍ദുഹോമ ജയിച്ചുകയറിയത്.
1984ലാണ് ലാല്‍ദുഹോമ ആദ്യമായി മിസോറാം നിയമസഭയിലേക്ക് മത്സരിച്ചത്. കോണ്‍ഗ്രസിലായിരുന്ന അദ്ദേഹം പീപ്പിള്‍സ് കോണ്‍ഫറന്‍സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ലാല്മിങ്തംഗയോട് 846 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ടു. അതേവര്‍ഷം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ലോക്സഭയിലേക്ക് എതിരില്ലാതെ ജയിച്ചു. 1986ല്‍ അന്നത്തെ മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്ലയ്ക്കും ചില കാബിനറ്റ് മന്ത്രിമാര്‍ക്കുമെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു.
1988ല്‍ കോണ്‍ഗ്രസ് വിട്ടതിന് ശേഷം കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെടുന്ന ആദ്യ എംപിയായി ലാല്‍ദുഹോമ. 12 മിസോ നാഷണല്‍ ഫ്രണ്ട് നിയമസഭാംഗങ്ങള്‍ കൂറുമാറിയതായി ആരോപിച്ച് 2020ല്‍ മിസോറാം അസംബ്ലി സ്പീക്കര്‍ ലാല്‍റിന്‍ലിയാന സെയ്ലോ അദ്ദേഹത്തെ അയോഗ്യനാക്കി. 2021ല്‍ സെര്‍ച്ചിപ്പ് സീറ്റിലേക്ക് ഇസഡ്പിഎം സ്ഥാനാര്‍ത്ഥിയായി ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: