ശാങ്കര്യദൈ്വതവും വിശിഷ്ടാദൈ്വതവും തമ്മിലുള്ള പ്രകടമായ വ്യത്യാസങ്ങള്‍ ഇവയാണ്:
1. ശാങ്കരമതത്തില്‍ പാരമാര്‍ത്ഥികമായി പരബ്രഹ്മത്തെ നിര്‍ഗുണമായി പറയപ്പെട്ടിരിക്കുന്നു. എന്നാല്‍ വ്യാവഹാരിക സത്യമായി ബ്രഹ്മത്തിന്റെ സഗുണസ്ഥിതിയും അംഗീകരിക്കപ്പെട്ടിരിക്കുന്നു. രാമാനുജമതത്തില്‍ ബ്രഹ്മത്തെ സഗുണമായി സ്വീകരിച്ചിരിക്കുന്നു. (തന്നെയല്ല, പ്രസ്ഥാനത്രയിയില്‍ പറയപ്പെട്ടിരിക്കുന്നതും ബ്രഹ്മ ത്തിന്റെ സഗുണസ്ഥിതിയെപ്പറ്റിയാണെന്നാണ് രാമാനുജമതം.)
2. ശാങ്കരമതത്തില്‍ ജീവാത്മവും ജഗത്തും ബ്രഹ്മത്തില്‍ നിന്നുംവ്യതിരിക്തമല്ല. അത് പൂര്‍ണ്ണബ്രഹ്മം തന്നെയാണ്. ബ്രഹ്മത്തില്‍ നിന്നും അന്യമായ പരിവര്‍ത്തന പ്രവണവും നാമരൂപരത്തത്തില് ജഗത്തും അതിന്റെ നാനാത്വവുമെല്ലാം വ്യാവഹാരിക ദൃഷ്ടിയില് മാത്രമേ സത്യമാകുന്നുള്ളൂ. പാരമാര്ത്ഥികദൃഷ്ട്ടിയില് ആ നാനാ ത്വമെല്ലാം അവിദ്യാ (മായാ) ജനിതങ്ങളാണ്. രാമാനുജന്റെ ദൃഷ്ടി യിലാകട്ടെ ജീവനും ജഗത്തും ബ്രഹ്മത്തിന്റെ തന്നെ മറ്റു രണ്ടു പ്രകാരങ്ങളാണ്, ഇവ ബ്രഹ്മത്തിന്റെ അംശരൂപങ്ങളുമാണ്.
3. ശാങ്കരമതത്തിലെ മായയെപ്പറ്റിയുള്ള ഉപപാദനം രാമാനുജ മതത്തില്‍ പൂര്‍ണ്ണമായും തിരസ്ക്കരിക്കപ്പെട്ടിരിക്കുന്നു.
4. ശാങ്കരമതത്തില്‍ ബ്രഹ്മജ്ഞാനത്തിന്റെ പ്രാപ്തി അഥവാ അദൈ്വതാനുഭൂതി തന്നെയാണ് മോക്ഷം. ഇതിനുവേണ്ടി ഉത്തമാ ധികാരികള്‍ക്ക് നിര്‍ഗുണ ബ്രഹ്മത്തിന്റെ അന്തഃസാധന ഉപദേശി ക്കപ്പെട്ടിരിക്കുന്നു. കൂടെത്തന്നെ മന്ദാധികാരികള്‍ക്ക് (സാധാരണ ജനങ്ങള്‍ക്ക്) സഗുണനായ ഈശ്വരന്റെ അനന്യമായ ഭാവഭക്തിയും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. രാമാനുജീയമതത്തില് മുക്തിക്ക് സഗുണനായ ഈശ്വരന്റെ പ്രപത്തി (ശരണാഗതി) മാത്രമാണ് ഒരേയൊരു ഉപായം. ഭക്തിക്കാണ് ഒന്നാമത്തെ സ്ഥാനം.
മദ്ധ്വാചാര്യരും ദൈ്വതവാദവും
ക്രിസ്തുവര്‍ഷം 1117ല്‍ കര്ണ്ണാടകപ്രദേശത്ത് ഉദയം ചെയ്ത പ്രസിദ്ധനായ മധ്വാചാര്യര്‍ പ്രസ്ഥാനത്രയിക്ക് ഭാഷ്യം ചമച്ച് അവയില്‍നിന്നും ദൈ്വതവാദം അവതരിപ്പിച്ചു. ഇതനുസരിച്ച് പരമാത്മാവ് അനന്തഗുണപരിപൂര്ണ്ണനായ വിഷ്ണുവാണ്. ജീവനും ജഡമായ ജഗത്തും അസ്വതന്ത്രപദാര്ത്ഥങ്ങളാണ്. ജീവന്റെ മുക്തി ഭക്തികൊണ്ടുമാത്രമേ സംസിദ്ധമാകുകയുള്ളൂ. ഈശ്വരന് അനേകം രൂപങ്ങള്‍ സ്വീകരിക്കുന്നു. അവയിലെല്ലാം ശാരീരികാവയവങ്ങളോടും ജ്ഞാനം ആനന്ദം തുടങ്ങിയ ഗുണങ്ങളോടും ഭഗവത് സ്വരൂപം അഭിന്നമായിരിക്കുന്നു. അതുകൊണ്ടു തന്നെ ഭഗവാനും അദ്ദേഹത്തിന്റെ മത്സ്യാദി അവതാരങ്ങളും തമ്മില്‍ യാതൊരു ഭേദവും ഇല്ല.
വിഷ്ണു തന്റെ മായാശക്തിയായ ലക്ഷ്മിയെ പ്രേരിപ്പിച്ച് ബ്രഹ്മാവു വഴിയായി സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ നിര്‍വഹിക്കുന്നു. ലക്ഷ്മീദേവിയുടെ കൃപയില്ലാതെ ജീവന് ഭഗവാന്റെ പ്രസാദം ലഭി ക്കുകയില്ല. ഭഗവത്പ്രസാദം വഴി സാലോക്യം സാമീപ്യം, സാരൂപ്യം, സായൂജ്യം ഇങ്ങനെ നാലു പ്രകാരത്തിലുള്ള മുക്തികളിലേതും പ്രാപിക്കാവുന്നതാണ്. ശാസ്ത്രാനുശീലനവും ധ്യാനവും മുഖാന്തിരം ലഭിക്കുന്ന അപരോക്ഷജ്ഞാനം കൊണ്ടു മാത്രമേ ഭക്തി ല ഭിക്കുകയുള്ളൂ. അതു കൊണ്ടു ഭക്തി തന്നെയാണു മുഖ്യം. ഈ ഭക്തി ലഭിക്കുന്നതിന് ഭാഗവതപുരാണത്തില്‍ പ്രതിപാദിക്കുന്ന ശ്രവ ണാദികളായ നവധാഭക്തിയുടെ സാധനാമാര്‍ഗ്ഗം മാദ്ധ്വമതത്തിലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ മതത്തില്‍ രാമന്റേയും കൃഷ്ണന്റേയും അവതാരങ്ങളെല്ലാം ഉപാസനാമൂര്‍ത്തികളാണ്.
മദ്ധ്വാചാര്യരാല് പ്രവര്‍ത്തിതമായ ദൈ്വതവാദത്തെ അടിസ്ഥാനമാക്കി തുടങ്ങിയ ‘ബ്രഹ്മസമ്പ്രദായ’ത്തിന് കര്‍ണ്ണാടക ത്തിലെ ഹരിദാസി ഭക്തന്മാരുടെയിടയില് വ്യാപകമായ അംഗീകാരം ലഭിച്ചു. പ്രസിദ്ധവിദ്വാനായ ഡോ.ഹിരണ്മയ് അഭിപ്രായപ്പെട്ടിരിക്കുന്നത് ഹരിദാസിഭക്തപരമ്പര മാദ്ധ്വമതാനുയായികള് തന്നെ ആയിരുന്നു എന്നാണ്.’ ഗൗഡീയമായ വൈഷ്ണവ പരമ്പരയിലെ പ്രസിദ്ധഭക്തനായ ചൈതന്യമഹാപ്രഭു മാദ്ധ്വമതാനുയായി ആയി രുന്നെന്നാണ് പല വിദ്വാന്മാരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ബല്‍ദേവ് ഉപാദ്ധ്യായ് രേഖപ്പെടുത്തിയിരിക്കുന്നത് മാദ്ധ്വാനു യായികളുടെ ഗുരുപരമ്പരയില്‍ പതിനെട്ടാമനായിട്ടാണ് ചൈതന്യന് ആവിര്‍ഭവിച്ചതെന്നാണ്. ഇതില്‍ നിന്നും ഭക്തിക്ക് മാദ്ധ്വമതം നല്കി യിരുന്ന സംഭാവന ഊഹിക്കാവുന്നതാണല്ലോ
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: