തിരുവനന്തപുരം: ആയുര്‍വേദത്തിലെ പരമ്പരാഗത വിജ്ഞാനവും ആധുനിക ശാസ്ത്രവും സഹവര്‍ത്തിത്വത്തിലൂടെ മുന്നോട്ടു പോകണമെന്ന് ന്യൂയോര്‍ക്കിലെ സ്ലോവാന്‍ കെറ്റെറിംഗ് കാന്‍സര്‍ സെന്‍ററിലെ ഡോ. ജുന്‍ മാവോ പറഞ്ഞു. അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലില്‍ അര്‍ബുദരോഗത്തെക്കുറിച്ച് നടന്ന പ്ലീനറി ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ തന്നെ ഏറ്റവും മികച്ച അര്‍ബുദരോഗ ഗവേഷണ സ്ഥാപനങ്ങളില്‍ ഒന്നായ സ്ലോവാന്‍ കെറ്റെറിംഗ് കാന്‍സര്‍ സെന്‍ററിലെ ഇന്‍റഗ്രേറ്റീവ് മെഡിസിന്‍ വിഭാഗത്തിന്റെ മേധാവിയാണ് ഡോ. മാവോ. ശിരോധാരയടക്കമുള്ള ആയുര്‍വേദ ചികിത്സകളുടെ ഫലം നേരിട്ടറിയാന്‍ അവസരമുണ്ടായതായി അദ്ദേഹം പറഞ്ഞു. ആയുര്‍വേദ ചികിത്സാരീതികള്‍ മികച്ചതാണ്. റേഡിയേഷന്‍, കീമോതെറാപ്പി തുടങ്ങിയ ചികിത്സകളുടെ പാര്‍ശ്വഫലങ്ങള്‍ മാറ്റാന്‍ ആയുര്‍വേദ ചികിത്സാവിധികള്‍ മികച്ച ഫലം ചെയ്യും.
കാന്‍സര്‍ രോഗികളുടെ ജീവിത സൗഖ്യം മെച്ചപ്പെടുത്താന്‍ ആയുര്‍വേദം പോലുള്ള ചികിത്സാരീതികള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇരു ചികിത്സാശാഖകളും പരസ്പരം വിജ്ഞാനം പങ്കിട്ട് മുന്നോട്ട് പോയാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും.
യോഗ, ചൈനീസ് ഔഷധങ്ങള്‍, അക്യുപങ്ചര്‍ എന്നീ ചികിത്സകള്‍ ഡോ. മാവോ തന്റെ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംയോജിപ്പിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളായി ഇന്ത്യയില്‍ പിന്തുടര്‍ന്നു വരുന്ന ആയുര്‍വേദ ചികിത്സാരീതികളില്‍ നിന്ന് ലോകത്തിന് ഏറെ പഠിക്കാനുണ്ട്. ആരോഗ്യമുള്ള ജീവിതത്തിന് ഈ രീതികള്‍ രോഗികളും ഏറെ ഇഷ്ടപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭക്ഷണ ക്രമം, വേദനസംഹാരികള്‍, ആരോഗ്യ ജീവിതശൈലി എന്നിവയാണ് രോഗികളും ഡോക്ടര്‍മാരും കാന്‍സര്‍ അതിജീവനത്തില്‍ തേടുന്ന പ്രധാന സംഗതികളെന്ന് അമേരിക്കയിലെ ടെക്സാസ് സര്‍വകലാശാലയിലെ ആന്‍ഡേഴ്സണ്‍ കാന്‍സര്‍ സെന്‍ററിലെ ഡോ. സന്തോഷി നാരായണന്‍ ചൂണ്ടിക്കാട്ടി. അര്‍ബുദരോഗവിദഗ്ധരും ആയുര്‍വേദ ഡോക്ടര്‍മാരും തങ്ങളുടെ അറിവ് പങ്ക് വയ്‌ക്കുന്ന വേദി രൂപപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു.
ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ പോലുള്ള സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പാശ്ചാത്യ ഡോക്ടര്‍മാര്‍ താത്പര്യം കാണിക്കണമെന്ന് അവര്‍ പറഞ്ഞു. അറിവ് പരസ്പരം പങ്ക് വയ്‌ക്കാനുള്ള മികച്ച വേദിയാണിതെന്നും ഡോ. സന്തോഷി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള സര്‍ക്കാര്‍, വിവിധ ആയുര്‍വേദ സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സെന്‍റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ ആണ് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 70 ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കര്‍ വെള്ളിയാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവല്‍ ചൊവ്വാഴ്ച സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: