ന്യൂദല്‍ഹി: മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രീണന രാഷ്ട്രീയമാണ് രാജസ്ഥാനില്‍ ബിജെപിയുടെ വന്‍ വിജയത്തിന് അടിത്തറയിട്ടത്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ കുത്തനെ ഉയര്‍ന്നപ്പോഴും സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ ഇതിനെതിരെ രംഗത്ത് എത്തിയപ്പോഴും അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി നിലകൊണ്ടില്ലെന്നതിന്റെ പ്രതിഫലനമാണ് ഈ തെരഞ്ഞെടുപ്പിലെ പരാജയം. ചോദ്യപേപ്പര്‍ ചോര്‍ച്ചയും അഴിമതിയും സ്വജനപക്ഷപാതവുമെല്ലാം സംസ്ഥാനത്ത് ബിജെപി വിജയം അനായാസമാക്കി.
സുശക്തമായ ഭരണം നടത്തുന്നതിനു പകരം കോണ്‍ഗ്രസ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന് പൈലറ്റിനെതിരെ തുറന്ന പോര് നയിക്കാനായിരുന്നു അശോക് ഗെഹ്ലോട്ടിന് താല്പര്യം. കോണ്‍ഗ്രസിന് സംസ്ഥാനത്തുണ്ടായിരുന്ന സംഘടനാ സംവിധാനം ശുഷ്കമായിരുന്നെങ്കിലും ഉള്ളതും കൂടി ഇരുവിഭാഗവും തമ്മിലുള്ള ചേരിപ്പോരില്‍ തകര്‍ന്നുതരിപ്പണമായി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വക്കത്തെത്തിയപ്പോള്‍ ദേശീയ നേതൃത്വം ഇടപെട്ട് ഇരുവരെയും ഒന്നിപ്പിച്ചെന്ന് വരുത്തി തീര്‍ത്തെങ്കിലും പാര്‍ട്ടിക്കകത്തുണ്ടായ ആഘാതങ്ങള്‍ക്ക് പരിഹാരമായിരുന്നില്ല. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ഇന്ധന വിലയുള്ള സംസ്ഥാനമായി കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ദുര്‍ഭരണം രാജസ്ഥാനെ മാറ്റുകയായിരുന്നു.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജനവിരുദ്ധ-സ്ത്രീവിരുദ്ധ-പിന്നാക്ക വിരുദ്ധ നടപടികളും നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങളും ഉയര്‍ത്തിക്കാണിച്ചാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. അഴിമതിയും അക്രമവും കൊണ്ട് പൊറുതിമുട്ടിയ ജനത്തിന് വീണ്ടും പ്രതീക്ഷയായി മാറുകയായിരുന്നു ബിജെപി. രാജസ്ഥാനെ 350 ബില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കുമെന്ന ബിജെപിയുടെ പ്രഖ്യാപനം ജനം ഏറ്റെടുത്തു. യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കായി വിവിധ പദ്ധതികളാണ് ബിജെപി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.
മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, എംപി മാരായ മുന്‍കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ്, ദിയാ കുമാരി, പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ് എന്നിവര്‍ ബിജെപി സ്ഥാനാര്‍ത്ഥികളായി കളം നിറഞ്ഞതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പിന് കൂടുതല്‍ വീറും വാശിയും കൈവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, വിവിധ കേന്ദ്രമന്ത്രിമാര്‍, യോഗി ആദിത്യനാഥ് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ നടത്തിയ പ്രചാരണവും സംസ്ഥാനത്തെ കോണ്‍ഗ്രസ് കോട്ടകളില്‍ കൂടുതല്‍ വിള്ളല്‍ വീഴ്ത്തി. സ്ഥാനാര്‍ത്ഥി നിര്ണയത്തെതുടര്ന്നുണ്ടായ വിമതനീക്കങ്ങളും കൂടിയായതോടെ കോണ്‍ഗ്രസിന്റെ പരാജയം പൂര്‍ണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: