ന്യൂദല്‍ഹി: സംസ്ഥാനത്ത് പരന്നുകിടക്കുന്ന ദണ്ഡകാരണ്യ വനം പോലെ നിശബ്ദമായിരുന്നു ഛത്തീസ്ഗഡിലെ വോട്ടര്‍മാരുടെ മനസ്സും. അടിയൊഴുക്കുകള്‍ തിരിച്ചറിയുന്നതില്‍ കോണ്‍ഗ്രസ് അമ്പേ പരാജയപ്പെട്ടുപോയി. മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട അഞ്ഞൂറ് കോടി രൂപയുടെ ഭൂപേഷ് ബാഗേല്‍ സര്‍ക്കാരിന്റെ അഴിമതികൂടിയായപ്പോള് അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം ഛത്തീസ്ഗഡില്‍ ബിജെപിയുടെ ഉജ്വല വിജയം.
90 അംഗ നിയമസഭയില്‍ 54 സീറ്റുകളോടെ ആധികാരിക വിജയം നേടിയാണ് ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസ് 36 സീറ്റിലൊതുങ്ങി. പത്താന് മണ്ഡലത്തില്‍ നിന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ വിജയിച്ചെങ്കിലും പത്തോളം മന്ത്രിമാര്‍ പരാജയപ്പെട്ടു. ഉപമുഖ്യമന്ത്രി ടി.എസ് സിങ് ദേവും പരാജയപ്പെട്ടു. സംസ്ഥാനത്തുടനീളം ആഞ്ഞടിച്ച ഭരണവിരുദ്ധ വികാരം മനസ്സിലാക്കാന്‍ ഹൈക്കമാന്റിനോ ബാഗേലിനോ കഴിഞ്ഞില്ല. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഉയര്‍ന്ന മഹാദേവ വാതുവെയ്പ്പ് ആപ്പ് വിവാദം ബാഗേല്‍ സര്‍ക്കാരിന്റെ മേലുള്ള അവസാന ആണിയായി മാറിയെന്നും ഫലം വ്യക്തമാക്കുന്നു.
അമിത ആത്മ വിശ്വാസത്തോടെയാണ് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനവിധി തേടിയത്. സര്‍ക്കാരിനെതിരെ ഉയര്‍ന്ന പിഎസ്സി അഴിമതിയും മദ്യനയ അഴിമതിയും ഖനന അഴിമതിയും ജനങ്ങളില്‍ യാതൊരു പ്രശ്നവും സൃഷ്ടിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് കരുതി. എക്സിറ്റ് പോള്‍ ഫലങ്ങളും കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. എല്ലാ ഫലങ്ങളും ബാഗേല്‍ സര്‍ക്കാരിന്റെ തുടര്‍ച്ച പ്രവചിച്ചപ്പോള്‍ ബിജെപി നിശബ്ദമായി മുന്നേറുകയായിരുന്നു. ഗിരിവര്‍ഗ മേഖലകളിലെയും പട്ടികജാതി മണ്ഡലങ്ങളിലെയും നഗര മേഖലകളിലെയും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് സാധിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലും എടുത്തുകാട്ടാതെ ബിജെപി നടത്തിയ പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങളും മോദിയുടെ നേതൃപാടവവും നിറഞ്ഞുനിന്നു.
46.29 ശതമാനം വോട്ടുകളാണ് ബിജെപിക്ക് ഛത്തീസ്ഗഡില്‍ ലഭിച്ചത്. കോണ്‍ഗ്രസ് 42.19 ശതമാനത്തിലേക്കൊതുങ്ങി. ബിഎസ്പിക്ക് രണ്ടു ശതമാനം വോട്ടുണ്ട്. നോട്ടയ്ക്ക് 1.26 ശതമാനം വോട്ട് ലഭിച്ച തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് 0.04 ശതമാനമാണ് സംസ്ഥാനത്തെ വോട്ട് വിഹിതം. റായ്പൂര്‍ നഗരത്തിലെ മൂന്നു മണ്ഡലങ്ങളിലും ബിജെപിയുടെ ഭൂരിപക്ഷം അമ്പതിനായിരം വോട്ടുകള്‍ക്ക് മുകളിലാണ്. നഗരമണ്ഡലങ്ങളിലെല്ലാം ബിജെപി വിജയിച്ചു. ഗിരിവര്‍ഗ മേഖലകളിലും ബിജെപി മുന്നേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: