Categories: Cricket

വിജയ് ഹസാരെ ട്രോഫി: കനത്ത ഏറ് തുടര്‍ന്ന് കേരളം; പുതുച്ചേരിയെയും തകര്‍ത്തു

Published by

ആളൂര്‍: അഖില്‍ സ്‌കറിയയ്‌ക്ക് കീഴിലുള്ള കേരള താരങ്ങളുടെ ഏറില്‍ പുതുച്ചേരിക്കും പിടിച്ചുനില്‍ക്കാനായില്ല. വിജയ് ഹസാരെ ട്രോഫിയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റ് വിജയമാണ് കേരളം നേടിയത്. പുതുച്ചേരിയെ 116 റണ്‍സില്‍ ഓള്‍ ഔട്ടാക്കിയ ശേഷമായിരുന്നു കേരളത്തിന്റെ തുടര്‍ച്ചയായ നാലാം ജയം.

സ്‌കോര്‍: പുതുച്ചേരി- 116/10(32.2), കേരളം- 121/4(19.5)

എട്ട് ഓവര്‍ എറിഞ്ഞ കേരളത്തിന്റെ അഖില്‍ സ്‌കറിയ മൂന്ന് പുതുച്ചേരി വിക്കറ്റുകള്‍ നേടുന്നതിനിടെ ഇന്നലെ വഴങ്ങിയത് വെറും 15 റണ്‍സ്. ഒരോവര്‍ മെയ്ഡനാക്കി. ഈ മീഡിയം പേസര്‍ക്ക് പിന്നാലെ സ്പിന്നര്‍ സിജോമോന്‍ ജോസഫും കേരളത്തിനായി ഇന്നലെ തകര്‍പ്പന്‍ പ്രകടനം കാഴ്‌ച്ചുവച്ചു. 3.2 ഓവര്‍ എറിഞ്ഞ് രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് താരം മൂന്ന് വിക്കറ്റ് നേടിയത്.

ഇതുപോലുള്ള കരുത്തന്‍ ബൗളിങ് നിരയുടെ ആത്മവിശ്വാസത്തിലാവണം കേരള നായകന്‍ സഞ്ജു വി.സാംസണ്‍ ഇന്നലെ ടോസ് നേടിയപ്പോള്‍ ബൗളിങ് തെരഞ്ഞെടുത്തത്. നായകന്റെ തീരുമാനം ശരിവച്ചുകൊണ്ട് കേരള ബൗളര്‍മാര്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പിന്നെ പുതുച്ചേരിക്ക് അവരുടെ ഇന്നിങ്‌സ് 30 ഓവറിനപ്പുറം നീട്ടിക്കൊണ്ടുപോകാന്‍ സാധിച്ചത് മാത്രമാണ് എടുത്തുപറയാനുള്ളത്. പുതുച്ചേരി നായകന്‍ ഫാബിദ് അഹമ്മദ് 49 പന്തില്‍ 44 റണ്‍സെടുത്തതിലൂടെയാണ് ടീം ടോട്ടല്‍ നൂറ് കടത്തിയത്. ഫാഹിദിന്റെ അര്‍ദ്ധസെഞ്ചുറിക്ക് തടയിട്ടത് സിജോമോന്‍ ജോസഫ് ആണ്. പത്താമനായാണ് ഫാബിദ് പുറത്തായത്. നായകനെ കൂടാതെ 12 റണ്‍സെടുത്ത സിദക് ഗുര്‍വീന്ദര്‍ സിങ് മാത്രമാണ് പുതുച്ചേരി നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു താരം. സിദകിനെ പുറത്താക്കിയതും സിജോമോന്‍ ജോസഫ് ആണ്.

കേരളത്തിനായി ബേസില്‍ തമ്പി രണ്ടും അഖിന്‍ സത്താര്‍ ഒന്നും വിക്കറ്റെടുത്തു.
കുറഞ്ഞ സ്‌കോര്‍ മറികടക്കാനിറങ്ങിയ കേരളത്തിനായി ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീനും(എട്ട്) അബ്ദുള്‍ ബാസിതും(അഞ്ച്) നിരാശപ്പെടുത്തി. രോഹന്‍ കുന്നമ്മല്‍(23), വിഷ്ണു വിനോദ്(22), സച്ചിന്‍ ബേബി(പുറത്താകാതെ 25) എന്നിവര്‍ കേരളത്തിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു നില്‍ക്കെയാണ് ആറാമനായി നായകന്‍ സഞ്ജു സാംസണ്‍ ക്രീസിലേക്കെത്തിയത്. സഞ്ജു എത്തുമ്പോള്‍ 17.4 ഓവറില്‍ കേരള സ്‌കോര്‍ നാലിന് 84 എന്ന നിലയിലായിരുന്നു. വെടിക്കെട്ട് പ്രകടനത്തിലൂടെ സഞ്ജു അതിവേഗം ഭാരതത്തെ വിജയത്തിലേക്ക് അടുപ്പിച്ചു. 13 പന്തുകള്‍ നേരിട്ട നായകന്‍ നാല് ഫോരും മൂന്ന് സിക്‌സും സഹിതം 35 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കേരളത്തിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയ എ. അരവിന്ദ് രാജിനെ സിക്‌സറിന് പറത്തി സഞ്ജു കേരളവിജയം പൂര്‍ത്തിയാക്കി. പുതുച്ചേരിക്കായി ഗൗരവ് യാദവ് ഒരു വിക്കറ്റ് വീഴ്‌ത്തി. അഞ്ച് ജയം സ്വന്തമാക്കിയ കേരളം 20 പോയിന്റോടെ ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by