ന്യൂദല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്‍ഡി സഖ്യം ഹിന്ദി ഹൃദയഭൂമിയില്‍ തകര്‍ന്നടിഞ്ഞതോടെ മുഖംരക്ഷിക്കാനുള്ള തന്ത്രങ്ങള്‍ക്കായി യോഗം ചേരുന്നു. ദല്‍ഹിയില്‍ ബുധനാഴ്ച ചേരുന്ന യോഗത്തില്‍ കോണ്‍ഗ്രസിന്റെ അപ്രമാദിത്യത്തിനെതിരെ മറ്റ് കക്ഷികളുടെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നാണ് സൂചന. ഇതൊരു പൊട്ടത്തെറിയിലേക്കും ഇന്‍ഡി സഖ്യത്തിന്റെ തകര്‍ച്ചക്കും വഴിവച്ചേക്കാമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
മധ്യപ്രദേശില്‍ ഇന്‍ഡി സഖ്യകക്ഷിയായ സമാദ്‌വാദി പാ
ര്‍ട്ടിക്ക് സീറ്റ് നല്‍കാത്തതിനെതിരെ കോണ്‍ഗ്രസിനെതിരെ അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. ഇതിന്റെ പ്രത്യാഘാതം ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് അനുഭവിക്കേണ്ടിവരുമെന്നും അഖിലേഷ് മുന്നറിയിപ്പ് നല്കിയിരുന്നു. കോണ്‍ഗ്രസിന്റേത് വഞ്ചനയെന്നാണ് എസ്പി നേതാവ് വിശേഷിപ്പിച്ചത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതോടെ അഖിലേഷ് യാദവ് ഇന്‍ഡി സഖ്യ യോഗത്തില്‍ ആഞ്ഞടിക്കുമെന്ന് ഉറപ്പാണ്. ഇതോടെ യോഗത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെട്ടേക്കും. ആം ആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിന്റെ നിലപാടുകളില്‍ ശക്തമായ വിയോജിപ്പുണ്ട്.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായിട്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ യോഗം വിളിച്ചിരിക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ സെമി ഫൈനല്‍ എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചിരുന്നത്. സെമി ഫൈനല്‍ തോറ്റതോടെ മറ്റ് കക്ഷികളോട് വിലപേശാനും സീറ്റ് വിഭജനത്തിന് നേതൃത്വം നല്കാനുമുള്ള ശക്തിയാണ് കോണ്‍ഗ്രസിന് നഷ്ടമായിരിക്കുന്നത്. ബുധനാഴ്ചയിലെ യോഗത്തിനു ശേഷം ഇന്‍ഡി സഖ്യത്തിന്റെ ഭാവി എന്തായിരിക്കുമെന്ന ആശങ്കയിലാണ് പ്രതിപക്ഷ കക്ഷികള്‍. ഒരുവേള യോഗം മാറ്റിവയ്‌ക്കാനും സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
നേതൃത്വത്തിന് പോര് ഏറ്റെടുക്കാന്‍ തൃണമൂല്‍
ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളിലേറ്റ തോല്‍വിയെത്തുടര്‍ന്ന് ഐഎന്‍ഡിഐഎ സഖ്യത്തില്‍ നേതൃത്വത്തെച്ചൊല്ലി ഭിന്നത. തൃണമൂല്‍ നേതാവ് കുനാല്‍ ഘോഷിന്റെ പ്രതികരണമാണ് ഭിന്നതയിലേക്ക് വിരല്‍ചൂണ്ടുന്നത്.
‘തോല്‍വിക്ക് കോണ്‍ഗ്രസ് മാത്രമാണ് ഉത്തരവാദി. മൂന്നു സംസ്ഥാനങ്ങളില്‍ ബിജെപി ജയത്തേക്കാള്‍ കോണ്‍ഗ്രസിന്റെ തോല്‍വിയാണ് പ്രധാനം. ബിജെപിയെ തോല്‍പ്പിക്കാനുള്ള നേതൃത്വം ഏറ്റെടുക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സാധിക്കും. വരുന്ന തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ പാര്‍ട്ടികള്‍ക്ക് മമതാ ബാനര്‍ജിയുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കേണ്ടിവരും.’ കുനാല്‍ എക്‌സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: