ശബരിമല: നെയ്‌ത്തിരി വിളക്കിന്റെ ദീപപ്രഭയില്‍ ആത്മചൈതന്യത്തിന്റെ ഐശ്വര്യം പ്രദാനം ചെയ്യുന്ന ഭഗവതിസേവ മാളികപ്പുറത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നു. മാളികപ്പുറം മേല്‍ശാന്തി പി.ജി. മുരളി നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് ത്രിസന്ധ്യയില്‍ ഭഗവതിസേവാ ചടങ്ങുകള്‍ നടക്കുന്നത്.
ലോകത്തിനും സര്‍വചരാചരങ്ങള്‍ക്കും ശാന്തി നേരുകയാണ് ഭഗവതിസേവയിലൂടെ ചെയ്യുന്നത്. ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്കും സര്‍വ്വൈശ്വര്യത്തിനുമായ് നടത്തുന്ന പ്രധാന വഴിപാടാണ് ഭഗവതിസേവ. ദീപാരാധനയ്‌ക്ക് ശേഷമാണ് ഭഗവതിസേവ ആരംഭിക്കുന്നതെങ്കിലും ഒരുക്കങ്ങള്‍ ഉച്ചയ്‌ക്ക് മുമ്പ് തന്നെ തുടങ്ങും.
മാളികപ്പുറത്തെ പ്രത്യേക മണ്ഡപത്തില്‍ കളംവരച്ച് പത്മമിട്ട് നിലവിളക്കൊരുക്കി പട്ട് ചാര്‍ത്തി തയാറാക്കി വയ്‌ക്കും. ദീപാരാധന കഴിയുന്നതോടെ മേല്‍ശാന്തി എത്തി ഒരുക്കി വച്ച നിലവിളക്കിലേക്ക് ദേവി ചൈതന്യം ആവാഹിക്കും. മന്ത്രതന്ത്ര വിധികള്‍ക്കൊപ്പം ലളിതാസഹസ്രനാമമാണ് ജപിക്കുന്നത്. മേല്‍ശാന്തിയ്‌ക്കും പരികര്‍മ്മികള്‍ക്കുമൊപ്പം സഹസ്രനാമജപത്തില്‍ ഭക്തരും ചേരും.
രാജരാജേശ്വരി ഭാവത്തിലാണ് ഭഗവതിസേവയില്‍ ദേവീ പൂജ. സഹസ്രനാമജപത്തിന് ശേഷം ആരതിയുഴിയുന്നതോടെയാണ് ഭഗവതിസേവ ചടങ്ങുകള്‍ അവസാനിക്കുന്നത്. അടയും അരവണയുമാണ് പ്രസാദം. 2500 രൂപയാണ് ഭഗവതി സേവയുടെ വഴിപാട് നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: