തിരുവനന്തപുരം: പാശ്ചാത്യ ശാസ്ത്രബോധം വച്ച് ആയുര്‍വേദത്തെ അളക്കാന്‍ അനുവദിക്കരുതെന്ന് ഡോ. വന്ദന ശിവ പറഞ്ഞു. അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലില്‍ പര്യാവരണ്‍ ആയുര്‍വേദ എന്ന വിഷയത്തില്‍ നടന്ന പ്ലീനറി ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പാശ്ചാത്യ ശാസ്ത്രത്തിന്റെ പരിണിതഫലമായ ആവാസവ്യവസ്ഥാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആയുര്‍വേദ ദര്‍ശനങ്ങളില്‍ പറഞ്ഞിരിക്കുന്ന സമഗ്ര കാഴ്ചപ്പാട് ആവശ്യമാണ്. ആയുര്‍വേദത്തിന് പാശ്ചാത്യ മാനദണ്ഡങ്ങള്‍ ആവശ്യമില്ലെന്ന നിലപാടില്‍ നാം ഒറ്റക്കെട്ടായി നില്‍ക്കണം. പരസ്പര ഐക്യത്തിലൂന്നിയ ഒരുതരം ജനാധിപത്യമാണ് ഈ ഭൂമിയിലെ ജീവന്. ജൈവവൈവിദ്ധ്യം നശിപ്പിക്കുമ്പോള്‍ നാം നിര്‍മ്മിക്കുന്നത് ഗുരുതര രോഗങ്ങളാണ്. ആധുനിക വൈദ്യശാസ്ത്രം ഇത് അടുത്താണ് മനസിലാക്കിയത്, എന്നാല്‍ ആയുര്‍വേദം ഇത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തിരിച്ചറിഞ്ഞു.
പരമ്പരാഗത കാര്‍ഷിക അറിവുകള്‍ നിലനിറുത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും മുന്‍പന്തിയില്‍ നില്ക്കുന്ന വ്യക്തിത്വമാണ് വന്ദന ശിവ. ജൈവവൈവിദ്ധ്യം കാത്തു സൂക്ഷിക്കുന്നത് ഭക്ഷ്യസുരക്ഷയ്ക്കും ആരോഗ്യകരമായ ജീവിതത്തിനും ഏറെ നിര്‍ണായകമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അന്തരീക്ഷ മലിനീകരണം തടയാനുതകുന്ന വിവിധ വൃക്ഷത്തൈകള്‍ നടുന്നതിന്റെ പ്രാധാന്യം ആയുര്‍വേദത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ടെന്ന് കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി പ്രസിഡന്റ് ഡോ. അജയന് സദാനന്ദന് പറഞ്ഞു. വൃക്ഷ ആയുര്‍വേദം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറിയ സ്ഥലത്തു പോലും ഫലപ്രദമായി നടാന്‍ പറ്റുന്ന വൃക്ഷങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യര്‍, മൃഗങ്ങള്‍, പ്രകൃതി എന്നിവയുള്‍പ്പെടുന്ന ഏക ആരോഗ്യം എന്ന ആശയമാണ് വേണ്ടതെന്ന് കേരള സര്‍വകലാശാല ഹെല്‍ത്ത് സയന്‍സസ് ആയുര്‍വേദ വിഭാഗം മേധാവി ഡോ. ജയന് ദാമോദരന്‍ ചൂണ്ടിക്കാട്ടി. മഹാമാരികള്‍ തടയുന്നതിനും രോഗനിര്‍ണയം, ചികിത്സാ തയ്യാറെടുപ്പുകള്‍ എന്നിവയിലൂടെ ആഗോള ആരോഗ്യ സുരക്ഷയ്ക്ക് സംഭാവനകള്‍ നല്‍കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രകൃതി സംരക്ഷണമെന്ന പൗരാണിക ഭാരത ദര്‍ശനത്തില്‍ നിന്ന് അകന്ന് പോയതാണ് ഇന്ന് നേരിടുന്ന പല ആവാസവ്യവസ്ഥാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് രാജസ്ഥാനിലെ റിട്ട. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ദീപ് നാരായണ്‍ പാണ്ഡെ പറഞ്ഞു.
ആയുര്‍വേദത്തെ മതമായി കണക്കാക്കുന്നതിലുപരി യുക്തസഹമായി കൈകാര്യം ചെയ്യണമെന്ന് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് രജിസ്ട്രാര്‍ ഡോ. ടി സജീവ് പറഞ്ഞു. അംസ്കൃത വസ്തുക്കളുടെ ലഭ്യതയനുസരിച്ച് ആയുര്‍വേദ മരുന്നുകളുടെ ഉത്പാദനം ക്രമീകരിക്കേണ്ടതാണ്. ആധുനിക ശാസ്ത്ര ഗവേഷണങ്ങള്‍ അതേപടി ആയുര്‍വേദത്തില്‍ പകര്‍ത്തുന്നതില്‍ നിന്ന് പിന്മാ റണം. താത്കാലികമായ നേട്ടത്തിന് വേണ്ടി ആയുര്‍വേദ പാരമ്പര്യത്തില്‍ വെള്ളം ചേര്‍ക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആവാസവ്യവസ്ഥയിലെ സന്തുലിതാവസ്ഥ മഹാമാരികളടക്കമുള്ള രോഗങ്ങളെ നിയന്ത്രിക്കുമെന്ന് ബംഗളുരുവിലെ വിവേകാനന്ദ യോഗ അനുസന്ധാന്‍ വൈസ് ചാന്‍സിലര്‍ ഡോ. ബി ആര് രാമകൃഷ്ണ പറഞ്ഞു. പങ്കജകസ്തൂരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജയശ്രീ ചര്‍ച്ചയിലെ ആശയങ്ങള്‍ ക്രോഡീകരിച്ചു.
കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള സര്‍ക്കാര്‍, വിവിധ ആയുര്‍വേദ സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ ആണ് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 70 ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ വെള്ളിയാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. അഞ്ച് ദിവസം നീണ്ടു നില്ക്കുന്ന ഫെസ്റ്റിവല്‍ ചൊവ്വാഴ്ച സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: