തിരുവനന്തപുരം: ശസ്ത്രക്രിയകളെക്കുറിച്ച് പൗരാണിക ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വരെ പ്രതിപാദിക്കുന്നുണ്ടെങ്കിലും ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ സര്ജന്മാര് ശ്രമിക്കണമെന്ന് അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ആയുര്‍വേദ ശസ്ത്രക്രിയകളിലെ പുത്തന്‍ പ്രവണതകള്‍ എന്ന വിഷയത്തിലാണ് വിശദമായ ചര്‍ച്ച നടന്നത്. രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങളില്‍ നിന്നുള്ള ചികിത്സാ പഠനങ്ങള്‍ ഒരു ഡാറ്റാ ബേസിലേക്ക് ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.
ശാല്യ തന്ത്രമെന്ന ആയുര്‍വേദ ശാഖ പൂര്‍ണമായും ശസ്ത്രക്രിയകളെ പ്രതിപാദിക്കുന്നതാണ്. വിവിധ ശസ്ത്രക്രിയകളെക്കുറിച്ചുള്ള സൂക്ഷ്മമായ വിശദാംശങ്ങള്‍ ഉണ്ടെന്ന് മാത്രമല്ല ഇത് ചെയ്യുന്നതിനുള്ള വിവിധ ഉപകരണങ്ങളെക്കുറിച്ചും വ്യക്തമായ പരാമര്‍ശങ്ങളുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
പൗരാണികമായാലും ആധുനികമായാലും ശസ്ത്രക്രിയയെന്നാല് ശസ്ത്രക്രിയ തന്നെയാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ ജയ്പൂരിലെ ശാല്യതന്ത്ര വിഭാഗം തലവന്‍ ഡോ. പി ഹേമന്ത കുമാര്‍ ചൂണ്ടിക്കാട്ടി. നൂതനത്വവും ആധുനിക ശീലങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
മലാശയ രോഗങ്ങള്‍ക്കുള്ള ഏറെ ഫലപ്രദമായ ശസ്ത്രക്രിയാ രീതികള്‍ ആയുര്‍വേദത്തിലുണ്ടെന്ന് കൊല്ലത്തെ ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിലെ പ്രൊഫ. സി രഘുനാഥന് നായര്‍ പറഞ്ഞു. ആയുര്‍വേദത്തിലെ വര്‍ത്തമാനകാല ശസ്ത്രക്രിയാ ശീലങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശസ്ത്രക്രിയാ രീതികള്‍ വിശദമാക്കുന്ന ലോകത്തിലെ ഏറ്റവും പുരാതനമായ ഗ്രന്ഥമാണ് സുശ്രുത സംഹിതയെന്ന് ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ശാല്യതന്ത്രവിഭാഗം തലവന്‍ ഡോ. ശിവ് ജി ഗുപ്ത പറഞ്ഞു. ശസ്ത്രക്രിയാ ഉപകരണങ്ങള്‍ക്ക് പുറമെ എന്‍ഡോസ്കോപി ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ രൂപപ്പെടുത്തിയതും ഉപയോഗിച്ചതും അദ്ദേഹമായിരുന്നുവന്ന് ഡോ. ഗുപ്ത ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്തെ ത്രിവേണി നഴ്സിംഗ് ഹോമിലെ ചീഫ് ഫിസിഷ്യനായ ഡോ. സി സുരേഷ് കുമാര്‍ അസ്ഥിരോഗ ചികിത്സയുമായി ബന്ധപ്പെട്ട വിശദമായ അവതരണം നടത്തി. പിഎന്‍എന്‍എം ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി ശ്രീകുമാര്‍ അധ്യക്ഷനായിരുന്നു.
കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള സര്‍ക്കാര്‍, വിവിധ ആയുര്‍വേദ സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ ആണ് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 70 ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ വെള്ളിയാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. അഞ്ച് ദിവസം നീണ്ടു നില്ക്കുന്ന ഫെസ്റ്റിവല്‍ ചൊവ്വാഴ്ച സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: