തിരുവനന്തപുരം: ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിലെ (ജി എ എഫ്)സൗജന്യ ക്ലിനിക്കുകളില്‍ തിരക്കേറുന്നു. അമിതവണ്ണം മുതല്‍ ഹൃദ്രോഗം വരെയുള്ള വിവിധ അസുഖങ്ങള്‍ക്ക് ജി എ എഫില്‍ സൗജന്യ ചികിത്സയും ഔഷധങ്ങളും ലഭ്യമാകും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ജിഎഎഫിന്റെ പ്രധാന ആകര്‍ഷണമായ ആയുര്‍വേദ എക്സ്പോ പവലിയനോട് ചേര്‍ന്നാണ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്.
25 വ്യത്യസ്ത സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ സംഘടിപ്പിച്ചിരിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ മികച്ച ആയുര്‍വേദ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരിക്കും. ഇതിന്റെ ഭാഗമായി 15 ലക്ഷം രൂപയുടെ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യും.
ശ്രീധരീയം കണ്ണാശുപത്രിയുടെ സൗജന്യ നേത്രരോഗ പരിശോധനാ സംവിധാനമായ സഞ്ചരിക്കുന്ന നേത്രരോഗ ക്ലിനിക്ക് ഇതില്‍ ശ്രദ്ധേയമാണ്. സൗജന്യ രജിസ്ട്രേഷനൊപ്പം കണ്ണ് പരിശോധനയും ഡോക്ടര്‍ ഫീസും ഇവിടെ സൗജന്യമാണ്. ഒരു എസി ബസില്‍ ക്രമീകരിച്ചിരിക്കുന്ന ക്ലിനിക്കില്‍ രണ്ട് ഡോക്ടര്‍മാര്‍, രണ്ട് ഒപ്റ്റോമെട്രിസ്റ്റ്, ഫാര്‍മസിസ്റ്റ് എന്നിവരാണുള്ളത്. 2020 ല്‍ ആരംഭിച്ച സഞ്ചരിക്കുന്ന നേത്രരോഗ ക്ലിനിക്ക് തമിഴ് നാട്, കര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്.
വാതരോഗങ്ങളായ സന്ധിവാതം, റുമോറ്റയിഡ്, എന്നിവയ്ക്ക് പുറമേ അസ്ഥി, സന്ധി രോഗങ്ങള്‍, ഒടിവ്, സോറിയാസിസ്, ബാക്ടീരിയ-ഫംഗസ് മൂലമുണ്ടാകുന്ന ത്വക്കിലെ അണുബാധ, എക്സിമ, മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവര്‍, അമിതവണ്ണം തുടങ്ങിയ അസുഖങ്ങള്‍ സൗജന്യ ക്ലിനിക്കുകളില്‍ പരിശോധിക്കും. സ്ത്രീ-പുരുഷ വന്ധ്യത നിവാരണ ക്ലിനിക്ക്, പ്രമേഹവും അനുബന്ധ അസുഖങ്ങള്‍ക്കുമുള്ള സ്പെഷ്യാലിറ്റി ക്ലിനിക്ക്, നേത്രരോഗ ക്ലിനിക്ക് തുടങ്ങിയവയും ജി എ എഫിലുണ്ട്.
വിഷചികിത്സ, സ്ത്രീകള്‍ക്കുള്ള മന:സുഖ ക്ലിനിക്ക്, 10 മിനിട്ട് കൊണ്ട് കുടവയര്‍ കുറയ്ക്കുമെന്ന് അവകാശപ്പെടുന്ന വാക്വം തെറാപ്പി, തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും തുടര്‍ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യവും ഇതിലൂടെ ലഭ്യമാകും. ഗര്‍ഭാവസ്ഥയിലുള്ള ഭ്രൂണത്തിന്റെ വളര്‍ച്ച മുതല്‍ വാര്‍ധക്യം വരെയുള്ള കാലഘട്ടങ്ങളില്‍ ആവശ്യമായ ഔഷധങ്ങള്‍, ആരോഗ്യ പരിപാലനം തുടങ്ങിയവയും ക്ലിനിക്കുകളുമായി ബന്ധപ്പെട്ട് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ആയുര്‍വേദ എക്സ്പോ പവലിയനാണിത്. 2,50,000 ചതുരശ്രയടി വിസ്തൃതിയുള്ള പവലിയനില്‍ ആയുഷ് വകുപ്പിന്റെയും വിവിധ സ്ഥാപനങ്ങളുടെയും ഉള്‍പ്പെടെ 700 ലധികം സ്റ്റാളുകള്‍ ഉണ്ട്. രാജ്യത്തെ എല്ലാ പ്രധാന ആയുഷ് സ്ഥാപനങ്ങളുടെയും സ്റ്റാളുകളുള്ള എക്സ്പോയില്‍ 20 ആയുര്‍വേദ കോളേജുകളുടെ പവലിയനുകളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: