സുഗതന് എല്‍. ശൂരനാട്
വലിയ ശാരീരിക പരിമിതികളുള്ള ആദിത്യ ഒരു നിമിഷം പോലും തന്റെ കുറവുകളെ കുറിച്ചോര്‍ത്ത് സങ്കടപ്പെടാറില്ല. ദൈവം സംഗീതത്തിന്റെ കൈയൊപ്പ് ചാര്‍ത്തി ഭൂമിയിലേക്ക് ഇറക്കിവിട്ട നക്ഷത്രങ്ങളില്‍ ഒന്നാണ് ആദിത്യ. ദേശീയതലത്തില്‍ ആദ്യം ലഭിച്ചത് ‘രാഷ്ട്രീയ ബാല പുരസ്കാര്‍’ ആണെങ്കില്‍ ഇപ്പോള്‍ ലഭിച്ചത് 2023 ലെ കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ 18 വയസിന് താഴെയുള്ള കുട്ടികളുടെ കലാ സാംസ്കാരിക രംഗത്തുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന ശ്രേഷ്ഠ ദിവ്യാംഗ് ബാല്‍ പുരസ്കാരമാണ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. രാജ്യത്ത് രണ്ട് കുട്ടികള്‍ക്ക് മാത്രമാണ് ഈ അവാര്‍ഡ് ലഭിച്ചത്. രണ്ടു ദേശീയ അവാര്‍ഡ് ലഭിച്ച 18 വയസില്‍ താഴെയുള്ള ചുരുക്കം കുട്ടികളില്‍ ഒരാളാണ് ആദിത്യ.
കേരളത്തില്‍ നിന്നും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 35000 പ്രതിഭകളായ കുട്ടികളില്‍ നിന്നാണ് ആദിത്യന് എന്ന ആദിത്യ സുരേഷ് ഈ നേട്ടം നേടിയത്. കൊല്ലം പോരുവഴി രഞ്ജിനി ഭവനത്തില്‍ ഫാബ്രികേറ്ററായ സുരേഷിന്റെയും വീട്ടമ്മയായ രഞ്ജിനിയുടെയും ഇളയ മകന് പതിനാറ് വയസുകാരനായ ആദിത്യ സുരേഷ് തന്റെ ശാരീരിക പരിമിതികളെ സംഗീതംകൊണ്ട് തോല്പിച്ച കൊച്ചു മിടുക്കനാണ്. ഒരുപക്ഷേ കഴിഞ്ഞ കൊവിഡ്കാലത്തും രാഷ്ട്രീയ ബാല്‍ പുരസ്കാരത്തിനുശേഷം ഏറ്റവും കൂടുതല്‍ വേദികളില്‍ പരിപാടി അവതരിപ്പിക്കാനും ഉത്ഘാടനത്തിനും പോയിട്ടുള്ളതും ആദിത്യന് തന്നെ. കേരളത്തിലും വിദേശത്തുമായി ഏകദേശം രണ്ടായിരത്തില്പരം വേദികളില്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ശൈശവ കാലഘട്ടത്തിലൂടെ
ആദിത്യയുടെ ശൈശവ കാലം ആദിത്യനും കുടുംബാംഗങ്ങള്‍ക്കും വേദനയുടെയും ആശങ്കകളുടെയും കാലഘട്ടമായിരുന്നു. രഞ്ജിനി തന്റെ രണ്ടാമത്തെ കുട്ടിയെ പ്രസവിക്കുമ്പോള്‍ ഒരിക്കല്‍ പോലും ചിന്തിച്ചില്ല അത് ഇങ്ങനെ ആയിത്തീരുമെന്ന്. ശരീരത്തിനേക്കാള്‍ വലിപ്പമുള്ള തലയും, ശരീരത്തിനോട് പറ്റിപ്പിടിച്ചുള്ള കൈകാലുകളും കണ്ടപ്പോള്‍ ആ അമ്മ അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിക്കരഞ്ഞുപോയി.
തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ആദിത്യന്റെ രോഗം കണ്ടുപിടിക്കുന്നത്. അസ്ഥികള്‍ ഒടിയുന്ന ഓസ്റ്റിയോ ജനിസിസ് ഇമ്പെര്‍ഫെക്ടാ എന്ന പ്രത്യേക തരം രോഗം. ജനിച്ച് പതിനേഴാം ദിവസം പനിയുമായി ശാസ്താംകോട്ടയിലുള്ള ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കുമ്പോള്‍ ഇഞ്ചെക്ഷന് എടുത്ത സമയത്താണ് ആദ്യമായി കൈയുടെ അസ്ഥി ഒടിയുന്നത്. തലമുറകള്‍ക്ക് മുന്‍പുള്ള ജനറ്റിക് പ്രതിഭാസമാണിതെന്നും ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു. ”ദൈവം തന്ന ഖനിയല്ലിയോ, ഒരു പളുങ്ക് പാത്രം നിങ്ങളുടെ കൈയില്‍ കിട്ടിയാല്‍ എങ്ങനെ സൂക്ഷിക്കുമോ അതുപോലെ സൂക്ഷിച്ചു വളര്‍ത്തണം” എന്ന ഡോക്ടറുടെ ഉപദേശവും കേട്ടപ്പോള്‍ ആദിത്യന്റെ കുടുംബം ആദ്യമൊന്ന് അങ്കലാപ്പിലായെങ്കിലും അവനെ പൊന്നുപോലെ വളര്‍ത്താന്‍ തീരുമാനിച്ചു. വരും ദിവസങ്ങളില്‍ കേള്‍വിയോ കാഴ്ചയോ നഷ്ടപ്പെടാമെന്നും ആജീവനാന്തം ഇങ്ങനെ കിടക്കുകയോ ചെയ്യാമെന്നും ഡോക്ടര്‍ മുന്നറിയിപ്പും നല്കി.
മുപ്പത്തഞ്ചാം ദിവസം ഒരു തിരുവോണനാളില്‍ ആണ് ആദ്യമായി ആദിത്യനെ തല നനച്ചു കുളിപ്പിക്കുന്നത്. രണ്ട് വയസുവരെ ഒരേ കിടപ്പായിരുന്നു. മറ്റ് കുട്ടികള്‍ ഈ പ്രായത്തില്‍ ഇരിക്കുകയും പിടിച്ചു നില്‍ക്കുകയുമൊക്കെ ചെയ്യുമ്പോള്‍ ആദിത്യന് ഒന്നും ചെയ്യാതെ ഒരേ കിടപ്പായിരുന്നു. രണ്ട് വയസിനു ശേഷം തറയില്‍ കിടന്ന കുട്ടി കിടക്കുന്ന സ്ഥലത്ത് വട്ടം കറങ്ങുന്ന കാഴ്ച്ച കാണാന്‍ കഴിഞ്ഞു. ആ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല. കുഞ്ഞിന്റെ കാലിലെയും കൈകളിലെയും അസ്ഥി ഒടിയുവാന്‍ തുടങ്ങി. എട്ടുവയസിനുള്ളില്‍ ഏതാണ്ട് ഇരുപത് തവണയോളം അവന്റെ കൈയും കാലും ഒടിഞ്ഞിട്ടുണ്ട്.
പാട്ടുകള്‍ പഠിച്ചത് ടിവിയിലൂടെ
ടിവിയിലെ പരിപാടികള്‍ ആദിത്യ ശ്രദ്ധിക്കുവാന്‍ തുടങ്ങി. പലപ്പോഴും പാട്ടുകള്‍ വരുമ്പോള്‍ കൂടുതല്‍ ശ്രദ്ധയോടെ അതിലേക്ക് സൂക്ഷിച്ച് നോക്കുന്നത് കണ്ടു. മൂന്നാം വയസിലാണ് കമിഴ്ന്ന് വീഴുന്നതും അല്‍പ്പമെങ്കിലും തല ഉയര്‍ത്താന്‍ ശ്രമിക്കുന്നതും. മൂന്ന് വയസിനു മുന്‍പ് എഴുത്തിനിരുത്തണമെന്ന വിശ്വാസത്തില്‍ ആദിത്യനെ കിടത്തിക്കൊണ്ട് എഴുത്തിനിരുത്തി. ഇങ്ങനെ കിടക്കുന്ന കിടപ്പില്‍ ടിവിയിലെ പാട്ടുകള്‍ കൂടുതല്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നതൊഴിച്ചാല്‍ ശാരീരിക അവസ്ഥയില്‍ വലിയ മാറ്റങ്ങളൊന്നും കണ്ടില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു കുടുംബ സുഹൃത്തിന്റെ അഭിപ്രായ പ്രകാരം ചങ്ങനാശേരിയിലെ ഹോമിയോ ഡോക്ടര്‍ ബൈജുവിന്റെ അടുക്കല്‍ ചികിത്സയ്ക്കായി പോകുന്നത്. ഭാഗ്യമെന്ന് പറയട്ടെ ഈ ചികിത്സ ഫലം കണ്ടു തുടങ്ങി. അങ്ങനെ നാലാം വയസില്‍ ഒരു ദിവസം തല തനിയെ ഉയര്‍ത്തി പിടിക്കുവാന്‍ ശ്രമിക്കുകയും, അതില്‍ അവന് വിജയിക്കുകയും ചെയ്തു. അങ്ങനെ അമ്മൂമ്മയുടെ മടിയില്‍ ചാരി ഇരുന്ന് ടിവിയിലെ പാട്ടുകള്‍ ശ്രദ്ധിക്കുവാനും തുടങ്ങി. സ്ഫുടമായ ഭാഷയില്‍ സംസാരിക്കുവാനും ആരംഭിച്ചു. എല്ലാ ദിവസവും അമ്മൂമ്മയുടെയും അമ്മയുടെയും മടിയിലിരുന്ന് ടിവി കാണുവാന്‍ ആരംഭിച്ചു.
ആശ്വാസം അദ്ധ്യാപകര്‍
കുട്ടിയുടെ വളര്‍ച്ചയിലും വിദ്യാഭ്യാസത്തിലും ആശങ്കയിലായിരുന്ന വീട്ടുകാരുടെ മുന്നിലേക്ക് ദൈവ ദൂതരെപോലെ അടൂര്‍ ബിആര്‍സിയിലെ അദ്ധ്യാപകര്‍ അക്ഷരം പഠിപ്പിക്കുവാനായി വീട്ടിലെത്തുന്നത്. അപ്പോഴേക്കും ആദിത്യ അഞ്ചുവയസ്സിലെത്തി. അവരുടെ നിര്‍ദേശപ്രകാരം അടുത്തുള്ള ഏഴാം മൈല്‍ ഗവ. എല്‍പി സ്കൂളില്‍ ചേര്‍ത്തു. വീടിന് സമീപമുള്ള ഈ സ്കൂളിലെ ആദിത്യയുടെ ക്ലാസിലെ 24 കുട്ടികളും ക്ലാസ് അധ്യാപകനും ശാസ്താംകോട്ട ബിആര്‍സിയിലെ ടീച്ചേഴ്സും എല്ലാ ആഴ്ചയിലും ഒരു ദിവസം ആദിത്യയോടൊപ്പം ചെലവിടാന്‍ ആരംഭിച്ചു. ഈ കൂടികാഴ്ചകള്‍ മൂന്നു വര്‍ഷത്തോളം മുടങ്ങാതെ തുടര്‍ന്നു.
ഈ കാലഘട്ടത്തിലാണ് ടിവിയില്‍ സ്ഥിരം കേള്‍ക്കുന്ന പാട്ടുകള്‍ക്കൊപ്പം കിടന്നുകൊണ്ട് ഈണം മൂളുകയും ചുണ്ടനക്കുകയും ചെയ്യുന്നത് കാണാനിടയായാത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വലിയ മാറ്റങ്ങള്‍ ആദിത്യയില്‍ കാണാന്‍ കഴിഞ്ഞു. ഈ സമയങ്ങളിലൊക്കെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള പലരും, മോനെ ഭിന്നശേഷി കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങളില്‍ വിട്ട് പഠിപ്പിച്ചു കൂടെ എന്ന് ചോദിച്ചിരുന്നു. അവരോടൊക്കെ ആദിത്യയുടെ അമ്മ ‘നോക്കാം’ എന്നുമാത്രം പറഞ്ഞു. ”ഒരിക്കലും ഞങ്ങള്‍ക്ക് ആ അഭിപ്രായത്തോട് യോജിപ്പില്ലായിരുന്നു. കാരണം നിലത്തു മാത്രം കിടന്ന അവന് ഇപ്പോള്‍ ഈ സ്ഥിതിവരെ ആയെങ്കില്‍ ഇനിയും അവനില്‍ മാറ്റങ്ങള്‍ ഉണ്ടാകും. സാധാരണ കുട്ടികളുടെ കൂടെ പഠിച്ചാല്‍ അവന് കൂടുതല്‍ സ്വയം പര്യാപ്തനായി മാറും എന്ന ശുഭപ്രതീക്ഷ ഞങ്ങളില്‍ ഉണ്ടായിരുന്നു. സംസാരിക്കാന്‍ തുടങ്ങിയ സമയത്ത് തന്നെ സ്ഫുടതയോടും വ്യക്തതയോടും അവന് സംസാരിച്ചിരുന്നു. അഞ്ചു വയസ്സ് പൂര്‍ത്തിയാകുന്ന സമയത്താണ് അത്ഭുതകരമായ ആ സംഭവം നടക്കുന്നത്. അതുവരെ മൂളിപ്പാട്ടും ചുണ്ടനക്കലും മാത്രമായി കിടന്നിരുന്ന ആദിത്യ ആദ്യമായി വീട്ടിലെ എല്ലാവരും കേള്‍ക്കെ പാടി. ആദ്യം മുതല്‍ തന്നെ അവന്റെ പാട്ടുകള്‍ക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു. അക്ഷരങ്ങളുടെ സ്ഫുടതയും ഈണവും. എഴുതാനോ വായിക്കാനോ അറിഞ്ഞുകൂടാത്ത ആദിത്യനില്‍ നിന്നുണ്ടായ ഈ ആദ്യാനുഭവം അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തി.” ഈണത്തില്‍ മൂളിയ പാട്ടുകള്‍ തുറന്ന് പാടുന്ന ശൈലിയിലേക്ക് വഴിമാറിയപ്പോള്‍ സന്തോഷിച്ചത് ആ കുടുംബം ഒന്നിച്ചായിരുന്നു.
ആദിത്യയുടെ ആദ്യക്ഷരങ്ങള്‍
രണ്ടാം ക്ലാസ്സിലും മൂന്നാം ക്ലാസ്സിലും പോകാതിരുന്ന സമയത്ത് വീട്ടിലിരുന്ന് സ്വയം അക്ഷരങ്ങള്‍ മനസ്സിലാക്കുവാനും പഠിക്കുവാനും ആരംഭിച്ചു. ആദ്യം അക്ഷരങ്ങള്‍ മനസ്സിലാക്കി തുടങ്ങിയത് ടിവിയില്‍ എഴുതി കാണിക്കുന്ന സീരിയലുകളുടെ പേരുകളും മറ്റും കണ്ടുകൊണ്ടാണ്. ഈ പേരുകള്‍ തന്റെ നോട്ട് ബുക്കില്‍ കുറിച്ചുവച്ചു. ആ സമയത്ത് ഒരു ചാനലില്‍ പ്രക്ഷേപണം ചെയ്ത ‘അമ്മക്കിളി’ എന്ന സീരിയലിലെ അക്ഷരങ്ങളാണ് എഴുതി പഠിച്ചത്. സ്ഥിരമായി എഴുതി കാണിക്കുന്ന ഈ പേരുകള്‍ അവന് സ്വയം ഹൃദിസ്ഥമാക്കുകയായിരുന്നു. തുടര്‍ന്ന് ടിവിയില്‍ എഴുതി കാണിക്കുന്ന ഓരോ വാക്കുകളും പേരുകളും അമ്മയോടും അമ്മൂമ്മയോടും ചോദിച്ച് പഠിക്കുന്ന രീതിയായിരുന്നു. അങ്ങനെ നാലാം ക്ലാസില്‍ പ്രവേശിക്കുന്നതിന് മുന്‍പേ എഴുതാനും വായിക്കാനും പഠിച്ചു.
നാലാം ക്ലാസ്സില്‍ അമ്മയോടൊപ്പം പോയി തുടങ്ങിയ ആദിത്യയ്ക്ക് ചാരിയിരിക്കുവാന്‍ പ്രത്യേക കസേര സ്കൂള്‍ അധികൃതര്‍ സംഘടിപ്പിച്ചിരുന്നു. ഈ വര്‍ഷമാണ് ആദിത്യ ആദ്യമായി സ്റ്റേജില്‍ കയറി പാടുന്നത്. സ്കൂളിലെ വാര്‍ഷികത്തിന് ഗാനം ആലപിച്ചുകൊണ്ട് തന്റെ സംഗീത ജീവിതത്തിലെ ആദ്യത്തെ സമ്മാനം ഏറ്റുവാങ്ങി. ഇപ്പോഴും വേദികളില്‍ നിന്നും സമ്മാനം ലഭിക്കുമ്പോള്‍ ആദിത്യന്റെ മുഖത്ത് വലിയ സന്തോഷമാണ്. അഞ്ചാം ക്ലസുമുതല്‍ ഓണവിള യുപിഎസിലാണ് പഠിച്ചത്. എല്ലാദിവസവും അമ്മ എടുത്തുകൊണ്ടാണ് പോകുന്നത്. ആദിത്യനോപ്പം അമ്മയും ക്ലാസ്സിലിരിക്കും. അമ്മയാണ് നോട്ട് എഴുതുന്നത്. ക്ലാസ്സില്‍ അദ്ധ്യാപകരില്ലാത്ത പീരിയഡില്‍ രജനി അദ്ധ്യാപിക കുട്ടികളുടെ മുന്നിലെത്തും. ഇത് അവനില്‍ പഠനത്തോട് കൂടുതല്‍ താല്‍പ്പര്യം ഉളവാക്കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സാധാരണ കുട്ടികളോടൊപ്പം മികച്ച വിദ്യാര്‍ത്ഥിയായി പഠിക്കുവാന്‍ തുടങ്ങി. ക്വിസിലും കവിതയിലും സംഗീത രംഗത്തും ടീച്ചര്‍മാരുടെ പിന്തുണ കിട്ടി. അഞ്ചാം ക്ലാസ്സില്‍ ആദ്യമായി മറ്റ് കുട്ടികളോടൊപ്പം മത്സരവേദിയില്‍ കയറി. അതൊരു തുടക്കമായിരുന്നു. ഈ കാലയളവില്‍ വീട്ടിലെ ഒഴിവ് സമയങ്ങളില്‍ ടിവിയിലെ സംഗീത ചാനലുകള്‍ സ്ഥിരമായി വയ്ക്കുകയും, അതിലെ പാട്ടുകള്‍ കേട്ട് വൃത്തിയായി പാടാനും ആരംഭിച്ചു. പാട്ടുകള്‍ ഒന്നും എഴുതിയോ വായിച്ചോ അല്ല പഠിച്ചത്. എത്ര കഠിനമായ വരികളും സ്ഥിരമായി കേള്‍ക്കുന്നതിലൂടെ ഹൃദിസ്ഥമാക്കുകയാണ് ചെയ്യുന്നത്. ഇത് മനസിലാക്കിയ ടീച്ചര്മാര് ഇവനെ ശാസ്ത്രീയ സംഗീതം പഠിപ്പിക്കാന്‍ പറഞ്ഞു.
മിനിസ്ക്രീനിലെ മിന്നും താരം
അച്ഛന് സുരേഷിന്റെ ജന്മദേശമായ പന്തളത്ത് സംഘടിപ്പിച്ച കവിതാലാപന മത്സരമായിരുന്നു ആദിത്യന്റെ ആദ്യത്തെ പൊതുവേദി. ഈ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. പൊതുവേദിയില്‍ അവതരിപ്പിക്കപ്പെട്ട ഈ പരിപാടികള്‍ ന്യൂസ് ചാനലുകള്‍ ഒപ്പിയെടുത്തു. അങ്ങനെയാണ് നാട്ടിലെ പരിപാടികളില്‍ ആദിത്യ ഒഴിച്ചുകൂടാന്‍ പറ്റാത്ത തരമായി മാറിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ആദിത്യയെ കണ്ടറിഞ്ഞ സംഗീത സംവിധായകന് മുരളി അപ്പാത്താണ് തന്റെ സംഗീത ആല്‍ബമായ നീലാംബരിയില്‍ പാടുവാന്‍ അവസരം കൊടുത്തത്. പലരുടെയും പിന്തുണയും പ്രോത്സാഹനവും മൂലം ശാസ്ത്രീയ സംഗീതം പഠിക്കുവാന്‍ ആരംഭിച്ചു. ഇപ്പോള്‍ നെടിയവിള പുരന്ദരദാസന്‍ സംഗീത വിദ്യാലയത്തിലെ ശോഭന ടീച്ചറിന്റെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ചു വരുന്നു.
കുട്ടിക്കുറുമ്പിന് കുറവില്ല
സാധാരണ കുട്ടികളെ പോലെ നിര്‍ബന്ധവും വാശിയുമൊക്കെ ഈ കുട്ടിക്കുറുമ്പനും ഉണ്ട്. സാധാരണ കുട്ടികളുടെ കുറുമ്പുകള്‍ കൂടാതെ പഠിക്കുന്നതിലും പാട്ട് പാടുന്നതിലും ചില വാശികള്‍ ഉണ്ടെന്ന് അമ്മ പറയുന്നു. പരിമിതമായ സാഹചര്യങ്ങള്‍ മാത്രമായിരുന്നിട്ട് പോലും അക്ഷരങ്ങള്‍ വേഗത്തില്‍ പഠിച്ചെടുക്കുവാനും പാട്ടുകളുടെ വരികളും ഈണവും ശ്രുതിയുമൊക്കെ വേഗത്തില്‍ മനസിലാക്കുവാനും ഒരു പ്രത്യേക വാശി കാണിക്കാറുണ്ടെന്ന് മൈക്രോ ബയോളജിയില്‍ മാസ്റ്റര്‍ ബിരുദം നേടിയ അമ്മ രഞ്ജിനി പറയുന്നു.
ഇംഗ്ലീഷ് അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ മാത്രമറിഞ്ഞിരുന്ന ആദിത്യയ്ക്ക് കൊവിഡ് കാലത്ത് ഇംഗ്ലീഷ് വൃത്തിയായി സംസാരിക്കുവാനും അവസരം ലഭിച്ചു . ലോകത്തിലെ അതിവേഗ കാര്‍ട്ടൂണിസ്റ്റ് ജിതേഷ്ജിയുടെ സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ്സിലൂടെയാണ് ഇതിന് കഴിഞ്ഞത്. സുഗതവനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രഥമ പ്രതിഭാമരപ്പട്ടം അവാര്‍ഡ് ജേതാവ് കൂടിയായ ആദിത്യന് അവാര്‍ഡിന്റെ ഭാഗമായാണ് ഈ അവസരം ലഭിച്ചത്. ഈ നേട്ടം ദല്‍ഹിയിലെത്തുമ്പോള്‍ പ്രധാനമന്ത്രിയുമായി സംവദിക്കാന്‍ തനിക്ക് പ്രയോജനപ്പെടുമെന്ന് ആദിത്യന് കേട്ടിരുന്നു. വളര്‍ന്ന് വരുമ്പോള്‍ നല്ല ഒരു പാട്ടുകാരന് ആകണമെന്നാണ് ആദിത്യത്തിന്റെ വലിയ ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: