ആര്യാ ചന്ദ്രന്.എസ്
ബിഹാറിലെ ഗയയിലാണ് അനുരാധ സിങ് ജനിച്ചത്. സ്വാതന്ത്ര്യ സമര സേനാനി കുമാര്‍ പ്രാതാപ് സിങ്ങാണ് മുത്തച്ഛന്. ഗാന്ധിജിയുമായി വളരെ അടുപ്പമുണ്ടായിരുന്നു മുത്തച്ഛന്. ഭാരതത്തിന്റെ ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് സ്ഥിരമായി വീട്ടില്‍ എത്താറുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങളൊക്കെ ഇപ്പോഴും വീട്ടിലെ ചുവരില്‍ സൂക്ഷിച്ചിട്ടുണ്ട്. അച്ഛന് രാജേന്ദ്ര പ്രാതാപ് സിങ് സാമൂഹ്യ പ്രവര്‍ത്തകനാണ്. അമ്മ ഊര്‍മിള വൈശാലി എഴുത്തുകാരിയാണ്.
മുത്തച്ഛന്റെയും അച്ഛന്റെയും കര്‍മമേഖല തന്നെയാണ് തന്റേതെന്നും അനുരാധ കരുതി. അതായിരുന്നു സ്വപ്നവും. ഡോക്ടര്‍ ആകണം. തന്റെ ഗ്രാമത്തില്‍ ഒരു ആശുപത്രി നിര്‍മിക്കണം. അവിടെയുള്ളവര്‍ക്കായി പ്രവര്‍ത്തിക്കണം. അതിനു തന്റെ അധ്യാപികയില്‍ നിന്ന് നല്ല പ്രോത്സാഹനവും ലഭിച്ചിരുന്നു. അനുരാധ, താന്‍ നല്ലൊരു ന്യൂറോ സര്ജന് ആകുമെന്ന് അവരെപ്പോഴും പറയുമായിരുന്നു. അതിനു വേണ്ടിയായിരുന്നു പിന്നീടുള്ള പരിശ്രമവും. എന്നാല്‍, രക്തം കാണുമ്പോഴുള്ള പേടിയും വിറയലും അനുരാധയെ തന്റെ ലക്ഷ്യത്തില്‍ നിന്ന് പിന്തിരിപ്പിച്ചു. മറ്റൊരാള്‍ വേദനകൊണ്ട് പുളയുന്നത് നോക്കിനില്ക്കാന് അവള്‍ക്ക് കഴിയുമായിരുന്നില്ല. അങ്ങനെ ആ സ്വപ്നം അവര്‍ ഉപേക്ഷിച്ചു. താന്‍ മെഡിസിന് മേഖല ഉപേക്ഷിച്ചെങ്കിലും പലരുടെയും രൂപത്തില്‍ മെഡിസിന് തന്റെ കൂടെക്കൂടിയിരിക്കുകയാണ്. മുന്‍പ് മുത്തശ്ശി, പിന്നീട് രേണു സലൂജ, ഇപ്പോള്‍ അമ്മ… എല്ലാവര്‍ക്കുമൊപ്പം ആശുപത്രിവാസവും. പരിചരണവും. അങ്ങനെ ഒരു ചെറിയ ഡോക്ടറാണ് താനെന്ന് ഒരു ചെറു ചിരിയോടെ അനുരാധ പറയുന്നു.
വഴിത്തിരിവായ ശില്‍പ്പശാല
മെഡിസിന് വേണ്ട എന്ന് തീരുമാനിച്ചതിനു പിന്നാലെ പ്ലസ് ടുവിനു ശേഷം എന്തെന്ന ചോദ്യമായി. ഡിഗ്രിക്കു പോകാന്‍ തീരുമാനിച്ചു. കെമിസ്ട്രിയില്‍ താത്പര്യം ഉണ്ടായിരുന്നെങ്കിലും കിട്ടിയത് പൊളിറ്റിക്കല്‍ സയന്‍സ്. ഇഷ്ടപെട്ടത് കിട്ടിയില്ല, അപ്പോ കഷ്ടപ്പെട്ട് ഇത് പഠിക്കാമെന്നായി. തുടക്കത്തില്‍ ഒരു താത്പര്യവും ഇല്ലായിരുന്നു. പക്ഷേ കോഴ്സ് കഴിഞ്ഞപ്പോള്‍ യൂണിവേഴ്സിറ്റി ടോപ്പര്‍. പിന്നീട് മറ്റൊരു വഴിയുമില്ലാത്തതിനാല്‍ ബിരുദാനന്തര ബിരുദത്തിന്. എംഎസ്ഡബ്ല്യൂ ചെയ്തു. പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ പിജി പഠിക്കാനായി ചേര്‍ന്നു. ഈ സമയത്തൊക്കെ അച്ഛന് പറയുമായിരുന്നു നിനക്കായി വളരെ നല്ലതെന്തോ കാത്തിരിപ്പുണ്ടെന്ന്. അക്കാലത്താണ് ഒരു കൂട്ടുകാരി വഴി ഒരു ശില്പ്പശാലയെപ്പറ്റി അറിയുന്നത്. അവള് ദല്‍ഹി ഭാരതി വിദ്യാഭവനില്‍ മാസ് കമ്യൂണിക്കേഷന്‍ പഠിക്കുകയായിരുന്നു. കേട്ടപ്പോള്‍ താത്പര്യം തോന്നി. അവള്‍ക്കൊപ്പം പോയി.
ശില്‍പ്പശാലയിലെ ക്ലാസുകള്‍ വളരെ നന്നായി ആസ്വദിച്ചു. പ്രത്യേകിച്ചും അന്ന് സ്റ്റേറ്റ്സ്മാന് എഡിറ്ററായിരുന്ന മക്കറിന്റെ ക്ലാസുകള്‍. അതുകൊണ്ടുതന്നെ ഭാരതി വിദ്യാഭവനില്‍ മാസ് കമ്യൂണിക്കേഷന്‍ ചേരാമെന്നായി. അങ്ങനെ അവിടെ അഡ്മിഷനെടുത്തു. നന്നായി പഠിച്ചു. ഭാരതി വിദ്യാഭവനില്‍ അതുവരെ ആരും നേടാത്ത മാര്‍ക്കുമായി പാസായി. അവിടുത്തെ പ്രൊഫസറാണ് പൂനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ (എഫ്ടിഐഐ) ചേരാന്‍ നിര്‍ദേശിക്കുന്നത്. അല്ലെങ്കില്‍ ബോളിവുഡ് എഡിറ്ററായ രേണു സലൂജയ്ക്കൊപ്പം ചേരാനും നിര്‍ദേശിച്ചു. കോഴ്സ് കഴിഞ്ഞ് ടൈംസ് ഓഫ് ഇന്ത്യയില്‍ ഫ്രീലാന്‍സറായി. മുംബൈയിലേക്ക് താമസം മാറി. ആദ്യ ശ്രമത്തില്‍ എഫ്ടിഐഐയില്‍ അഡിമിഷന് കിട്ടിയില്ല. രേണു സലൂജയെ സമീപിച്ചു. അവിടെ എട്ട് പേരോളം അസിസ്റ്റന്ഡുമാരായിയുണ്ടായിരുന്നു. അതുകൊണ്ട് കൂടെകൂട്ടാന്‍ കഴിയില്ലെന്ന് രേണു സലൂജയും.
രണ്ട് മാര്ഗങ്ങളുമടഞ്ഞതോടെ വലിയ നിരാശയായി. കുടുംബത്തിലും അത് പ്രതിഫലിച്ചു. എവിടെ ചെന്നാലും എല്ലാവര്ക്കും വേണ്ടത് എക്സ്പീരിയന്‍സ് ആയിരുന്നു. ആരും നമ്മളെ ജോലിക്കെടുക്കുന്നില്ലെങ്കില് നമുക്കെങ്ങനെ എക്സ്പീരിയന്‍സ് ഉണ്ടാകുമെന്നായി അനുരാധ. വളരെയധികം ബുദ്ധിമുട്ടിയ ദിവസങ്ങളായിരുന്നു അത്. മുംബൈയിലായതിനാല്‍ സിനിമയെന്നു തന്നെയുറപ്പിച്ച് മുന്നോട്ട് പോയി. അങ്ങനെയിരിക്കെ ടി സീരീസില്‍ അസിസ്റ്റന്‍ഡ് ഡയറക്ടറായി അനുരാധയ്ക്ക് അവസരം ലഭിച്ചു. പിന്നീട് ഒരു കൂട്ടുകാരി വഴിയാണ് ഡയറക്ടര്‍ വിധു വിനോദ് ചോപ്രയ്ക്ക് ഒരു അസിസ്റ്റന്‍ഡിനെ ആവശ്യമുണ്ടെന്ന് അറിയുന്നത്. കൂട്ടുകാരിയോടൊപ്പം അദ്ദേഹത്തിനടുത്ത് പോയി. രേണു സലൂജയുടെ ഭര്‍ത്താവായിരുന്നു അദ്ദേഹം. അദ്ദേഹം അനുരാധയെ തന്റെ അസിസ്റ്റന്‍ഡായി നിയമിച്ചു. ഒപ്പം ഒരു കാര്യം കൂടി പറഞ്ഞു. അനുരാധ, തന്നെ കാണാന്‍ രേണുവിനെ പോലെയുണ്ട്, അതുകൊണ്ട് തന്റെ ബ്രെയിനും രേണുവിന്റെ ബ്രെയിന്‍ പോലെ പ്രവര്‍ത്തിക്കുമെന്ന് കരുതുന്നുവെന്ന്. അവിടെ വച്ച് വീണ്ടും അനുരാധ രേണു സലൂജയെ കണ്ടു. ഇവിടെ എങ്ങനെ എത്തിയെന്നായി. താനൊപ്പം കൂട്ടിയെന്ന് വിനോദ് ചോപ്രയും.
എഡിറ്റിങ്ങിലേക്ക്
ദ്രോണാചാര്യനില്‍ നിന്ന് ഏകലവ്യനെങ്ങനെയാണോ അസ്ത്ര വിദ്യകള്‍ ഹൃദിസ്ഥമാക്കിയത് അതുപോലെയായിരുന്നു രേണു സലൂജയില്‍ നിന്ന് അനുരാധ എഡിറ്റിങ്ങിന്റെ ആദ്യ പാഠങ്ങള്‍ മനസ്സില്‍ കുറിച്ചത്. വിനോദ് ചോപ്രയുടെ മിഷന് കശ്മീരിന്റെ ഷൂട്ടിങ് സമയത്താണ് രേണു സലൂജയ്ക്ക് കമല്‍ഹാസന്റെ ‘ഹേ റാം’ ചെയ്യേണ്ടി വന്നത്. ഹോളിവുഡില്‍ എഡിറ്റര്‍മാര്‍ എല്ലാ സിനിമയുടെ ലൊക്കേഷനുകളിലും എത്താറുണ്ട്. അതുപോലെ വിനോദ് ചോപ്രയുടെ എല്ലാ സിനിമ ലൊക്കേഷനുകളിലും രേണു സലൂജയും പോകുമായിരുന്നു. എന്നാല്‍, ഹേ റാമിന്റെ വര്‍ക്കുണ്ടായിരുന്നതിനാല്‍ കശ്മീരിലേക്ക് പോകാന്‍ രേണു സലൂജയ്ക്ക് കഴിഞ്ഞില്ല. തനിക്കു പകരം അനുരാധയെ എല്ലാം ഏല്പിച്ചു. അങ്ങനെ ഒരു നിയോഗം പോലെ വിനോദ് ചോപ്രയുടെ അസിസ്റ്റന്‍ഡ് ഡയറക്ടര്‍ രേണു സലൂജയുടെ എഡിറ്റിങ് വിഭാഗത്തിലേക്ക് മാറി.
ആ സമയത്താണ് രേണു സലൂജയെ അര്‍ബുദ രോഗബാധയാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും. അതോടെ മിഷന് കശ്മീരില്‍ രേണുവിന് എന്തൊക്കെയാണോ ചെയ്യാനുണ്ടായിരുന്നത് അതെല്ലാം അനുരാധയുടെ മേല്നോട്ടത്തിലായി. രാജ് കുമാര്‍ ഹിരാനി, സഞ്ജീവ് കര്‍ത്ത, പര്‍മിന്ദര്‍ എന്നിങ്ങനെ മൂന്ന് എഡിറ്റര്‍മാരുണ്ടായിരുന്നു മിഷന് കശ്മീരിന്. ഇവരെയെല്ലാം കോര്‍ഡിനേറ്റ് ചെയ്യേണ്ടിവന്നു. സിനിമയുടെ ഓരോ ഫൂട്ടേജും രേണു സലൂജയെ കാണിക്കാനായി ആശുപത്രിയിലേക്കും കൊണ്ടുപോയിരുന്നു. അതിന് ശേഷമാണ് സിനിമ എന്താണെന്ന് പഠിക്കണം, പ്രൊഫഷണലാവണം, എഫ്ടിഐഐയില്‍ അഡ്മിഷന് ആരംഭിച്ചു, അവിടേക്ക് അപേക്ഷിക്കണമെന്ന് രേണു സലൂജ പറയുന്നത്. വീണ്ടും എഫ്ടിഐഐയിലേക്ക്. അഡ്മിഷന് ലിസ്റ്റ് വന്നപ്പോള്‍ പേര് വെയിറ്റിങ് ലിസ്റ്റില്‍ ഒന്നാമത്. മിഷന് കശ്മീരിന്റെ ജോലിത്തിരക്കുകളില്‍ പിന്നീട് അത് ശ്രദ്ധിക്കാതെയായി.
എന്നാല്‍, അഡ്മിഷന് ലിസ്റ്റിലുണ്ടായിരുന്ന ഒരാള്‍ക്ക് ഡങ്കു വന്നതിനാല്‍ ആ കുട്ടി ലിസ്റ്റില്‍ നിന്ന് പുറത്താവുകയും അനുരാധയ്ക്ക് അവസരം ലഭിക്കുകയും ചെയ്തു. ഇതൊന്നും അനുരാധ അറിയുന്നുണ്ടായിരുന്നില്ല. നടി സൊനാലി കുല്‍ക്കര്‍ണിയുടെ സുഹൃത്തായിരുന്നു എഫ്ടിഐഐയുടെ അന്നത്തെ ഡയറക്ടര്‍ മോഹന്‍ ആകാശ്. അദ്ദേഹം സൊനാലിയെ ഇക്കാര്യം അറിയിച്ചു. സൊനാലി വിനോദ് ചോപ്രയേയും. അഡ്മിഷന് ഫീസും നല്കി ചോപ്രയാണ് എഫ്ടിഐഐയിലേക്ക് പറഞ്ഞുവിടുന്നത്. അപ്പോഴേക്കും രേണു സലൂജയുടെ ആരോഗ്യനില വഷളായിരുന്നു. ഓരോ വാരാന്ത്യത്തിലും പൂനെയില്‍ നിന്ന് മുംബൈയിലെത്തുമായിരുന്നു. ആശുപത്രിയില്‍ രേണു സലൂജയ്ക്കൊപ്പമായിരുന്നു അവധി ദിവസങ്ങളില്‍.
എഫ്ടിഐഐയിലെ പഠനം അത്ര സുഖകരമായിരുന്നില്ല അനുരാധയ്ക്ക്. പഠിക്കുന്നതിന് മുന്‍പ് തന്നെ സിനിമാ മേഖലയില്‍ പരിശീലനം ലഭിച്ച, ക്ലാസിലെ ഒരേ ഒരാള്‍ അനുരാധയായിരുന്നു. അത് സഹപാഠികള്‍ക്ക് അത്ര രസിച്ചിരുന്നില്ല. അത് അവളോടുള്ള സമീപനത്തിലും പ്രതിഫലിച്ചിരുന്നു. ഇതെല്ലാം രേണുവിനോട് പങ്കുവയ്ക്കുമായിരുന്നു. ഒരു ഘട്ടത്തില്‍ അവിടെ തുടരാനാകില്ലെന്നു പോലും പറഞ്ഞു. പക്ഷേ രേണു സമ്മതിച്ചില്ല. മരണക്കിടക്കയിലും കോഴ്സ് പൂര്‍ത്തിയാക്കണമെന്നാണ് രേണു ആവശ്യപ്പെട്ടത്.
വീണ്ടും പഠനം തുടര്‍ന്നു. ഫൈനലിയറില്‍ പഠിക്കുമ്പോള്‍ എയര്‍ഫോഴ്സ് മെഡിക്കല്‍ കോളജിലെ ഒരു ഡോക്ടറുമായി പ്രണയത്തിലായി. പക്ഷേ ഒരപകടത്തെ തുടര്‍ന്ന് അദ്ദേഹം മരിച്ചു. അദ്ദേഹത്തിനോടുള്ള ആദരസൂചകമായി അനുരാധ സംവിധാനവും നിര്‍മാണവും എഡിറ്റിങ്ങും ചെയ്ത ഷോര്‍ട് ഫിലിമാണ് ടച്ച് ദ് സ്കൈ വിത്ത് ഗ്ലോറി. ഇതിന് സ്വദേശത്തും വിദേശത്തുമായി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു. അന്നാണ് ആദ്യമായി വിദേശയാത്ര ചെയ്യുന്നതും. ഈ ഷോര്‍ട്ട് ഫിലിമാണ് തന്റെ ജിവിതത്തിന് തേജസ് നല്‍കിയതെന്ന് ഈറനണിഞ്ഞ കണ്ണുകളോടെ അനുരാധ ഓര്‍ത്തെടുക്കുന്നു.
ഹോളിവുഡ് വിളിക്കുന്നു
ഫൈനലിയര്‍ സമയത്തു തന്നെ ഇന്റര്‍നാഷണല്‍ ഫിലിം പ്രൊഡക്ഷന്‍ മാനേജര്‍ അലക്സാണ്ടര്‍ ഡി ഗ്രന്വാള്ഡിനെ കാണാനിടയുണ്ടായി. അന്ന് ടച്ച് ദ് സ്കൈ വിത്ത് ഗ്ലോറിയുടെ വര്‍ക്കുകള്‍ പുരോഗമിക്കുന്ന സമയമാണ്. ഇതറിഞ്ഞ അദ്ദേഹം പ്രൊജക്ട് തീര്‍ന്നാലുടന്‍ തന്നെ അത് കാണിക്കണമെന്നാവശ്യപ്പെട്ടു. ഷോര്‍ട്ട് ഫിലിം പൂര്‍ത്തിയാക്കി അതുമായി അനുരാധ ഗ്രന്വാള്ഡിന്റെ അടുത്തെത്തി. ഒരു മികച്ച എഡിറ്ററായി ഭാരതം നിന്നെ കാണുമെന്നായിരുന്നു ഷോര്‍ട് ഫിലിം കണ്ട ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണം. പിന്നീട് അദ്ദേഹം അവരുടെ ഗോഡ്ഫാദറായി മാറുകയായിരുന്നു. അവിടെ നിന്നാണ് ഹോളിവുഡിലേക്കുള്ള യാത്രയുടെ ആരംഭം.
ഒരു ഹോളിവുഡ് ഫീച്ചര്‍ സിനിമയുടെ സോങ് എഡിറ്ററായി ഒരാളെ ആവശ്യമുണ്ടെന്ന് ഗ്രന്വാള്ഡാണ് അറിയിക്കുന്നത്. അദ്ദേഹമാണ് നിര്‍മാതാവ് ടോം വൈല്ഹൈറ്റിനെ പരിചയപ്പെടുത്തുന്നത്. ടോം വൈല്ഹൈറ്റിന്റെ സിനിമയിലേക്കുള്ള ആ ക്ഷണം അനുരാധ സ്വീകരിച്ചു. മാരിഗോള്‍ഡ് ആയിരുന്നു സിനിമ. എന്നാല്‍ സാഹചര്യങ്ങള്‍ അവളെ ആ സിനിമയുടെ എഡിറ്ററാക്കി. അതും ഒരു നിയോഗം. പിന്നീട് ഫീച്ചര്‍ ഫിലിമായ ബ്ലഡ് മങ്കിയുടെയും എഡിറ്ററായി.
ഓസ്കാര്‍ ജേതാവായ, ദ് ഗോഡ്ഫാദര് സിനിമയുടെ എഡിറ്റര്‍ ലോക പ്രശസ്തനായ വാള്‍ട്ടര്‍ മര്‍ച്ചിന്റെ ശില്‍പ്പശാലയും അനുരാധയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു. അദ്ദേഹത്തില്‍ നിന്നാണ് ശബ്ദത്തെ എങ്ങനെ കേള്‍ക്കണം, എങ്ങനെ ഉപയോഗിക്കണം, എങ്ങനെ രൂപാന്തരം വരുത്താം എന്നൊക്കെ പഠിക്കുന്നത്.
സ്ലംഡോഗ് മില്യനെയര്‍
അക്കാലത്ത് ചില ആരോഗ്യ പ്രശ്നങ്ങളാല്‍ ഒരു സര്‍ജറി വേണ്ടി വന്നു. അതിനായി ഹോളിവുഡ് തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഭാരതത്തിലെത്തി. സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലിരിക്കെയാണ് സ്ലംഡോഗ് മില്യനെയറിലേക്കുള്ള ക്ഷണം വരുന്നത്. തൊട്ടടുത്ത ദിവസം തന്നെ സ്റ്റുഡിയോയിലെത്തി സ്ക്രിപ്റ്റ് വായിച്ചു. അതി മനോഹരം… അപ്പോള്‍തന്നെ ഒകെ പറഞ്ഞു. പിന്നീട് നടന്നതെല്ലാം ദൈവാനുഗ്രഹം. ഡാനി ബോയലിനൊപ്പമുള്ള സ്ലംഡോഗ് മില്യനെയറിലെ ഓരോ ദിവസങ്ങളും പുതിയ പുതിയ പാഠങ്ങളായിരുന്നു അനുരാധയ്ക്ക്. ഒരു ഫിലിം സ്കൂളില്‍ ചേര്‍ന്നതു പോലെ. മികച്ച ഒരു ടീം വര്‍ക്കായിരുന്നു അത്. 500 മണിക്കൂറായിരുന്നു ഷൂട്ടിങ്. അതിനെയാണ് വെറും ഒന്നര മണിക്കൂറിലേക്ക് ചുരുക്കിയത്. സ്ലംഡോഗിന് ശേഷം ജീവിതം മറ്റൊരു തലത്തിലേക്ക് മാറുകയായിരുന്നു. അതിന് ശേഷം മില്യണ്‍ ഡോളര്‍ ആം, ദ് ഹണ്‍ഡ്രഡ് ഫൂട്ട് ജേര്‍ണി ഉള്‍പ്പെടെ നിരവധി മികച്ച മികച്ച ചിത്രങ്ങളുടെ ഭാഗമായി.
സ്ലംഡോഗ് മില്യനെയറാണ് പുതുലോകം നല്കിയതെങ്കില് സിനിമയിലേക്കുള്ള വഴിതുറന്നത് മിഷന് കശ്മീരാണ്. അതൊരു പ്രത്യേക അനുഭവമായിരുന്നു. കശ്മീരില്‍ ആദ്യമായി പോകുന്നത് അപ്പോഴാണ്. അവിടെവച്ച് വിനോദ് ചോപ്ര ഒരു ഉപദേശം നല്കുകയുണ്ടായി. മീഡിയോക്രേസി ഡസ് നോട്ട് സെര്‍വ് എനി പര്‍പസ് ഇന്‍ ദ ഇന്‍ഡസ്ട്രി, സോ ബി ദ ബെസ്റ്റ്. അതായത്, നമ്മുടെ ഈ മേഖലയില്‍ കഠിനാധ്വാനത്തിനല്ലാതെ മറ്റൊന്നിനും ഒരു സ്ഥാനവുമില്ല, അതുകൊണ്ട് എല്ലായിപ്പോഴും മികവ് പുലര്‍ത്തണം. അതാണ് മിഷന് കശ്മീരില്‍ നിന്ന് പഠിച്ചത്.
നിര്‍ഭയയ്ക്കൊപ്പം
ഇന്ത്യാസ് ഡോട്ടര്‍ ലോകം മുഴുവന്‍ ചര്‍ച്ചാ വിഷയമായ ഭാരതത്തില്‍ നിരോധിക്കപ്പെട്ട ഡോക്യുമെന്ററി. അനുരാധ സിങ്ങെന്ന ഫിലിം എഡിറ്ററെ ഒരു പക്ഷേ ലോകമറിഞ്ഞത് ഇതിലൂടെയാകാം. അനുരാധ ഈ പ്രൊജക്ടിന് മുതിര്‍ന്നില്ലായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു ഡോക്യുമെന്ററി ഉണ്ടാകുമായിരുന്നില്ല.
തന്റെ പിറന്നാളാഘോഷത്തിന്റെ തലേന്നാണ് വെസ്റ്റ് ഈസ് വെസ്റ്റ് സിനിമയുടെ നിര്‍മാതാവ് ലെസ്ലി അഡ്വിന്റെ ഫോണ്‍ വന്നത്. ”അനുരാധ ഞാന്‍ ഭാരതത്തിലുണ്ട്. ഒരു പ്രൊജക്ടിനായി എത്തിയതാണ്. നിന്റെ സഹായം വേണം. നീ ഇല്ലെങ്കില്‍ ഒരു പക്ഷേ ഇത് നടക്കില്ല” എന്നായിരുന്നു ലെസ്ലി പറഞ്ഞത്. വിഷയം നിര്‍ഭയ. അതും സംഭവം കഴിഞ്ഞ് മാസങ്ങളെ ആയിട്ടുള്ളൂ. കേസ് കോടതിയിലാണ്. അനുരാധ സമ്മതിച്ചു. എന്ന് തുടങ്ങണമെന്ന് ചോദിച്ചപ്പോള്‍. ഇപ്പോള്‍ തന്നെ എന്നായിരുന്നു മറുപടി.
ആദ്യ ദിവസം മുതല്‍ വളരെയധികം കഷ്ടപ്പെടേണ്ടി വന്നു. വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വിഷയം. ഇരുവരെ ചെയ്തിട്ടുള്ളതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായിരുന്നു ഓരോ കാര്യങ്ങളും. കുറ്റവാളികളുടെ അഭിമുഖം ഷൂട്ട് ചെയ്യുന്ന സമയം അത് കേട്ടിരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഒരു കുറ്റബോധവുമില്ലാതെ തങ്ങളുടെ പ്രവൃത്തികള്‍ വിശദീകരിക്കുകയായിരുന്നു. ക്യാമറയ്ക്ക് പിന്നിലിരുന്ന് കരയുകയായിരുന്നു പലപ്പോഴും. പലതും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 63 മിനിട്ടുള്ള ഡോക്യുമെന്ററിക്കായി രണ്ടര വര്‍ഷമാണ് അനുരാധ ചെലവഴിച്ചത്. പല ദിവസങ്ങളിലും 21 മണിക്കൂറിലധികം ഒരേ ഇരിപ്പില്‍. രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്കുള്ള യാത്ര. മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നു. അതിനു ശേഷം ഇന്നും നട്ടെല്ലിനുണ്ടായ പ്രശ്നങ്ങള്‍ അലട്ടുന്നു.
2015 ഒക്ടോബറില്‍ ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി തിയറ്ററില്‍ ഇന്ത്യാസ് ഡോട്ടറിന്റെ പ്രിമിയറിങ് നടന്നു. ഹോളിവുഡ് നടി, മൂന്ന് തവണ ഓസ്കാര്‍ ലഭിച്ച മെറില്‍ സ്ട്രിപ് ആയിരുന്നു ഉദ്ഘാടക. ഇതിന് ഓസ്കര് ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നായിരുന്നു ഡോക്യൂമെന്ററി കണ്ടതിന് ശേഷമുള്ള മെറില്‍ സ്ട്രിപ്പിന്റെ ആദ്യ പ്രതികരണം. സിനിമ കാണുമ്പോള്‍ അവര്‍ കരയുകയായിരുന്നു. പിന്നീട് അവരെ പരിചയപ്പെട്ടപ്പോള്‍ അനുരാധയുടെ കൈകള്‍ വിറയ്ക്കുകയായിരുന്നു. അത് കണ്ട് മെറില്‍ സ്ട്രിപ് പറഞ്ഞു, ഈ കൈകള്‍ കൊണ്ടാണല്ലോ മനോഹരമായ ആ ഡോക്യുമെന്ററി എഡിറ്റ് ചെയ്തതെന്ന്. എന്നിട്ട് കെട്ടിപ്പിടിക്കുകയും ചെയ്തു. ഇതിന്റെ സന്തോഷത്തില്‍ മൂന്ന് ദിവസമാണത്രേ അനുരാധ കുളിക്കാതിരുന്നത്.
ഡോക്യുമെന്ററി പ്രദര്‍ശനത്തിന് ശേഷം നടന്ന ചടങ്ങില്‍ മെറില്‍ സ്ട്രിപ് അതിന്റെ സംവിധായിക ലെസ്ലിയെക്കുറിച്ച് പറഞ്ഞു. അപ്രതീക്ഷിതമായി അനുരാധയുടെ പേരും പരാമര്‍ശിച്ചു. അങ്ങനെ ഒരനുഭവം ആദ്യമായിരുന്നു. വേദികളില്‍ ആരും സിനിമയുടെ എഡിറ്ററെക്കുറിച്ച് പൊതുവെ പറയാറില്ല. ഡോക്യുമെന്ററിയുടെ എഡിറ്റര്‍ ഇവിടെ നമ്മളോടൊപ്പമുണ്ട്. ലെസ്ലി അവള്‍ക്ക് ഈ ഡോക്യുമെന്ററിയുടെ ആയിരക്കണക്കിന് ഫൂട്ടേജുകള്‍ നല്കിയിട്ടുണ്ടാകുമെന്നെനിക്കുറപ്പാണ്. അതില്‍ നിന്നാണ് അവള് ഈ സിനിമ ഇത്ര മനോഹരമായി ചിട്ടപ്പെടുത്തിയത്. മെറില്‍ സ്ട്രിപ് അത്രയും പറഞ്ഞു കഴിഞ്ഞപ്പോളേക്കും സദസ്സിന് മുന്നില്‍ അനുരാധ എഴുന്നേറ്റു നിന്നു. അന്‍പത് സെക്കന്‍ഡ് നീണ്ട കൈയടിയാണ് അന്ന് അവര്‍ക്ക് ലഭിച്ചത്. അവിടെ തന്റെ രണ്ടു വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ പ്രതിഫലമാണ് അനുരാധയ്ക്ക് ലഭിച്ചത്.
പുതുതലമുറയോട്
സ്വന്തം കഴിവില്‍ വിശ്വാസം ഉണ്ടായിരിക്കണം. നമുക്ക് നമ്മളില്‍ വിശ്വാസം ഇല്ലെങ്കില്‍ മറ്റാരും നമ്മളെ വിശ്വസിക്കില്ല. നമ്മള് വിജയിക്കും എന്നു തന്നെ പറയണം. ഒരു സ്വപ്നമുണ്ടാകണം. ഒരു ചൊല്ലുണ്ട്. നമ്മുടെ എല്ലാ സ്വപ്നങ്ങളും സാധിക്കണമെന്നില്ല. എന്നിരുന്നാലും സ്വപ്നമുണ്ടെങ്കിലേ വിജയത്തിലെത്താന്‍ കഴിയു… മറ്റൊന്ന് കൃത്യനിഷ്ഠയുണ്ടാവണം. ഒരോ സെക്കന്‍ഡും മൂല്യമേറിയതാണ്. എല്ലാത്തിനെയും പോസിറ്റീവായി കാണണം. ഒന്നും മനസ്സില്‍ വച്ച് നടക്കാന്‍ പാടില്ല. ഗ്രന്‍വാള്‍ഡ് എപ്പോളും പറയുമായിരുന്നു, ആവശ്യമില്ലാത്തതൊന്നും തലയില്‍ കയറ്റരുത്. വിജയത്തിലേക്ക് കുറുക്കുവഴികളില്ലെന്ന് എപ്പോഴും ഓര്‍ക്കുക. ഇംപോസിബിളിനെ ഐ ആം പോസിബിള്‍ എന്ന് കാണുക. അനുരാധ അങ്ങനെയാണ്. തന്റെ എഡിറ്റിങ് ടേബിളിന് സമീപമായി ഇംപോസിബിളിനെ പിരിച്ച് ഐ ആം പോസിബിള്‍ എന്നാക്കി എഴുതിവച്ചിട്ടുണ്ട്.
പുതിയ പദ്ധതികള്‍
ഭാരതത്തിലെ ഒരു കൊച്ചുഗ്രാമത്തില്‍ നിന്ന് ഇന്ന് ലോകമറിയുന്ന എഡിറ്ററായി മാറിയിരിക്കുന്നു അനുരാധ. ഇന്നത്തെ അനുരാധയെ വാര്‍ത്തെടുത്തതില്‍ മുഴുവന്‍ ക്രെഡിറ്റും മുത്തശ്ശിക്കാണ്. മുത്തശ്ശിയായിരുന്നു അനുരാധയ്ക്കെല്ലാം. മുത്തശ്ശിയുടെ പിങ്കിയില്‍ നിന്ന് ഇന്നത്തെ അനുരാധയിലേക്കുള്ള മാറ്റം വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.
എഫ്ടിഐഐയിലെ സഹപാഠികളുടെ, നാട്ടുകാരുടെയുള്പ്പെടെ രൂപത്തില്‍ അത് വേട്ടയാടി. സിനിമയില്‍ തന്നെ സ്വാതന്ത്ര്യത്തിനായി പോരാടി. സ്ത്രീകള്‍ക്ക് മാത്രമായി വാഷ് റൂമില്ലാതിരുന്നതില് തുടങ്ങുന്നു പ്രശ്നങ്ങള്‍. വര്‍ണ വിവേചനവും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അന്ന് സിനിമയുടെ പിന്നണിയില്‍ സ്ത്രീകള്‍ വളരെ വിരളമായി മാത്രമേ ജോലിചെയ്യുന്നുണ്ടായിരുന്നുള്ളു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. എല്ലാം മാറി.
എഡിറ്റിങ്ങില്‍ മാത്രമല്ല, ഡയറക്ഷനും, പ്രൊഡക്ഷനുമെല്ലാം അനുരാധയുടെ കൈകളില്‍ ഭദ്രമാണ്. സംഗീതവും. അനുരാധ കോ ഡയറക്ടറായ സിദ്ധാര്‍ത്ഥ ദ് ബുദ്ധ ആറ് മാസമാണ് ശ്രീലങ്കയില്‍ പ്രദര്‍ശിപ്പിച്ചത്. ഇനിയൊരു സിനിമ സംവിധാനം ചെയ്താല്‍ അത് പ്രിന്‍സസ് ഡയാനയെക്കുറിച്ചാകണം. പിന്നെ മൈക്കിള്‍ ജാക്സണ്. ബയോപിക്കുകളോടാണ് താത്പര്യം. അനുരാധ മുത്തശ്ശിക്കായി ഒരു മ്യൂസിക് ആല്‍ബം, ആന്‍ഖന്‍ മേ സപനേ… പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോള്‍ മറ്റൊരു പാട്ടിന്റെ പണിപ്പുരയിലുമാണ്.
കൂടാതെ ഒരു ഡോക്യുമെന്ററിയും ചെയ്യുന്നു. ഡയറക്ടറും പ്രൊഡ്യൂസറും എഡിറ്റിങ്ങും ക്യാമറയുമെല്ലാം അനുരാധ തന്നെ. ചില കാരണങ്ങളാല്‍ ഇതെല്ലാം ഒറ്റയ്ക്കുതന്നെ കൈകാര്യം ചെയ്യാന്‍ നിര്‍ബന്ധിതയാവുകയാണ്. അതിലുമുപരി തന്റേതായ രീതിയില്‍ തന്നെ ഇത് ചെയ്തു തീര്‍ക്കണമെന്നുണ്ട്. അതിനാണ് പ്രാധാന്യം നല്‍കുന്നത്. ബാലന്‍സ് ചെയ്തുകൊണ്ടു പോകാന്‍ ബുദ്ധിമുട്ടാണ്. പക്ഷേ അതെല്ലാം തരണം ചെയ്യും. കാരണം ജയിക്കാനായി ജനിച്ചവളാണ്. എപ്പോഴും മനസ്സില്‍ മന്ത്രിക്കുന്നതും അതുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: