ചെന്നൈ: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ കൈക്കൂലി കേസില്‍ അറസ്റ്റിലായതിന്റെ മറവില്‍ ഇ ഡിയെ താറടിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നീക്കം. തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ സര്‍ക്കാര്‍ ജീവനക്കാരനില്‍ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വെള്ളിയാഴ്ച ഇ ഡി ഉദ്യോഗസ്ഥന്‍ അങ്കിത് തിവാരി അറസ്റ്റിലായത്. സംസ്ഥാന വിജിലന്‍സും അഴിമതി വിരുദ്ധ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഒക്ടോബര്‍ 29ന് ഡിവിഎസി കേസിനെക്കുറിച്ച് ദിണ്ടിഗലില്‍ നിന്നുള്ള ഒരു സര്‍ക്കാര്‍ ജീവനക്കാരനുമായി അങ്കിത് തിവാരി ബന്ധപ്പെട്ടിരുന്നു. വിഷയത്തില്‍ അന്വേഷണം നടത്താന്‍ പിഎംഒ ഇ ഡിയോട് ആവശ്യപ്പെട്ടതായാണ് ഇയാള്‍ സര്‍ക്കാര്‍ ജീവനക്കാരനോട് പറഞ്ഞത്. കൂടുതല്‍ അന്വേഷണത്തിനായി ഒക്ടോബര്‍ 30ന് മധുരയിലെ ഇ ഡി ഓഫീസില്‍ ഹാജരാകാനും അങ്കിത് തിവാരി ജീവനക്കാരനോട് ആവശ്യപ്പെട്ടു. ഓഫീസില്‍ എത്തിയ ദിവസം, അന്വേഷണം അവസാനിപ്പിക്കുന്നതിനായി അങ്കിത് തിവാരി മൂന്ന് കോടി രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് സര്‍ക്കാര്‍ ജീവനക്കാരന്‍ പറയുന്നത്. നവംബര്‍ ഒന്നിന് സര്‍ക്കാര്‍ ജീവനക്കാരന്‍ ആദ്യ ഗഡുവായി 20 ലക്ഷം രൂപ ഇ ഡി ഉദ്യോഗസ്ഥന് നല്കി. വെള്ളിയാഴ്ച സര്‍ക്കാര്‍ ജീവനക്കാരനില്‍ നിന്ന് രണ്ടാം ഗഡുവായ 20 ലക്ഷം രൂപ സ്വീകരിക്കുന്നതിനിടെ അങ്കിത് തിവാരിയെ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു.
അങ്കിത് തിവാരിയുടെ അറസ്റ്റിനെ രാഷ്‌ട്രീയ നേട്ടത്തിനായും തങ്ങളുടെ അഴിമതി മറച്ചുവയ്‌ക്കാനുള്ള നീക്കമായുമാണ് തമിഴ്നാട് സര്‍ക്കാര്‍ കാണുന്നത്. ഇതിന്റെ ഭാഗമായി ഇ ഡിയുടെ മധുരയിലെ ഓഫീസില്‍ ഡിവിഎസി വിഭാഗം പരിശോധന നടത്തി. അഴിമതിയില്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്കും ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനും ഇതിലൂടെ ഡിഎംകെ മന്ത്രിമാര്‍ക്കെതിരെയുള്ള അഴിമതി അന്വേഷണത്തെ അട്ടിമറിക്കാനുമാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഒരൊറ്റ സംഭവത്തിന്റെ പേരില്‍ മുഴുവന്‍ ഇഡി ഉദ്യോഗസ്ഥരെയും മോശമായി മുദ്രകുത്തരുതെന്ന് ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ ആവശ്യപ്പെട്ടു. സിബിഐ പോലുള്ള ഏജന്‍സികളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പശ്ചിമ ബംഗാള്‍, ദല്‍ഹി, രാജസ്ഥാന്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ മുമ്പും അറസ്റ്റിലായിട്ടുണ്ട്. അതുപോലെ, ഒരൊറ്റ വ്യക്തിയുടെ പ്രവൃത്തികള്‍ കാരണം മുഴുവന്‍ തമിഴ്നാട് പോലീസിനെയും മോശം എന്ന് മുദ്രകുത്താന്‍ കഴിയില്ലെന്നും അണ്ണാമലൈ പറഞ്ഞു. കുറ്റം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണം. പ്രത്യേകിച്ചും ഇത് ഇ ഡിക്കുള്ളില്‍ സംഭവിച്ചതിനാല്‍ നടപടി കര്‍ശനമായിരിക്കണം. അതില്‍ അഭിപ്രായ വ്യത്യാസമില്ല. തമിഴ്നാട് പോലീസ് പ്രൊഫഷണലായി കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: