Categories: Kerala

യുഡിഎഫിന്റെ കുറ്റ വിചാരണ സദസ് ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം;

Published by

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫിന്റെ കുറ്റ വിചാരണ സദസില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. ഇടതുപക്ഷത്തിന് ധനാകാര്യ മാനേജ്‌മെന്റ് അറിയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. പിണറായി സര്‍ക്കാരിന്റെ പദ്ധതികള്‍ ചാപിള്ളയെന്നാണ് കെ മുരളീധരന്‍ പറഞ്ഞത്.

അതേസമയം, പ്രതിപക്ഷം പറയുന്ന കാര്യങ്ങളെല്ലാം ഹൈക്കോടതി ഉത്തരവിടുന്ന സ്ഥിതിയാണ് ഉളളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഫറഞ്ഞു.യുഡിഎഫ് വിചാരണ സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം ബേപ്പൂരിലെ ഫറോക്കില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിച്ചു. നവ കേരള സദസിനെതിരെ ഹൈക്കോടതിയുടെ നാല് ഉത്തരവുകള്‍ വന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌കൂള്‍ ബസ് നവകേരള സദസിന് ഉപയോഗിക്കരുത്, കുട്ടികളെ പങ്കെടുപ്പിക്കരുത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പണപ്പിരിവ് എന്നിവ ഹൈക്കോടതി തടഞ്ഞു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ വേദി മാറ്റേണ്ടി വന്നു.

വൈദ്യുത വകുപ്പ് വന്‍ നഷ്ടത്തിലായി. രണ്ട് തവണ വൈദ്യുത നിരക്ക് കൂട്ടി. സപ്ലൈകോയില്‍ സാധനമില്ല. കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനുമില്ല, നെല്ല് സംഭരണത്തിന്റെ തുക നല്‍കിയില്ല. എല്ലാ മേഖലയിലും ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ്. ഒന്‍പത് സര്‍വകലാശാലകളിലും വൈസ് ചാന്‍സലര്‍മാരില്ലെന്ന് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.64 സര്‍ക്കാര്‍ കോളേജുകളില്‍ പ്രിന്‍സിപ്പാള്‍മാരില്ല. എസ്എഫ്‌ഐ നേതാക്കള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിക്കുന്നു. സുപ്രീം കോടതി വിധി വന്നിട്ടും ഉന്നത വിദ്യാഭ്യാസ മന്ത്രി രാജി വയ്‌ക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക