ഗുരുവായൂര്‍: ശബരിമല തീര്‍ത്ഥാടകരെന്ന വ്യാജേന തിമിംഗലഛര്‍ദ്ദി (അംബര്‍ഗ്രീസ്) വില്ക്കാന് ശ്രമിച്ച മൂന്നുപേരെ തൃശൂര്‍ സിറ്റി പൊലീസ് പിടികൂടി. കൊയിലാണ്ടി മരക്കാട്ടുപൊയില്‍ ബാജിന് (31), കൊയിലാണ്ടി വട്ടക്കണ്ടി രാഹുല്‍ (26), കോഴിക്കോട് അരിക്കുളം രാമപാട്കണ്ടി അരുണ്‍ദാസ് (30) എന്നിവരെയാണ് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസും, ഗുരുവായൂര്‍ ടെമ്പിള്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്.
1972 ലെ വന്യജീവി (സുരക്ഷ) നിയമ പ്രകാരം രാജ്യത്ത് തിമിംഗലച്ഛര്ദ്ദി കൈവശം വയ്ക്കുന്നതും, വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്. തിമിംഗലഛര്‍ദ്ദി വാങ്ങാനുള്ള ഏജന്റുമാര്‍ എന്ന വ്യാജേനയാണ് പ്രതികളെ പൊലീസ് കുടുക്കിയത്. പ്രതികള്‍ സഞ്ചരിച്ച കാറില്‍ നിന്നും അഞ്ച് കിലോഗ്രാം തിമിംഗലഛര്‍ദ്ദി കണ്ടെടുത്തു.
തിമിംഗലഛര്‍ദ്ദി വാങ്ങാനെത്തുന്നവരെ വിശ്വസിപ്പിക്കാന്‍ ശബരിമല തീര്‍ത്ഥാടകരുടെ വേഷത്തിലായിരുന്നു പ്രതികള്‍ എത്തിയത്. ഇവര്‍ സഞ്ചരിച്ച ആഢംബര കാറും പിടിച്ചെടുത്തു. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തുടരന്വേഷണത്തിനായി വനം വകുപ്പിന് കൈമാറും.
ഗുരുവായൂര്‍ എ സി പി കെ.ജി. സുരേഷ്, ടെമ്പിള്‍ എസ് എച്ച് ഒ സി. പ്രേമാനന്ദ കൃഷ്ണന്, എസ് ഐ വി.പി. അഷ്റഫ്, സീനിയര്‍ സിപിഓ എന്‍. രജിത്, ഷാഡോ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എന്‍.ജി. സുവ്രതകുമാര്‍, സി പി ഒമാരായ പി.എം. റാഫി, എം എസ് ലിഗേഷ്, എസ്. ശരത്, സിംസണ്‍, പ്രദീപ്. എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: